കാലടി: മലയാറ്റൂര്‍-നീലീശ്വരം പഞ്ചായത്തിലെ നീലീശ്വരം കമ്പനിപ്പടി മേഖലയില്‍ ഡെങ്കിപ്പനി പടരുന്നു. കെഎസ്ഇബി പവര്‍ സ്റ്റേഷന് സമീപത്ത് താമസിക്കുന്നവരില്‍ ഭൂരിഭാഗം പേര്‍ക്കും ഡെങ്കിപ്പനി സ്ഥിരീകരിച്ചിട്ടുണ്ട്. ഡെങ്കിപ്പനി പടര്‍ന്നുപിടിക്കുന്നത് തടയുന്നതിന് ആരോഗ്യ വകുപ്പ് അധികൃതരും, പഞ്ചായത്ത് ജനപ്രതിനിധികളും ശക്തമായ നടപടി സ്വീകരിക്കണമെന്നും യൂത്ത് കോണ്‍ഗ്രസ് വാര്‍ഡ് കമ്മിറ്റി ആവശ്യപ്പെട്ടു. യൂത്ത് കോണ്‍ഗ്രസ് വാര്‍ഡ് പ്രസിഡന്റ് പറപ്പിള്ളി ജോസ് ജസ്റ്റിന്‍ (28) ഉള്‍പ്പെടെ പത്തോളം പേര്‍ കഴിഞ്ഞ രണ്ട് ആഴ്ചയായി വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്.
കെഎസ്ഇബി പവര്‍ സ്റ്റേഷന് സമീപമുള്ള ഗ്രൗണ്ടില്‍ മാലിന്യങ്ങള്‍ തളളുന്നതാണ് ഡെങ്കിപ്പനി പടര്‍ന്നുപിടിക്കാന്‍ കാരണമെന്ന് പരിസരവാസികള്‍ ചൂണ്ടികാട്ടുന്നു. ഇത് സംബന്ധിച്ച് പ്രദേശവാസികള്‍ പലതവണ പഞ്ചായത്ത്, ആരോഗ്യവകുപ്പ് അധികൃതര്‍ക്ക് പരാതികള്‍ നല്‍കിയിട്ടുണ്ടെങ്കിലും അധികൃതര്‍ ഇക്കാര്യത്തില്‍ അലംഭാവം കാണിക്കുകയാണെന്ന് നാട്ടുകാര്‍ പറയുന്നു. രാത്രിയില്‍ പുഴയോട് ചേര്‍ന്ന കമ്പനികുടിയില്‍ ഇരുട്ടിന്റെ മറവിലാണ് മാലിന്യങ്ങള്‍ തള്ളുന്നത്. അടിയന്തരമായി ആരോഗ്യവകുപ്പ് അധികൃതരുടെ സംഘം സ്ഥലം സന്ദര്‍ശിച്ച് ആവശ്യമായ മുന്‍കരുതല്‍ സ്വീകരിക്കണന്ന് യൂത്ത് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.