പടക്ക വിപണിയില്‍ പാരമ്പര്യം കാത്ത് പത്മിനി ടീച്ചറും മകനും

tvm-padakkamനേമം: പൂഴിക്കുന്ന് പടക്ക വിപണിയില്‍ പാരമ്പര്യത്തിന്റെ പാതയില്‍ പത്മിനി ടീച്ചറും മകനും. പാപ്പനംകോട് പൂഴിക്കുന്നിലെ പടക്ക വിപണിക്ക് തലമുറകളുടെ പാരമ്പര്യമാണുള്ളത്. ഇവിടെ പടക്കാശാന്‍മാരുടെ നാടായി അറിയപ്പെട്ടത് പരേതരായ ഗോവിന്ദനാശാന്‍, മക്കളായ മണിയനാശാന്‍, ശശിആശാന്‍ എന്നിവരിലൂടെയാണ്. മത്സര കമ്പം വ്യാപകമായിരുന്ന കാലഘട്ടത്തില്‍ കേരളത്തിനകത്തും പുറത്തും ഇവരുടെ  കമ്പം പ്രശസ്തമായിരുന്നു.

മണിയനാശാന്റെ ഭാര്യയായ പത്മിനി ടീച്ചറും മകന്‍ ശിവകുമാറുമാണ് ഇപ്പോള്‍ പടക്ക വിപണിയുടെ പാരമ്പര്യം നിലനിര്‍ത്തിപോരുന്നത്.   ദീപാവലിയ്ക്ക് പടക്കം വാങ്ങാനെത്തുന്നവര്‍ക്ക് വിവിധ തരത്തിലുള്ള വ്യത്യസ്തയിനം  പടക്കങ്ങള്‍ ലഭ്യമാക്കുന്ന തിരക്കിലാണ് ഇവര്‍. ദീപാവലിക്ക് ദിവസങ്ങള്‍ക്കുമുമ്പ് തന്നെ പൂഴിക്കുന്നിന്റെ പ്രശസ്തി  അറിഞ്ഞ് പടക്കങ്ങള്‍ വാങ്ങാന്‍ ജില്ലയുടെ വിവിധഭാഗങ്ങളില്‍ നിന്നും നിരവധി പേരെത്തും.  ഓലപടക്കങ്ങള്‍ , കുറ്റിപടക്ക്, ഓലമാല തുടങ്ങിയ നാടന്‍ പടക്കുകള്‍ക്ക് പുറമെ  ശിവകാശിയില്‍ നിന്നുമെത്തുന്ന വിവിധ കമ്പനികളുടെ  ഫാന്‍സി ഐറ്റങ്ങള്‍ വരെ  പത്മിനി ടീച്ചറുടെ ഉടമസ്ഥതയിലുള്ള ചാമുണ്ഡി വര്‍ക്‌സില്‍ വില്പനയ്ക്ക് തയാറായിട്ടുണ്ട്.

പൊട്ടാസില്‍ തുടങ്ങി  വിവിധ വലിപ്പത്തിലും  ആകൃതിയിലുമുള്ള , പൂത്തിരി, ഗോള്‍ഡ് ഫിഷ്, കുട്ടികളെ ആകര്‍ഷിക്കുന്ന ലക്കാ ലക്കാ, കമ്പിത്തിരി, തറചക്രം, ഫയര്‍ പെന്‍സില്‍,  റോക്കറ്റ്,    ചെറിയ ശബ്ദത്തോടെ പൊട്ടുന്ന കുരുവി വെടി തുടങ്ങിയ നിരവധി ഐറ്റംസുകള്‍ ഇവിടെ ലഭ്യമാണ്.   ദീപാവലിക്ക് ഒരാഴ്ച മുമ്പുതന്നെ ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ നിന്നും നൂറുകണക്കിനാളുകളാണ് പൂഴിക്കുന്നിലെത്തുന്നത്. ദീപാവലി എത്തിയതോടുകൂടി പൂഴിക്കുന്നില്‍ ചെറുതും വലുതുമായ നിരവധി പടക്ക കടകളാണ് തുറന്നിട്ടുള്ളത്.

Related posts