നേര്‍ക്കുനേര്‍! മേയര്‍ സ്വന്തം ജോലി വൃത്തിയായി ചെയ്യണം: മന്ത്രി; പൊതുമരാമത്ത് വകുപ്പ് അടക്കമുള്ള എല്ലാ ഏജന്‍സികളും ജോലികള്‍ കൃത്യമായി ചെയ്യട്ടെയെന്ന് മേയര്‍

mayorകൊച്ചി: എറണാകുളം നഗരത്തിലെ റോഡുകളുടെ ശോചനീയാവസ്ഥയെച്ചൊല്ലി പൊതുമരാമത്ത് മന്ത്രി ജി. സുധാകരനും കൊച്ചി മേയര്‍ സൗമിനി ജെയിനും കൊമ്പുകോര്‍ക്കുന്നു. മേയര്‍ സ്വന്തംജോലി ആദ്യം വൃത്തിയായി ചെയ്യണമെന്നു മന്ത്രി പറഞ്ഞു. പിഡബ്ല്യുഡി റോഡുകള്‍ പൊട്ടിപ്പൊളിഞ്ഞിട്ടുണ്ടെങ്കില്‍ അത് ആദ്യം ബന്ധപ്പെട്ടവരുടെ ശ്രദ്ധയില്‍പ്പെടുത്തണം. കൊച്ചിയില്‍ ഏറ്റവും മോശം അവസ്ഥയിലുള്ളതു കോര്‍പറേഷന്‍ റോഡുകളാണെന്നും മന്ത്രി പറഞ്ഞു.

മഴയ്ക്കുശേഷം എല്ലാ റോഡുകളും ശരിയാക്കും. അടിയന്തിര പ്രാധാന്യമുള്ള റോഡുകള്‍ ഓഗസ്റ്റ് 15ന് മുമ്പ് ശരിയാകും. പണികള്‍ പൂര്‍ത്തിയാക്കിയാല്‍ പഞ്ചായത്തടിസ്ഥാനത്തില്‍ സോഷ്യല്‍ ഓഡിറ്റിംഗ് നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. റോഡുകളുടെ ശോചനീയാവസ്ഥയില്‍ കൊച്ചി മേയറും ജില്ലാ കളക്ടറും പരസ്പരം പഴിചാരുന്നതിനിടെയാണു മേയര്‍ക്കെതിരേയുള്ള മന്ത്രിയുടെ പരാമര്‍ശം. ഇന്നു രാവിലെ എറണാകുളത്തെത്തിയതായിരുന്നു മന്ത്രി.

മന്ത്രിക്കെതിരേയുള്ള മേയറുടെ പ്രതികരണവും ഉടനുണ്ടായി. നഗരത്തിലെ റോഡുകളുടെ ശോചനീയാവസ്ഥ പരിഹരിക്കാനായി പൊതുമരാമത്ത് വകുപ്പ് അടക്കമുള്ള എല്ലാ ഏജന്‍സികളും അവരുടെ ജോലികള്‍ കൃത്യമായി നിര്‍വഹിക്കണമെന്നു മേയര്‍ സൗമിനി ജെയിന്‍ പറഞ്ഞു. നഗരത്തിലെ മുഴുവന്‍ റോഡുകളും നഗരസഭയുടേതല്ല. പിഡബ്ല്യൂഡി, കോര്‍പറേഷന്‍, ജിസിഡിഎ, ദേശീയപാത അഥോറിറ്റി അങ്ങനെ വിവിധ ഏജന്‍സികളുടെ കീഴിലുള്ള റോഡുകളുണ്ട്.

നഗരസഭയുടെ കീഴിലുള്ള റോഡുകളുടെ അറ്റകുറ്റപ്പണികള്‍ ഓരോ മേഖലകള്‍ തിരിച്ച് മഴയ്ക്കുമുമ്പെ ആരംഭിച്ചതാണ്. ചിലയിടങ്ങളില്‍ ഇപ്പോഴും ജോലികള്‍ നടക്കുന്നുണ്ട്. മഴയെത്തിയതോടെ ടാറിംഗ് പോലുള്ള ജോലികള്‍ നടക്കുന്നില്ല. ടൈല്‍സ് ഇടുന്നത് പോലുള്ള ജോലികള്‍ ഇപ്പോഴും തുടരുന്നുണ്ട്. റോഡുകളുടെ അവസ്ഥ പരിഹരിക്കാന്‍ എല്ലാ ഏജന്‍സികളും ജോലികള്‍ വൃത്തിയായി പൂര്‍ത്തിയാക്കണമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

റോഡുകളുടെ ശോചനീയാവസ്ഥയ്ക്കു കാരണം കോര്‍പറേഷന്റെ അനാസ്ഥമൂലമാണെന്നു ജില്ലാ കളക്ടര്‍ എം.ജി. രാജമാണിക്യം കോടതിയില്‍ നല്‍കിയ സത്യവാംങ്മൂലത്തില്‍ നേരത്തെ ചൂണ്ടിക്കാട്ടിയിരുന്നു. നഗരത്തിലെ റോഡുകളുടെ ശോച്യാവസ്ഥ പരിഹരിക്കാന്‍ ആവശ്യപ്പെട്ടു ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജി പരിഗണിക്കവെയായിരുന്നു കളക്ടറുടെ സത്യവാങ്മൂലം. പൊതുമരാമത്ത് റോഡുകളാണു തകര്‍ന്നു കിടക്കുന്നതെന്നായിരുന്നു മേയര്‍ സൗമിനി ജെയിന്റെ ഇതിനുള്ള പ്രതികരണം. കോര്‍പറേഷന്‍ നിയന്ത്രണത്തിലുള്ള ഭൂരിഭാഗം റോഡുകളുടെയും അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയായതായും മേയര്‍ പറഞ്ഞിരുന്നു.

Related posts