മുംബൈ: സ്വർണം പണയം വച്ച് വായ്പയെടുക്കുന്നത് സാധാരണയാണ്. ഇപ്പോഴിതാ സ്വർണ പണയം പോലെ വെള്ളി ഈടായി നൽകി കൊണ്ട് ലഭിക്കുന്ന വായ്പ അനുവദിക്കാൻ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചിരിക്കുന്നു. അടുത്ത വർഷം ഏപ്രിൽ ഒന്നു മുതലാകും വെള്ളി വായ്പ നടപ്പിൽ വരിക. ഇക്കാര്യത്തിൽ കൃത്യമായ ചട്ടക്കൂട് ഒരുക്കിയിരിക്കുകയാണ് ആർബിഐ.
ആർക്കൊക്കെ വായ്പ നൽകാം
വാണിജ്യ ബാങ്കുകൾ, സഹകരണ ബാങ്കുകൾ, ബാങ്കിതര ധനകാര്യ സ്ഥാപനങ്ങൾ, ഹൗസിംഗ് ഫിനാൻസ് കന്പനികൾ എന്നിവയ്ക്കാണ് വെള്ളി പണയംവാങ്ങി വായ്പ കൊടുക്കാൻ അനുമതിയുള്ളത്. പണയമായി വാങ്ങുന്പോൾ കൃത്യമായ പരിശോധന വേണമെന്ന് ആർബിഐ നിർദേശം നല്കിയിട്ടുണ്ട്.
വായ്പയ്ക്കായുള്ള വെള്ളി
ഒരു വായ്പക്കാരൻ എടുക്കുന്ന എല്ലാ ലോണുകൾക്കുമായി പണയം വയ്ക്കുന്ന ആഭരണങ്ങളുടെ ആകെ ഭാരത്തിനു പരിധി നിശ്ചയിച്ചിട്ടുണ്ട്. സ്വർണാഭരണങ്ങൾക്ക് ഒരു കിലോഗ്രാമിൽ കൂടരുതെന്നും വെള്ളിയാഭരണങ്ങൾക്ക് 10 കിലോഗ്രാമിൽ കൂടരുതെന്നും സർക്കുലറിൽ പറയുന്നു.സ്വർണ നാണയങ്ങളാണെങ്കിൽ 50 ഗ്രാമും വെള്ളി നാണയങ്ങൾക്ക് ഈടായി സ്വീകരിക്കാവുന്നത് പരമാവധി 500 ഗ്രാം ആണ്.
എത്ര രൂപ വരെ
രണ്ടര ലക്ഷം രൂപ വരെ വായ്പ നല്കുകയാണെങ്കിൽ പണയംവച്ച വെള്ളിയുടെ വിപണിവിലയുടെ 85 ശതമാനം വരെ നല്കാം. അഞ്ചു ലക്ഷം രൂപ വരെയാണെങ്കിൽ വിപണി വിലയുടെ 80 ശതമാനം വരെയാകും ഇത്.
അഞ്ചു ലക്ഷത്തിന് മുകളിലാണ് വായ്പയായി നല്കുന്നതെങ്കിൽ 75 ശതമാനം തുകയെ നല്കാൻ പാടുള്ളൂ. വെള്ളിയിൽ പതിപ്പിച്ചിരിക്കുന്ന വില കൂടിയ കല്ലുകൾ വായ്പയ്ക്കായി പരിഗണിക്കരുതെന്നും ഉത്തരവിൽ പറയുന്നു.
ഇവയ്ക്കു നൽകില്ല
വെള്ളി ബാറുകൾ, ശുദ്ധമായ രൂപത്തിലുള്ള വെള്ളി ഈട് വച്ച് ലോണ് നൽകാൻ അനുമതിയില്ല. വെള്ളിയിൽ നിക്ഷേപിച്ച ഇടിഎഫുകൾ, മ്യൂച്ചൽ ഫണ്ടുകൾ എന്നിവയ്ക്ക് വായ്പ ലഭിക്കില്ല. പണയംവച്ച വെള്ളി വീണ്ടും വച്ച് വായ്പ എടുക്കാൻ സാധിക്കില്ല.
ഉടമസ്ഥാവകാശത്തിൽ സംശയ പരമായി എന്തെങ്കിലും കണ്ടെത്തിയാൽ വായ്പ നല്കില്ല. ഇത് സ്വർണത്തിനും ബാധകമാണ്. വായ്പയുടെ തിരിച്ചടവ് 12 മാസം കൊണ്ട് പൂർത്തിയാക്കണം.

