പാലക്കാട്: കൃത്യമായ നടപടിക്രമങ്ങളിലൂടെയും റവന്യൂ -ഉദ്യോഗസ്ഥതല പരിശോധനയിലൂടെയും പട്ടികജാതി-പട്ടികവര്‍ഗ വിഭാഗക്കാര്‍, കര്‍ഷക തൊഴിലാളികള്‍ പോലുളള തികച്ചും അര്‍ഹരായവര്‍ക്ക് മാത്രമെ പട്ടയവിതരണം നടത്തുകയുള്ളൂവെന്ന് റവന്യു മന്ത്രി ഇ.ചന്ദ്രശേഖരന്‍. ചിറ്റൂര്‍ താലൂക്കിലെ തിരുവഴിയാട് വില്ലേജ് ഓഫീസ് കെട്ടിടം തറക്കല്ലിടല്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
ജില്ലയിലെ പട്ടയത്തിനായുളള അപേക്ഷകളില്‍ അപേക്ഷയുടെ സ്വഭാവരീതിയനുസരിച്ച് ജില്ലാ ഭരണകൂടം സൂക്ഷ്മ പരിശോധനനടപടി സ്വീകരിക്കണമെന്ന് മന്ത്രി നിര്‍ദ്ദേശിച്ചു. വില്ലേജ്, താലൂക്ക് തല നടപടിക്രമങ്ങള്‍ക്ക് പുറമെ ഭുമിപതിച്ചു നല്‍കുന്നതുമായി ബന്ധപ്പെട്ടുളള കമ്മിറ്റി അംഗീകാരവും തുടര്‍ന്ന് വിജ്ഞാപനവും ആവശ്യമാണ്. ഭൂമി പതിപ്പ് കമ്മിറ്റി സര്‍ക്കാര്‍ പുനസംഘടിപ്പിച്ച് വരികയാണ്. തദ്ദേശസ്വയംഭരണസ്ഥാപനങ്ങള്‍ വഴി ദരിദ്രര്‍ക്കുളള ഭവന നിര്‍മ്മാണവും തകര്‍ന്ന വീടുകളുടെ പുനരുദ്ധാരണവും ഊര്‍ജിതമാക്കുമെന്നും മന്ത്രി വ്യകതമാക്കി.
3340000 രൂപ ചെലവില്‍ 74.23 സ്ക്വയര്‍ മീറ്റര്‍ വലുപ്പം വരുന്നതാണ് പുതിയ വില്ലേജ് ഓഫീസ് കെട്ടിടം. പരിപാടിയില്‍ കെ.ബാബു എം.എല്‍.എ അധ്യക്ഷനായി. അയിലൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ.കെ.സുകുമാരന്‍, നെന്മാറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്പി.വി രാമകൃഷ്ണന്‍, ജില്ലാ പഞ്ചായത്ത് വികസനകാര്യസ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ എ.ഗീത ടീച്ചര്‍, ജില്ലാ കളക്ടര്‍ പി. മേരിക്കുട്ടി, രാഷ്ട്രീയകക്ഷി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.