നൂറുവര്‍ഷം പഴക്കമുള്ള ആല്‍മരം നശിപ്പിക്കാനുള്ള നീക്കത്തില്‍ പ്രതിഷേധം

ALP-ALMARAMപുല്ലാട്: തിരുവല്ല-കുമ്പഴ സംസ്ഥാന പാതയിലെ പുല്ലാട് ജംഗ്ഷന് തണലേകുന്ന ആല്‍മരം വെട്ടി നീക്കാനുള്ള നീക്കത്തില്‍ പ്രതിഷേധം. നൂറു വര്‍ഷത്തിലധികം പഴക്കമുള്ള ആല്‍മരം പുല്ലാട് ജംഗ്ഷന്റെ പൗരാണികത്വം വിളിച്ചോതുന്നതും ആകര്‍ഷണീയമായ മരമാണിത്. കനത്ത ചൂടില്‍ ജംഗ്ഷനിലെ വ്യാപാരികളും യാത്രക്കാരും ഉച്ചയ്ക്ക് ആല്‍മരത്തിന്റെ ചുവട്ടില്‍നിന്ന് ആശ്വാസംകൊള്ളുന്നത് സ്ഥിരം കാഴ്ചയാ ണ്. റോഡിന്റെയും ജംഗ്ഷന്റെയും സൗന്ദര്യവത്കരണത്തിന്റെ ഭാഗമായിട്ടാണ് ആല്‍മരം വെട്ടി നീക്കാന്‍ കഴിഞ്ഞ ദിവസം കൂടിയ പഞ്ചായത്ത് കമ്മിറ്റി തീരുമാനമെടുത്തതെന്ന് പറയുന്നു. ജംഗ്ഷനില്‍ ബസ് ബേ നിര്‍മിക്കുന്നതിനും ഗതാഗത കുരുക്കൊഴിവാക്കുന്നതിനും ശാസ്ത്രീയമാര്‍ഗങ്ങളാണ് അവലംബിക്കേണ്ടത്.

നിലവിലുളള ബസ് കാത്തിരിപ്പ് കേന്ദ്രത്തിന്റെ സമീപത്ത് തന്നെ ബസ് ബേ നിര്‍മിക്കാനുള്ള സൗകര്യമുള്ളപ്പോഴാണ് ആല്‍മരം വെട്ടിനീക്കാന്‍ അധികൃതര്‍ തീരുമാനിച്ചതെന്നും ഇതിന്റെ പിന്നില്‍ വന്‍ ഗൂഢാലോചനയും ചിലരുടെ ഹിഡന്‍ അജണ്ടയുമാണെന്ന് പുല്ലാട് സൗഹൃദവേദി പ്രസിഡന്റ് മണി മങ്ങാട്ടും സെക്രട്ടറി ദേവദത്തനും ആരോപിച്ചു. ആല്‍മരം വെട്ടിമാറ്റാന്‍ അനുമതി നല്‍കരുതെന്നാവശ്യപ്പെട്ട് വനം വകുപ്പിന് പരാതി നല്‍കുകയും, ഈ വിഷയം മനുഷ്യാവകാശ കമ്മീഷന്റെ ശ്രദ്ധയിലും നീതിന്യായ പീഢത്തിന്റെ മുമ്പിലും കൊണ്ടുവരുമെന്നും സൗഹൃദവേദി ഭാരവാഹികള്‍ പറഞ്ഞു.

പുല്ലാട് ജംഗ്ഷന്റെ സൗന്ദര്യമായ ആല്‍മരം വെട്ടിമാറ്റാതെ സംരക്ഷിച്ചുകൊണ്ടുള്ള വികസനമാണ് ഉണ്ടാവേണ്ടതെന്ന് ബ്ലോക്ക് പഞ്ചായത്ത് അംഗം വി.ആര്‍ അജയകുമാര്‍ അഭിപ്രായപ്പെട്ടു. ടി.കെ. റോഡ് നവീകരിച്ചതോടുകൂടി അപകടങ്ങളും ഗതാഗതകുരുക്കും വര്‍ധിക്കുകയാണ്. ഇത് പരിഹരിക്കുന്നതിന് ആധുനിക സാങ്കേതിക വിദ്യയാണ് ഉപയോഗിക്കേണ്ടതെന്നാണ് നാട്ടുകാരുടെ അഭിപ്രായം. അന്തരീക്ഷ മലിനീകരണത്തില്‍ നിന്നും പുല്ലാട് ജംഗ്ഷനെ സംരക്ഷിച്ചു നിര്‍ത്തുന്ന ആല്‍മരം വെട്ടിനീക്കാനുള്ള നീക്കം തുഗ്ലക് പരിഷ്കാരമാണെന്നും പ്രകൃതി സ്‌നേഹികളെ യോജിപ്പിച്ചുകൊണ്ട് ഇതിനെതിരെ ശക്തമായ സമരം സംഘടിപ്പിക്കുമെന്ന് കേരള കോണ്‍ഗ്രസ് സെക്കുലര്‍ സംസ്ഥാന വൈസ് പ്രസിഡന്റും, പുല്ലാട് സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റുമായ ജോര്‍ജ് കുന്നപ്പുഴ പറഞ്ഞു. പ്രകൃതിയെ നശിപ്പിച്ചുകൊണ്ടുള്ള സൗന്ദര്യവല്‍ക്കരണത്തിന് കനത്ത വില നല്‍കേണ്ടിവരുമെന്നും, ആല്‍മരം വെട്ടിമാറ്റാനുള്ള നീക്കം ഗ്രാമപഞ്ചായത്ത് കമ്മിറ്റി പുനഃപരിശോധിക്കണമെന്ന് മുന്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബാലന്‍ മറുകര യും ആവശ്യപ്പെട്ടു.

Related posts