പച്ചമരുന്നുകൂട്ട് ശേഖരണവുമായി ഈ അമ്മമാര്‍ തിരക്കിലാണ്

pkd-marunnuമംഗലംഡാം: പച്ചമരുന്ന് കൂട്ടുകളുടെ ശേഖരണത്തിലാണ് പ്രായമായ ഈ അമ്മമാര്‍. ഒന്നു രണ്ടു കനത്ത വേനല്‍മഴ ലഭിച്ചതോടെ മലയോരങ്ങളിലെ തോട്ടങ്ങളിലും മറ്റും പച്ചമരുന്ന് വള്ളികളും ചെടികളും നിറഞ്ഞു. ഇതെല്ലാം ശേഖരിച്ച് തങ്ങളാലാകുന്ന ചെറിയ വരുമാനം കണ്ടെത്തുകയാണ് ഡാമിലെ തങ്കയും തായുവും തത്തയും തങ്കമണിയുമൊക്കെ. എല്ലാവരും എഴുപതിനോടടുത്ത പ്രായക്കാര്‍. പ്രയാധിക്യംമൂലം ഇവരെയൊന്നും ആരും പണിക്ക് വിളിക്കില്ല. ഇതിനാലാണ് പച്ചമരുന്ന് ശേഖരണവുമായി പുതിയ തൊഴില്‍മേഖല ഇവര്‍ തന്നെ കണ്ടെത്തിയത്.

വളളിപോലെയുള്ള തിപ്പിലി മരുന്ന് ഇനമാണ് കൂടുതലായും തോട്ടങ്ങളിലുള്ളത്.അതിരാവിലെ മുതല്‍ പണി തുടങ്ങിയാല്‍ ഉച്ചയാകുമ്പോഴേയ്ക്കും ഏഴോ എട്ടോ കിലോ തിപ്പിലി വലിച്ചെടുക്കാന്‍ കഴിയും. ഇത് ഉണക്കിയാല്‍ ഒന്നോ രണ്ടോ കിലോ കിട്ടും. ഉണങ്ങിയ തിപ്പിലി കിലോയ്ക്ക് 40 രൂപയാണ് വില. ഒരുദിവസം പണിയെടുത്താല്‍ എണ്‍പതു രൂപ കിട്ടിയെങ്കിലായി.

കടപ്പാറ, ക—ടമപ്പുഴ തുടങ്ങിയ പ്രദേശങ്ങളില്‍നിന്നാണിവ ശേഖരിക്കുന്നത്. ഇത് വാഹനത്തില്‍ കൊണ്ടുവരണം. അമ്മമാരുടെ ദൈന്യത കണ്ട് ചില ബസുകള്‍ മരുന്നുകെട്ട് ബസില്‍ കയറ്റാന്‍ സമ്മതിക്കും.മംഗലംഡാം പള്ളിക്കുമുന്നിലെ ഗ്രൗണ്ടിലാണ് തിപ്പലി ഉണക്കാനിടുക. നല്ല വെയിലുണ്ടെങ്കില്‍ രണ്ടുമൂന്നുദിവസംകൊണ്ട് ഉണക്കമാകും. ഡാമിലെ കടയിലാണ് പച്ചമരുന്ന് നല്കുക. വലിയ ആയുര്‍വേദ മരുന്നുകമ്പനികള്‍ ഇത്തരം പ്രദേശങ്ങളില്‍നിന്നും മരുന്ന് ഒന്നിച്ചു കൊണ്ടുപോകും.

പച്ചമരുന്നിനെല്ലാം ഇപ്പോള്‍ പൊള്ളുന്ന വിലയാണെങ്കിലും ഇതിന്റെ ഏറ്റവും താഴെതട്ടിലുള്ള ഈ അമ്മമാര്‍ക്ക് തുച്്ഛമായ വിലയാണ് ലഭിക്കുന്നത്.ഇവരുടെയൊക്കെ കാലം കഴിഞ്ഞാല്‍ ഇത്തരം പച്ചമരുന്നു ശേഖരണവും ബുദ്ധിമുട്ടിലാകും. പച്ചമരുന്നു കണ്ടാല്‍ ഏതാണെന്നു തിരിച്ചറിയാത്ത പുതിയ തലമുറക്കാര്‍ക്ക് ഇത്തരം പഴയകാല തൊഴിലുകളോടൊന്നും താത്പര്യവുമില്ല.

Related posts