നേരിട്ട് നിയമനം നടത്തുന്നില്ല; മെഡിക്കല്‍ കോളജിലെ ഡോക്ടര്‍മാര്‍ പ്രതിഷേധ സമരത്തിനൊരുങ്ങുന്നു

EKM-Strikeകളമശേരി: എറണാകുളം സര്‍ക്കാര്‍ മെഡിക്കല്‍ കോളജിലെ ഒഴിവുകളിലേക്ക് നേരിട്ട് നിയമനം നടത്താത്തതില്‍ ഡോക്ടര്‍മാര്‍ പ്രതിഷേധ സമരത്തിനൊരുങ്ങുന്നു. മറ്റ് മെഡിക്കല്‍ കോളജുകളില്‍ നിന്ന് സ്ഥലം മാറ്റം വഴി ഡോക്ടര്‍മാരെ നിയമിക്കുന്നതിനെതിരെയാണ് എറണാകുളം സര്‍ക്കാര്‍ മെഡിക്കല്‍ കോളജിലെ നൂറ്റിനാല്‍പതോളം ഡോക്ടര്‍മാര്‍ പ്രതിഷേധവുമായി രംഗത്ത് വന്നിരിക്കുന്നത്.

ഒഴിവുകളില്‍ പുറത്ത് നിന്ന് ഡോക്ടര്‍മാരെ കൊണ്ടുവന്ന് നികത്തുമ്പോള്‍ തങ്ങളുടെ പ്രൊമോഷന്‍ സാധ്യത തയാണ് ഇല്ലാതാകുന്നതെന്ന് സംഘടന നേതാവ് ഡോ. ഉണ്ണികൃഷ്ണന്‍ പറഞ്ഞു. “സ്റ്റാന്‍ഡ് എലോണ്‍’ പദവിയുള്ളതിനാല്‍ എറണാകുളം സര്‍ക്കാര്‍ മെഡിക്കല്‍ കോളജിലെ ഡോക്ടര്‍മാര്‍ക്ക് മറ്റ് മെഡിക്കല്‍ കോളജുകളില്‍ സീനിയോറിറ്റി ലഭിക്കുകയുമില്ല.

ഈ ഡോക്ടര്‍മാര്‍ക്ക് ഉയര്‍ന്ന സ്ഥാനക്കയറ്റം എറണാകുളം മെഡിക്കല്‍ കോളേജില്‍ അല്ലാതെ കിട്ടുകയുമില്ലെന്ന് ഡോക്ടര്‍മാര്‍ ചൂണ്ടിക്കാട്ടി. സഹകരണ വകുപ്പില്‍ നിന്ന് പൂര്‍ണമായി  സര്‍ക്കാര്‍ മെഡിക്കല്‍ കോളജിനെ ഏറ്റെടുക്കാത്തത് കൊണ്ടാണ് “സ്റ്റാന്‍ഡ് എലോണ്‍’ പദവി തുടരുന്നത്.

കഴിഞ്ഞ ദിവസം ബയോ കെമിസ്റ്റ്രി വിഭാഗത്തില്‍ ഒരു വനിതാ ഡോക്ടര്‍ ജോലിയില്‍ പ്രവേശിച്ചത് ഇനിയും ഡോക്ടര്‍മാര്‍ വരുമെന്നതിന്‍െറ സൂചനയാണന്ന് പറയപ്പെടുന്നു. സ്ഥലം മാറ്റത്തിന് പകരം ഡെപ്യൂട്ടേഷന്‍ നല്‍കി നിയമിക്കാവൂയെന്നാണ് എറണാകുളം സര്‍ക്കാര്‍ മെഡിക്കല്‍ കോളജിലെ ഡോക്ടര്‍മാര്‍ ആവശ്യപ്പെടുന്നത്. ഡെപ്യൂട്ടേഷനിലാണെങ്കില്‍ മറ്റ് ഡോക്ടര്‍മാരുടെ പ്രൊമോഷന്‍ സാധ്യതയെ ബാധിക്കില്ല.

ഈ ആവശ്യങ്ങള്‍ ഉന്നയിച്ച് ഡോക്ടര്‍മാരുടെ സംഘടന ഇന്ന് രാവിലെ എറണാകുളം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പലിന് നിവേദനം നല്‍കും. മെഡിക്കല്‍ കോളജിലെ ഡോക്ടര്‍മാരുടെ ആശങ്ക അറിയിക്കുകയും ചെയ്യും.
അതേ സമയം പോസ്റ്റ് ഗ്രാജ്യേഷന്‍െറ മൂന്നാം ബാച്ച് എറണാകുളം സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ ആരംഭിക്കുകയാണ്. ഇതിനു മുമ്പ് മെഡിക്കല്‍ കൗണ്‍സിലിന്‍െറ അംഗീകാരം നിലനിര്‍ത്താനായാണ് തിരക്കിട്ട നിയമനങ്ങള്‍ നടക്കുന്നതെന്നാണ് സൂചന. ഇനി ആറ് ഡോക്ടര്‍മാര്‍ കൂടി എറണാകുളം സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ സ്ഥലം മാറ്റത്തിലൂടെ ജോലിയില്‍ പ്രവേശിക്കും. ഇപ്പോഴത്തെ മാനദണ്ഡങ്ങള്‍ അനുസരിച്ച് 202 ഡോക്ടര്‍മാരുടെ സേവനം എറണാകുളം സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ ലഭിക്കേണ്ടതാണ്. എന്നാല്‍ 140 ഡോക്ടര്‍മാരേ ഉള്ളൂ.

Related posts