വനിതാ കംപാര്‍ട്ട്‌മെന്റില്‍ സ്ത്രീകളെ അപമാനിച്ച റെയില്‍വേ ഉദ്യോഗസ്ഥനെ ഗാര്‍ഡ് സംരക്ഷിച്ചതായി പരാതി

trainപയ്യോളി: വനിതാ കംപാര്‍ട്ട്‌മെന്റില്‍ അതിക്രമിച്ച് കയറി സ്ത്രീ യാത്രക്കാരോട് അപമര്യാദയായി പെരുമാറിയ ആളെ ട്രെയിയിനിലെ ഗാര്‍ഡ് സംരക്ഷിച്ചതായി പരാതി. ഇന്നലെ വൈകുന്നേരമുള്ള കോയമ്പത്തൂര്‍-കണ്ണൂര്‍ ഫാസ്റ്റ് പാസഞ്ചറിലെ ഗാര്‍ഡ് റൂമിനോട് ചേര്‍ന്നുള്ള വനിതാ കംപാര്‍ട്ട്‌മെന്റില്‍ വച്ചാണ് സംഭവം. മറ്റ് ട്രെയിനുകള്‍ക്കുവേണ്ടി എലത്തൂരില്‍ ഏറെ സമയം പിടിച്ചിട്ടശേഷം യാത്ര തുടര്‍ന്ന ട്രെയിന്‍  കൊയിലാണ്ടിയില്‍നിന്ന് പുറപ്പെട്ട ശേഷമാണ് ഒരാള്‍ വനിതാ കംപാര്‍ട്ട്‌മെന്റില്‍ കയറിയതായി സ്ത്രീ യാത്രക്കാര്‍ക്ക് മനസിലാക്കുന്നത്. പത്തില്‍ താഴെ പേര്‍ മാത്രമുണ്ടായിരുന്ന കംപാര്‍ട്ട്‌മെന്റില്‍ യാത്രക്കാര്‍ പലയിടത്തായിരുന്നു ഇരുന്നത്.

അതിക്രമിച്ച് കയറിയ ആള്‍ താന്‍ കൊയിലാണ്ടിയിലെ റെയില്‍വേ ഉദ്യോഗസ്ഥനാണെന്ന് പറഞ്ഞശേഷം മോശമായി സംസാരിക്കാനും പെരുമാറാനും തുടങ്ങിയതായി പരാതിയില്‍ പറയുന്നു. തുടര്‍ന്ന് കംപാര്‍ട്ട്‌മെന്റില്‍ ഉണ്ടായിരുന്ന മുഴുവന്‍ സ്ത്രീ യാത്രക്കാരും സംഘടിച്ച് ഇയാളെ വെള്ളറക്കാട് സ്റ്റേഷനില്‍ ഇറക്കിവിട്ടു. മദ്യലഹരിയിലായിരുന്ന ഇയാളെ ഉടന്‍ തന്നെ ട്രെയിനിലെ ഗാര്‍ഡ് തന്റെ റൂമില്‍ കയറ്റുകയായിരുന്നുവെന്ന് പരാതിക്കാര്‍ പറയുന്നു. തുടര്‍ന്ന് ട്രെയിന്‍ തിക്കോടിയില്‍ എത്തിയശേഷം ഗാര്‍ഡിന്റെ നടപടി ചോദ്യംചെയ്ത് യാത്രക്കാര്‍ രംഗത്തെത്തി. എന്നാല്‍ നിങ്ങള്‍ക്കൊന്നും സംഭവിച്ചില്ലല്ലോ എന്ന മറുപടിയാണ് ഗാര്‍ഡ് നല്‍കിയതത്രേ.

അതിക്രമിച്ചുകയറിയ ആളെ ഗാര്‍ഡ് റൂമിന്റെ അകത്തിരുത്തി വാതില്‍ അടച്ച് രക്ഷപ്പെടുത്തിക്കൊണ്ടുപോയതായി പരാതിയില്‍ പറയുന്നു. തങ്ങള്‍ക്ക് പരാതിയുണ്ടെന്നു വനിതാ യാത്രക്കാര്‍ പറഞ്ഞിട്ടും ഗാര്‍ഡ് കേള്‍ക്കാന്‍ തയാറായില്ല.  ഇതിന് തിക്കോടിയില്‍ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന റെയില്‍വേ ഉദ്യോഗസ്ഥനും കൂട്ടുനിന്നതായി യാത്രക്കാര്‍ പറയുന്നു. പിന്നീട് പയ്യോളിയില്‍ ഇറങ്ങിയശേഷം വനിതാ യാത്രക്കാര്‍ സംഭവുമായി ബന്ധപ്പെട്ട് പയ്യോളിയിലെ റെയില്‍വേ ഉദ്യോഗസ്ഥര്‍ക്ക് പരാതി എഴുതി നല്‍കി.  വിവിധ ഓഫീസുകളില്‍ ജോലി ചെയ്യുന്നവരാണ് പരാതിക്കാരായ വനിതകള്‍.

സൗമ്യ വധത്തിനുശേഷം വനിതാ കംപാര്‍ട്ട്‌മെന്റില്‍ പുരുഷയാത്രക്കാര്‍ സഞ്ചരിക്കുന്നത് ഗുരുതരമായ കുറ്റമായി കാണുമ്പോഴാണ് റെയില്‍വേ ഉദ്യോഗസ്ഥന്‍ മദ്യപിച്ച് കയറി സ്ത്രീകളോട് മോശമായി പെരുമാറിയ സംഭവമുണ്ടായത്.  ഇത്തരം സംഭവങ്ങള്‍ ഉണ്ടായാല്‍ ജാഗ്രത പുലര്‍ത്തേണ്ട ഗാര്‍ഡ് ഇയാളെ സംരക്ഷിച്ചത് ഗുരുതരമായ കുറ്റമായാണ് യാത്രക്കാര്‍ പരാതിപ്പെടുന്നത്.  ഇത് സംബന്ധിച്ച് ഉന്നത റെയില്‍വേ ഉദ്യോഗസ്ഥര്‍ക്ക് പരാതി നല്‍കാന്‍ ഒരുങ്ങുകയാണ് യാത്രക്കാര്‍.

Related posts