മങ്കൊമ്പ്: കുട്ടനാട്ടില്‍ നെല്ലുസംഭരണവുമായി ബന്ധപ്പെട്ട് കയറ്റിയിറക്ക് ചെലവുകള്‍ കര്‍ഷകര്‍ക്കു ബാധ്യതയാകുന്നു. ചെലവുകള്‍ വര്‍ഷം തോറും വര്‍ധിച്ചു കൊണ്ടിരിക്കുമ്പോഴും കഴിഞ്ഞ 15ഓളം വര്‍ഷങ്ങളായി ഹാന്‍ഡ്ലിംഗ് ചാര്‍ജിനത്തില്‍ സര്‍ക്കാര്‍ നല്‍കിവരുന്ന തുച്ഛമായ തുകയില്‍ മാറ്റമില്ലാതെ തുടരുന്നു.കയറ്റിയിറക്ക് കൂലിയിനത്തില്‍ കുട്ടനാട്ടിലെ കര്‍ഷകര്‍ക്ക് ഒരു ക്വിന്റല്‍ നെല്ലിനു 150 രൂപവരെ ചെലവാകുന്നുണ്ട്. കുട്ടനാട് കാര്‍ഷിക മേഖലാ സമിതി (ഐആര്‍സി) നിശ്ചയിച്ചിരിക്കുന്ന പ്രകാരം കളങ്ങളില്‍നിന്നും ചാക്കില്‍ നിറച്ച് തൂക്കി നെല്ല് ലോറിയില്‍ കയറ്റുന്നതിനു 90 രൂപയാണ് ക്വിന്റലിനു കൂലി.
ഇത് 50 മീറ്റര്‍വരെ ദൂരപരിധിയില്‍ മാത്രമാണ്. അധികമായിവരുന്ന ഒരോ 25 മീറ്ററിനും അഞ്ചുരൂപ വീതം അധികമായി നല്‍കണം. എന്നാല്‍ പലയിടങ്ങളിലും തൊഴിലാളികള്‍ ഇതിലും അധിക കൂലി കര്‍ഷകരില്‍നിന്നും ഈടാക്കുന്നതായി പരാതിയുണ്ട്. കൃഷിയിടങ്ങളില്‍ നേരിട്ട് ലോറികള്‍ എത്താത്തയിടങ്ങളില്‍ വള്ളങ്ങളില്‍ കയറ്റിയിറക്കേണ്ടി വരുന്ന സാഹചര്യത്തില്‍ കൂലി ഇതിലും അധികമാകും. കൃഷിയിടങ്ങളില്‍നിന്നും ഒരു ക്വിന്റല്‍ നെല്ല് വള്ളത്തില്‍ കയറ്റുന്നതിനു 30 രൂപയാണു ചെലവ്.
നെല്ല് തൂക്കുന്നതിനായി ചാക്കുകളില്‍ നിറയ്ക്കുന്നതിനായി ക്വിന്റലൊന്നിന് 30 രൂപ ചെലവാകുന്നുണ്ട്. തൊഴിലുറപ്പ് ജോലികളില്‍ ഏര്‍പ്പെടുന്ന സ്ത്രീകളാണ് ഇപ്പോള്‍ പ്രധാനമായും ഈ ജോലികള്‍ ചെയ്യുന്നത്. തൊഴിലുറപ്പ് പദ്ധതിയില്‍പ്പെടുത്തി ഇതിന്റെ ചെലവുകള്‍ വഹിക്കാന്‍ നടപടിയുണ്ടായാല്‍ തങ്ങള്‍ക്ക് അത്രയും ചെലവുകള്‍ ലാഭിക്കാമെന്ന് കര്‍ഷകര്‍ പറയുന്നു. കുട്ടനാട്ടിലെ ആറുകളിലും, തോടുകളിലും പോള തിങ്ങിനിറഞ്ഞു കിടക്കുന്നതും കര്‍ഷകര്‍ക്കു അധികച്ചിലവുകളുണ്ടാക്കുന്നു. നെല്ല് കയറ്റിയ വള്ളങ്ങള്‍ക്ക് പോള പലപ്പോഴും ഗതാഗത തടസമുണ്ടാകുന്നു. വള്ളം തള്ളി നീക്കുന്നതിന് ലോഡൊന്നിന് 2000 രൂപ വരെ ചെലവാകുന്നതായി കര്‍ഷകര്‍ പറയുന്നു. സര്‍ക്കാര്‍ ഹാന്‍ഡ്ലിംഗ് ചാര്‍ജിനത്തില്‍ ഒരു ക്വിന്റല്‍ നെല്ലിന് 12 രൂപ മാത്രമാണ് സഹായം നല്‍കുന്നത്.
സര്‍ക്കാര്‍ നല്കുന്ന ആനുകൂല്യത്തില്‍ കാര്യമായ വര്ധനയുണ്ടാകണമെന്നതാണ് കര്‍ഷകരുടെ ആവശ്യം. ഇക്കാര്യം പലതവണ മാറിമാറി വന്ന സര്‍ക്കാരുകളുടെ ശ്രദ്ധയില്‍ പെടുത്തിയിട്ടുണ്ട്. മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്കപരിപാടിയില്‍ വിഷയം അവതരിപ്പിച്ചപ്പോള്‍ തത്ക്കാലം 25 രൂപയും, പിന്നീട് 50 രൂപയുമാക്കി വര്‍ധിപ്പിക്കാമെന്ന ഉറപ്പും ലഭിച്ചിരുന്നതായി കര്‍ഷകര്‍ പറയുന്നു.