നിലയ്ക്കാതെ മരണത്തിന്റെ ചൂളംവിളികള്‍…! നേരിട്ട്‌ കണ്ടിരിക്കുന്നത് 45 ഓളം മരണങ്ങള്‍; സ്വന്തംജീവന്‍ ട്രാക്കിലേക്കു നിര്‍ദയം എറിഞ്ഞുകൊടുത്തവര്‍…

Mohananബാബന്‍ ബി. കിഴക്കേത്തറ

കളമശേരി: എച്ച്എംടി കവലയിലെ റെയില്‍വേ ട്രാക്കില്‍ കൂകിപ്പാഞ്ഞു വരുന്ന ട്രെയിനിനു മുന്നില്‍ ജീവന്‍ ഹോമിക്കുന്നവരെ കണ്ടു മോഹനനു മതിയായി. കഴിഞ്ഞ മൂന്നര ദശാബ്ദകാലത്തിനിടയില്‍ 45 ഓളം മരണങ്ങളാണു മോഹനന്‍ നേരിട്ടു കണ്ടിരിക്കുന്നത്. അക്കൂട്ടത്തില്‍ ആകസ്മികമായി ട്രെയിനിനു മുന്നില്‍ ജീവന്‍ നഷ്ടപ്പെട്ടവര്‍ വളരെ കുറച്ചു പേര്‍ മാത്രം. മിക്കവരും സ്വന്തംജീവന്‍ ട്രാക്കിലേക്കു നിര്‍ദയം എറിഞ്ഞുകൊടുക്കുകയായിരുന്നു.

എച്ച്എംടി കവലയിലെ റെയില്‍വേ ട്രാക്കിനോടു ചേര്‍ന്നാണു മോഹനന്റെ മഹാദേവ എന്ന ഫര്‍ണിച്ചര്‍ സ്ഥാപനം. വരാപ്പുഴയില്‍നിന്നാണു മോഹനന്‍ കളമശേരിയില്‍ എത്തിയത്. സോഷ്യല്‍ സ്ഥാപനത്തില്‍ പത്തുവര്‍ഷത്തെ സേവനത്തിനുശേഷം എച്ച്എംടി കവലയിലെ റെയില്‍വേ ട്രാക്കിനു സമീപം സ്വന്തമായി ഫര്‍ണിച്ചര്‍ കട തുടങ്ങി. 36 വര്‍ഷം മുമ്പാണു സ്ഥാപനം തുടങ്ങിയത്. അന്നുമുതല്‍ ഇവിടെ മരപ്പണികളും ഇദ്ദേഹം തന്നെയാണു ചെയ്യുന്നത്.

എച്ച്എംടി പാലത്തിനു പുറമെ പള്ളിക്കു മുന്നിലൂടെ ടിവിഎസ് കവലയിലേക്കു പിന്നീടു പുതിയപാലം വന്നു. സമാന്തരമായി കൊച്ചി മെട്രോ തൂണുകളും ഉയര്‍ന്നു. എന്നാല്‍ പാലത്തിനു താഴെ മരണം തേടിയെത്തുന്നവരുടെ എണ്ണത്തിനു മാത്രം കുറവ് സംഭവിച്ചിട്ടില്ലെന്നു മോഹനന്‍ പറയുന്നു. കൂകിപ്പാഞ്ഞെത്തുന്ന ട്രെയിനിനു മുഖാമുഖമായി നെഞ്ചു വിരിച്ചു നില്‍ക്കുന്നവരെയും കണ്ണടച്ചു നില്‍ക്കുന്നവരെയും മോഹനന്‍ കണ്ടിട്ടുണ്ട്. ട്രെയിന്‍ വരുന്നെന്നു വിളിച്ചുകൂവിയിട്ടും അണുവിട മാറാതെ മരണത്തെ പുണര്‍ന്നവരെയും കണ്ടിട്ടുണ്ട്.

ആദ്യകാലങ്ങളില്‍ മരണം മുന്നില്‍ കാണുന്നതു കുറേനാള്‍ ഉറക്കത്തിലും വേട്ടയാടുമായിരുന്നു. ഇപ്പോള്‍ മനസ് അതിനോടു പാകപ്പെട്ടു. ആത്മഹത്യ ചെയ്യാന്‍ വന്നു കാലും കയ്യും നഷ്ടപ്പെട്ടു ജീവിതം മുന്നോട്ടു നീക്കുന്ന പലരെയും മോഹനന് അറിയാം. ചില മരണങ്ങള്‍ അറിയുന്നതു രാവിലെ സ്ഥാപനം തുറക്കാനെത്തുമ്പോഴാണ്. പോലീസും ആംബുലന്‍സുമാണു രാവിലെ മോഹനനെ സ്വാഗതം ചെയ്യുന്നത്.

ഇപ്പോള്‍ തദ്ദേശിയര്‍ മാത്രമല്ല ഇതരസംസ്ഥാന തൊഴിലാളികളും ഈ കുപ്രസിദ്ധ മേഖല തേടി വരുന്നുണ്ടെന്നു മോഹനന്‍ സാക്ഷ്യപ്പെടുത്തുന്നു. കൈയ്യിലെ ഉളി രാകി തേച്ചു നില്‍ക്കുമ്പോഴും അറിയാതെ മരപ്പലകകളുടെ വിടവിലൂടെ റെയില്‍ പാളത്തിലേക്കു ഒന്നു കണ്ണോടിച്ചു പോകും. ഇന്നാരെങ്കിലും മരണത്തെ വരിക്കാന്‍ എത്തിയിട്ടുണ്ടോയെന്നറിയാന്‍. സ്ഥിരം കാഴ്ചയാണെങ്കിലും ഇനിയും മരണങ്ങള്‍ക്കു സാക്ഷിയാകേണ്ടി വരരുതേയെന്ന പ്രാര്‍ഥനയോടെയാണു മോഹനന്‍ ഓരോദിനവും ജോലിക്കെത്തുന്നത്.

Related posts