നോട്ട് നിരോധനം തളര്‍ത്താതെ പറമ്പില്‍ ബസാറിലെ ഡ്രൈവര്‍മാര്‍

KKD-DRIVERകോഴിക്കോട്: നോട്ട്‌നിരോധനം ടാക്‌സി മേഖലയ്ക്ക് കനത്ത തിരച്ചടിയാണ് സമ്മാനിച്ചതെങ്കിലും പട്ടിണി കിടക്കാന്‍ പറമ്പില്‍ബസാറിലെ ടാക്‌സി ഡ്രൈവര്‍മാര്‍ തയാറല്ല. ദിനംപ്രതി തൊഴില്‍ പ്രതിസന്ധി രൂക്ഷമാകുകയാണെങ്കിലും വീട്ടില്‍ അടുപ്പ് പുകയിക്കാന്‍ പുതുവഴി തേടുകയാണ് ഒരു കൂട്ടം ഡ്രൈവര്‍മാര്‍. ചെയ്യുന്ന ജോലിയില്‍നിന്നും കിട്ടുന്ന വരുമാനം ഇല്ലാതായതോടെ പറമ്പില്‍ബസാറിലെ മോട്ടോര്‍ ഡ്രൈവേഴ്‌സ് കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ തോട്ടിലെ മീന്‍ പിടിച്ചാണ് ഭക്ഷണത്തിനുള്ള വഴികള്‍ തേടുന്നത്.

പണി കുറഞ്ഞതോടെ കറി വയ്ക്കാന്‍ മത്സ്യമുള്‍പ്പെടെ വാങ്ങാന്‍ കഴിയാത്ത അവസ്ഥ വന്നപ്പോഴാണ് ഡ്രൈവേഴ്‌സ് കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി പറമ്പില്‍ബസാര്‍ ബസ് സ്റ്റാന്‍ഡിന് പുറകിലെ തോട്ടില്‍നിന്നും മീന്‍ പിടിച്ച് കറിയ്ക്കുള്ള വകയെങ്കിലും കണെ്ടത്താന്‍ തീരുമാനിച്ചത്. കഴിഞ്ഞ ദിവസം ഡ്രൈവര്‍മാര്‍ ഒന്നടങ്കം മുന്നിട്ടിറങ്ങിയപ്പോള്‍ തോട്ടില്‍ നിന്നും 60 കിലോയോളം മത്സ്യങ്ങളാണ് ലഭിച്ചത്.

സ്റ്റാന്‍ഡിലെ എല്ലാ ഡ്രൈവര്‍മാരുടെയും വീടുകളില്‍ കറിവയ്ക്കാനുള്ള മത്സ്യവും ഇവര്‍ക്ക് തോട്ടില്‍നിന്നും ലഭിച്ചു. വാളാന്‍, ബ്രാല്‍, കൈതക്കോര തുടങ്ങിയ മീനുകളെയാണ് കഴിഞ്ഞദിവസം ഡ്രൈവര്‍മാര്‍ക്ക് തോട്ടില്‍നിന്നും ലഭിച്ചത്. സമയം ചെലവാക്കാന്‍ തോന്നിയ ബുദ്ധി പിന്നീട് ഉപകാരപ്രദമാക്കി മാറ്റുകയായിരുന്നു ഇവര്‍. തങ്ങളുടെ വീട്ടിലെ ആവശ്യത്തിനുള്ള മത്സ്യങ്ങള്‍ എടുത്തതിനുശേഷം ബാക്കിവന്ന മത്സ്യം വിറ്റ് മീന്‍ പിടിത്തത്തിനുവന്ന ചെലവിലേക്കും തുക കണ്ടെത്തി. കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റിയുടെ പ്രവര്‍ത്തകരായ പി.കെ. പ്രമീളന്‍, മുടുവില്‍ അനി, പി.എം. സുരേന്ദ്രന്‍, സുധാകരന്‍, ഹരീഷ്, ഷമീര്‍ എന്നിവരുടെ നേതൃത്വത്തിലാണ് മീന്‍പിടിച്ചത്.

Related posts