കടയ്ക്കല്‍: നിര്‍ധനയായ വൃദ്ധയുടെ വീടിന് സൗജന്യമായി വെളിച്ചമേകി കെഎസ്ഇബി ജീവനക്കാര്‍ മാതൃകകാട്ടി. കുറ്റിക്കാട് ഫ്രാങ്കോ ജംഗ്ഷന്‍ കങ്കാണിയില്‍ മേലേപുത്തന്‍വീട്ടില്‍ പങ്കജാക്ഷിയുടെ വീടാണ് കടയ്ക്കല്‍ കെഎസ്ഇബിയിലെ ഒരുകൂട്ടം ജീവനക്കാര്‍ചേര്‍ന്ന് സൗജന്യമായി വൈദ്യുതീകരിച്ചത്.
80വയസുള്ള പങ്കജാക്ഷിയുടെ ഏറ്റവും വലിയ സ്വപ്‌നമാണ് കഴിഞ്ഞദിവസം യാഥാര്‍ഥ്യമായത്. മണ്ണെണ്ണവിളക്കിന്റെ വെട്ടത്തില്‍ ജീവിതം തള്ളിനീക്കിയ ഇവരുടെ ദുരിതമറിഞ്ഞ് കെഎസ്ഇബി ജീവനക്കാര്‍ സഹായഹസ്തവുമായി എത്തുകയായിരുന്നു.
കെഎസ്ഇബി ജീവനക്കാര്‍തന്നെ വയറിംഗ് നടത്തി ഒരു പോസ്റ്റും സ്ഥാപിച്ച് പങ്കജാക്ഷിയുടെ വീട്ടില്‍ വൈദ്യുതി എത്തിക്കുകയായിരുന്നു. 10,000-ത്തോളം രൂപ ചെലവായെങ്കിലും കടയ്ക്കല്‍ പോപ്പുലര്‍ ഇലക്ട്രിക്കത്സ് സൗജന്യമായി വയറിംഗ് സാധനങ്ങള്‍ നല്‍കിയത് കെഎസ്ഇബി ജീവനക്കാര്‍ക്കും സഹായമായി. അസി.എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ ബിആര്‍ ബസന്ത്കുമാര്‍, എഇ വിഎസ് അനീഷ് കുമാര്‍, ഓവര്‍സിയര്‍ പി ചന്ദ്രലാല്‍ എന്നിവരുടെ നേതൃത്വത്തില്‍ നടന്ന വൈദ്യുതി സ്വിച്ച് ഓണ്‍ കര്‍മത്തിന് നാട്ടുകാരില്‍ നിരവധിപേരും പങ്കാളികളായി.