നിരോധിത പുകയില ഉല്‍പന്നങ്ങളുമായി രണ്ടു പേര്‍ പിടിയില്‍; പിടിച്ചെടുത്തത് 9400 പായ്ക്കറ്റുകള്‍

tcr-hansചേര്‍പ്പ് : നിരോധിത പുകയില ഉല്‍പന്നങ്ങളായ ഹാന്‍സ്, പാന്‍മസാല എന്നിവ വില്‍പന നടത്തുന്ന മൊത്ത വ്യാപാരിയെയും സഹായിയെയും ചേര്‍പ്പ് എക്‌സസൈസ് ഇന്‍സ്‌പെക്ടര്‍ എസ്.ബി. ആദര്‍ശ് പിടികൂടി. വലപ്പാട് സ്വദേശി വലിയകത്ത് വീട്ടില്‍ ലത്തീഫ് (40) സഹായി തമിഴ്‌നാട് സ്വദേശി സെല്‍വമണി എന്നിവരെ യാണ് ചേര്‍പ്പ് ഹൈസ്കൂള്‍ പരിസരത്തു നിന്നും പിടികൂടിയത്.

തമിഴ്‌നാട്ടില്‍ നിന്നും പച്ചക്കറിയും പൂവും കൊണ്ടുവരുന്ന വാഹനങ്ങളില്‍ തൃശൂരില്‍ എത്തിച്ച് അവിടെ നിന്നും സ്വന്തം കാറില്‍ ജില്ലയുടെ വിവിധ പ്രദേശങ്ങളില്‍ എത്തിച്ചു വില്‍പന നടത്തുകയാണ് ഇയാളുടെ രീതിയെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു. ഇങ്ങനെ വില്‍പന നടത്തുന്നതിനിടയിലാണ് കാറും 9400 പായ്ക്കറ്റു നിരോധിത പുകയില്‍ ഉല്‍പന്നങ്ങളും എക്‌സൈസ് സംഘം പിടികൂടിയത്.

ആറു രൂപയ്ക്കു തമിഴ്‌നാട്ടില്‍ നിന്നും കൊണ്ടുവന്നു പന്ത്രണ്ടു രൂപ നിരക്കിലാണ് വിവിധ പ്രദേശങ്ങളില്‍ പലചരക്കു, സ്‌റ്റേഷനറി കടകളില്‍ വില്‍പന നടത്തിയിരുന്നത്. അന്യസംസ്ഥാന തൊഴിലാളി കേന്ദ്രങ്ങളിലും പട്ടികജാതി കോളനികളിലും വലിയ വ്യാപാര ശൃഖലയും നൂറില്‍ പരം ചെറുകിട വ്യാപാരികള്‍ ഉണെ്ടന്നു ചോദ്യം ചെയ്യലില്‍ ഇയാള്‍ വെളിപ്പെടുത്തി. ഉയര്‍ന്ന ലാഭം പ്രതീക്ഷിച്ചു കഴിഞ്ഞ രണ്ടര വര്‍ഷകാലമായി വില്പന നടത്തിവരികയായിരുന്നു. കാട്ടൂര്‍, വാടാനപ്പിള്ളി, ചേര്‍പ്പ് പോലീസ് സ്റ്റേഷനുകളില്‍ ലഹരി പദാര്‍ത്ഥങ്ങള്‍ വില്പന നടത്തിയതിനു കേസ് എടുത്തിട്ടുണ്ട്.

പ്രിന്റീവ് ഓഫീസര്‍ എം.ജി. അനൂപ് കുമാര്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ കെ.കെ. രാജു, കെ.കെ. വത്സന്‍, വി.എം. സ്മിബിന്‍, ഫൗബിന്‍ പൗലോസ്, വി. വി. കൃഷ്ണകുമാര്‍, എന്‍.ജി. സുരേഷ്, കെ.വി. സുരേന്ദ്രന്‍, എന്‍.എം. മോഹന ദാസന്‍, എന്നിവര്‍ അടങ്ങുന്ന സംഘമാണ് പിടികൂടിയത്. പ്രതികള്‍ക്കെതിരെ കേസെടുത്തു.

Related posts