നെയ്യ് കയറ്റുമതിയില്‍ കണ്ണൂര്‍ മില്‍മയ്ക്കു നേട്ടം

knr-gheeകണ്ണൂര്‍: 2015-16 സാമ്പത്തികവര്‍ഷത്തില്‍ മില്‍മ കണ്ണൂര്‍ ഡയറിയില്‍ നിന്നു വിദേശരാജ്യങ്ങളിലേക്കു കയറ്റിയയച്ചതു 90,705 ലിറ്റര്‍ നെയ്യ്. കയറ്റിയയച്ചതുവഴി കണ്ണൂര്‍ ഡയറിക്കു 382.2 ലക്ഷം രൂപയുടെ വിപണി നേട്ടവുമുണ്ടായി. 2013 ലാണ് അന്താരാഷ്ട്ര വിപണിയിലേക്കു നെയ്യ് കയറ്റുമതി ചെയ്യുന്നതിനുള്ള കേന്ദ്രസര്‍ക്കാര്‍ അംഗീകാരം മില്‍മ നേടിയത്.

തുടക്കത്തില്‍ മൂന്നു രാജ്യങ്ങളിലേക്കു 17 ടണ്‍ നെയ്യാണു വിപണനം നടത്തിയിരുന്നത്.  കേവലം മൂന്നുവര്‍ഷത്തിനകം ലോകോത്തര ബ്രാന്‍ഡുകളോടു കിടപിടിച്ചു മില്‍മയുടെ കയറ്റുമതി 17,000 ലിറ്ററില്‍ നിന്നും 90,705 ലിറ്ററിലേക്കു ഉയര്‍ത്താനായി.  അതോടൊപ്പം മുംബൈ, ഡല്‍ഹി എന്നീ വിപണികളിലുള്ള മില്‍മ ഉത്പന്നങ്ങളുടെ വില്പനയും വന്‍തോതില്‍ ഉയര്‍ത്താനും സാധിച്ചതായും ഡയറി മാനേജര്‍ കെ.സി.ജെയിംസ് അറിയിച്ചു.

അതിജീവനത്തിന്റെ പാത സഹകരണ ഇതിഹാസത്തിലൂടെ സാധ്യമാക്കിയ ഡോ. വര്‍ഗീസ് കുര്യന്റെ ‘അമൂല്‍’ മാതൃകയില്‍ ആരംഭിച്ച പ്രസ്ഥാനമാണു മില്‍മ. വിപണി വിലയുടെ 82 ശതമാനം നേരിട്ടു പാല്‍ ഉത്പാദകരമായ കര്‍ഷകരിലെത്തിക്കുന്നുവെന്ന പ്രത്യേകതയും മില്‍മയ്ക്കുണ്ട്.

1979 ല്‍ കേവലം 3500 ലിറ്റര്‍ പാല്‍ വിപണനവുമായി പ്രവര്‍ത്തനം ആരംഭിച്ച കണ്ണൂര്‍ ഡയറി പിന്നീട് വൈവിധ്യവത്കരണത്തിന്റെ പാതയിലൂടെ നിരവധി മൂല്യവര്‍ധിത ഉത്പന്നങ്ങള്‍ വിപണിയിലിറക്കിയിട്ടുണ്ട്.  2013 ഓഗസ്റ്റില്‍ അന്താരാഷ്ട്ര ഫുഡ് സേഫ്റ്റി മാനേജ്‌മെന്റ് സിസ്റ്റം സര്‍ട്ടിഫിക്കേഷന്‍ ലഭിക്കുകയും ഗുണനിലവാര പ്രക്രിയകള്‍ നടപ്പിലാക്കി ഇതര ഇന്ത്യന്‍ സംസ്ഥാനങ്ങളിലും മില്‍മ ഉത്പന്നങ്ങളുടെ സാന്നിധ്യം അറിയിക്കാനായി.

Related posts