നെടുമ്പള്ളം-ചോഴിയക്കാട് പാതയില്‍ തെരുവുനായ്ക്കളുടെ വിളയാട്ടം

pkd-dogവണ്ടിത്താവളം: നെടുമ്പള്ളം-ചോഴിയക്കാട് പാതയില്‍ തെരുവുനായ്ക്കളുടെ വിളയാട്ടം യാത്രക്കാര്‍ക്ക് ഭീഷണിയായി. റോഡില്‍ പാഞ്ഞു നടക്കുന്ന നായ്ക്കള്‍ രാവിലെയും വൈകുന്നേരവും വിദ്യാര്‍ഥികള്‍ക്കു കാല്‍നടയാത്ര ഭീതിജനകമായിരിക്കു കയാണ്. വീതികുറഞ്ഞ റോഡില്‍ തെരുവുനായ്ക്കള്‍ക്കിടയിലൂടെ ഇരുചക്രവാഹന സഞ്ചാരം സുരക്ഷിതമല്ലാതായിരിക്കുകയാണ്. കൂട്ടമായി തിരിയുന്ന തെരുവുനായ്ക്കള്‍ വളര്‍ത്തുനായ്ക്കളെയും ആക്രമിക്കുന്നത് പതിവാണ്.

ഇതുമൂലം നാല്‍ക്കാലികളെ റോഡുവക്കത്ത് തീറ്റയ്ക്കുവിടാന്‍ നാട്ടുകാര്‍ ആശങ്കപ്പെടുകയാണ്.ഒരുവര്‍ഷംമുമ്പു വണ്ടിത്താവളം ടൗണില്‍ തെരുവുനായ്ക്കളെ പിടിച്ചിരുന്നു. എന്നാല്‍ ഗ്രാമീണ ഉള്‍പ്രദേശങ്ങളിലേക്ക് നായപിടിത്തക്കാര്‍ എത്താതിരുന്നതിനാല്‍ നായ്ക്കള്‍ ക്രമാതീതമായി വര്‍ധിച്ചു. അഞ്ചും ആറും നായ്ക്കള്‍ കൂട്ടമായാണ് റോഡില്‍ അലയുന്നത്. തെരുവുനായ് ശല്യം ഗ്രാമസഭകളില്‍ പരാതിപ്പെട്ടാലും നടപടിയുണ്ടാകാത്തത് നാട്ടുകാരെ അങ്കലാപ്പിലാക്കിയിരിക്കുകയാണ്. നായപിടിത്തം നടത്തണമെന്നാവശ്യപ്പെട്ട് ജില്ലാ ഭരണകൂട മേധാവിക്ക് നിവേദനം നല്കാനും ശ്രമം തുടങ്ങി.

Related posts