ചെറുതോണി: ജില്ലാ ആസ്ഥാനമായ ചെറുതോണിയില്‍ സ്വകാര്യവ്യക്തിയുടെ കെട്ടിടം പൊളിക്കാനുള്ള റവന്യു ഉദ്യോഗസ്ഥരുടെ നീക്കത്തില്‍ പ്രതിഷേധിച്ച് വാഴത്തോപ്പ് പഞ്ചായത്തില്‍ 12മണിക്കൂര്‍ ഹര്‍ത്താല്‍ ആരംഭിച്ചു. പെട്ടെന്നു പ്രഖ്യാപിച്ച ഹര്‍ത്താല്‍ ജനങ്ങളെയും വ്യാപാരികളെയും വിദ്യാര്‍ത്ഥികളെയും വലച്ചു. സ്കൂള്‍ വാഹനങ്ങള്‍ പലതും കുട്ടികളെ കൊണ്ടുവരാന്‍ പുറപ്പെട്ടിരുന്നു. മുന്നറിയിപ്പില്ലാതുള്ള ഹര്‍ത്താല്‍ പ്രഖ്യാപനത്തില്‍ ഒരു വിഭാഗം വ്യാപാരികള്‍ക്കും പ്രതിഷേധമുണ്ട്.
ഇന്ന് രാവിലെ ആറോടെയാണ് ഇടുക്കിപോലീസിന്റെ അകമ്പടിയോടെ ഇടുക്കി തഹസീല്‍ദാറുടെ നേതൃത്വത്തില്‍ റവന്യു ഉദ്യോഗസ്ഥര്‍ കെട്ടിടം പൊളിക്കാനെത്തിയത്.ഇന്നലെ രാത്രി ഒമ്പത് മുതല്‍ ചെറുതോണി ടൗണില്‍ സിപിഎം പ്രവര്‍ത്തകരും വ്യാപാരികളും കെട്ടിടം പൊളിക്കുന്നത് തടയാനായി കാവലുണ്ടായിരുന്നു. മൂന്നൂറിലധികം പേരാണ് ടൗണില്‍ കാവലിനുണ്ടായിരുന്നത്. വെളുപ്പിനെത്തിയ റവന്യു സംഘത്തെ കാവലിലുണ്ടായിരുന്നവര്‍ തടഞ്ഞു. ഇതേത്തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ തിരികെ പോവുകയാണുണ്ടായത്. കെട്ടിടം പൊളിക്കാനുള്ള നീക്കത്തില്‍ പ്രതിഷേധിച്ചാണ് പഞ്ചായത്തില്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ചരിക്കുന്നത്.
ചെറുതോണി ബസ്സ്റ്റാന്റിനു സമീപം സ്വകാര്യ വ്യക്തി നിര്‍മ്മാണ നിരോധിതമേഖലയില്‍ നേരത്തെയുണ്ടായിരുന്ന ചെറിയ കെട്ടിടം പൊളിച്ചുമാറ്റി വലിയ കെട്ടിടം നിര്‍മ്മിച്ചതാണ് കളക്ടര്‍ പൊളിച്ചുനീക്കാന്‍ ഉത്തരവിട്ടത്.ഇതിനുമുമ്പും റവന്യു ഉദ്യോഗസ്ഥര്‍ കെട്ടിടം പൊളിക്കാനെത്തിയത് തടഞ്ഞിരുന്നു. പിന്നീട് കളക്ടര്‍ നേരിട്ടെത്തി കെട്ടിടം പൂട്ടി സീല്‍ ചെയ്തിരുന്നു. ഇന്നലെ കെട്ടിടം പൊളിക്കാന്‍ നീക്കമുണ്ടാകുമെന്നറിഞ്ഞ് നേതാക്കള്‍ അറിയിച്ചാണ് ജനം തടിച്ചുകൂടിയത്. ഹര്‍ത്താലാണെന്നറിഞ്ഞ വിദ്യാര്‍ത്ഥികളില്‍ ചിലര്‍ സ്കൂളിലെത്തിയില്ല. മറ്റുചിലര്‍ വഴിയില്‍ പെട്ടു പോവുകയും ചെയ്തു.
ഹോട്ടല്‍ ഉടമകളാണ് ഏറെ വെട്ടിലായത്. ഭക്ഷണ സാധനങ്ങള്‍ ഒരുക്കിയ ഹോട്ടലുടമകള്‍ പെട്ടെന്ന് ഹര്‍ത്താല്‍ പ്രഖ്യാപിച്ചതോടെ ദുരിതത്തിലാവുകയായിരുന്നു. വഴിയാത്രക്കാര്‍ക്കും കടകളെല്ലാം അടഞ്ഞു കിടക്കുന്നത് ബുദ്ധിമുട്ടുണ്ടാക്കി. ചെറുതോണിയില്‍ സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്. ഇതിനിടെ നേതാക്കള്‍ ഇടുക്കി ഗസ്റ്റു ഹൗസിലുണ്ടായിരുന്ന മന്ത്രി കടന്നപ്പിള്ളി രാമചന്ദ്രനെ കണ്ട് ചര്‍ച്ച നടത്തിയിരുന്നു.