നെല്ലും പതിരും തിരിച്ചറിയാനുള്ള ശേഷി ജനങ്ങള്‍ക്കുണ്ടായി: പിണറായി വിജയന്‍

pinarayiതലശേരി: നെല്ലും പതിരും തിരിച്ചറിയാനുള്ള അസാമാന്യ ബോധം ജനങ്ങള്‍ക്കുള്ളതിനാലാണു താനും ഇടതുപക്ഷവും വലിയ തോതിലുള്ള വിജയം കരസ്ഥമാക്കിയതെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. ജന്മനാടായ പിണറായി ആര്‍.സി. അമല സ്കൂള്‍ അങ്കണത്തില്‍ നല്‍കിയ പൗരസ്വീകരണത്തില്‍ പ്രസംഗിക്കുകയായിരുന്നു മുഖ്യമന്ത്രി. ജനങ്ങളുടെ തിരിച്ചറിവിന്റെ തെളിവാണ് എന്റെ വിജയം.

മോശപ്പെട്ടതെന്തല്ലാമുണ്ടോ അതെല്ലാം ചാര്‍ത്തിക്കിട്ടിയ ആളാണു താന്‍. പക്ഷേ ജനങ്ങള്‍ തെറ്റും ശരിയും തിരിച്ചറിഞ്ഞു. നാടും നാട്ടുകാരും വലിയതോതിലുള്ള സ്‌നഹമാണു ചൊരിഞ്ഞത്. എല്ലാ വിഭാഗം ആളുകളുടേയും സ്‌നേഹവാത്സല്യം തനിക്കു ലഭിച്ചിട്ടുണ്ട്. ഇതിനേക്കാള്‍ വലിയ വിജയമാണ് ഇടതുപക്ഷം പ്രതീക്ഷിച്ചത്. എന്നാല്‍ ബിജെപിക്കു സീറ്റ് നേടിക്കൊടുക്കാനുള്ള ആര്‍എസ്എസ്-യുഡിഎഫ് ധാരണയാണ് ആ പ്രതീക്ഷയ്ക്കു മങ്ങലേല്‍പ്പിച്ചത്.

നേമത്ത് ഒ. രാജഗോപാല്‍ ജയിച്ചത് യുഡിഎഫ് വോട്ട് കൊണ്ടാണ്. അവിടെ ബൂത്തിലിരിക്കാന്‍ പോലും യുഡിഎഫിന് ആളുണ്ടായിരുന്നില്ല. ആര്‍എസ്എസിന്റെ പണവും യുഡിഎഫിന്റെ പിന്തുണയും കൊണ്ട് ഒരു ഡസന്‍ സീറ്റെങ്കിലും നേടാമെന്നാണു ബിജെപി കരുതിയത്. ഇതു നടക്കാതായപ്പോള്‍ പ്രകോപിതരായ ആര്‍എസുകാര്‍ അക്രമം നടത്തുകയാണ്.

ക്രമസമാധാനം നിലനിര്‍ത്തുമെന്ന വിശ്വാസത്തിലാണു ജനങ്ങള്‍ ഇടതുപക്ഷത്തെ അധികാരത്തിലേറ്റിയത്. ഇതിനായി ഫലപ്രദമായ നടപടി സര്‍ക്കാറിന്റെ ഭാഗത്തു നിന്നുണ്ടാകും. സ്ത്രീ സുരക്ഷ ഉറപ്പുവരുത്തും. ജനദ്രോഹ നടപടികള്‍ അവസാനിപ്പിക്കും. വികസനം വന്നിട്ടില്ലാത്ത മലബാര്‍ മേഖലയുടെ വികസനത്തിനായി പ്രത്യേകശ്രദ്ധ പതിപ്പിക്കുമെന്നും പിണറായി പറഞ്ഞു. ചടങ്ങില്‍ കെ.കെ നാരായണന്‍ അധ്യക്ഷത വഹിച്ചു.

Related posts