പ്രവിത്താനം: ആള്‍ത്താമസമില്ലാത്ത വീട് പട്ടാപ്പകല്‍ കുത്തിത്തുറക്കാന്‍ ശ്രമിച്ച മോഷ്ടാവിനെ നാട്ടുകാര്‍ പിടികൂടി. പ്രവിത്താനം-ചൂണ്ടച്ചേരി റോഡില്‍ നായ്ക്കം പറമ്പില്‍ പരേതനായ മാത്യു മൈക്കിളിന്റെ വീടിന്റെ മുന്‍വാതില്‍ തകര്‍ക്കാന്‍ ശ്രമിച്ച മോഷ്ടാവാണു പിടിയിലായത്. വീടിനു സമീപം ഒരാള്‍ നീങ്ങുന്നതു ശ്രദ്ധയില്‍പ്പെട്ട അയല്‍വാസി സമീപത്തുള്ളവരെ ഫോണില്‍വിളിച്ച് വിവരം അറിയിക്കുകയായിരുന്നു.
അയല്‍വാസി റോയി മാത്യു മാരിപ്പുറത്തും പഞ്ചായത്ത് മെംബര്‍ വിനോദ് വേരനാനിയും സ്ഥലത്തെത്തുകയും വീടും പരിസരവും പരിശോധിക്കുകയും ചെയ്തു. വീടിന്റെ മുന്‍വാതില്‍ തകര്‍ക്കാന്‍ ശ്രമിച്ച നിലയിലും തടിക്കഷണം ഉപയോഗിച്ചു വാതില്‍ തിക്കാന്‍ ശ്രമിച്ചതായും ശ്രദ്ധയില്‍പ്പെട്ടു.
പിന്‍വശവും അടുക്കളഭാഗവും പരിശോധിക്കുന്നതിനിടെ വീടിനു പുറത്തുള്ള കക്കൂസില്‍ ഒരാള്‍ ഒളിച്ചു നില്‍ക്കുന്നതു ശ്രദ്ധയില്‍പ്പെട്ടു. പിന്നീട് ഇയാളെ പിടികൂടി പോലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. പാലാ പോലീസ് സ്ഥലത്തെത്തി ഇയാളെ കസ്റ്റഡിയിലെടുത്തു. മലപ്പുറം സ്വദേശിയാണ് ഇയാളെന്നും കൂടുതല്‍ ചോദ്യം ചെയ്തു വരികയാണെന്നും പോലീസ് പറഞ്ഞു.