“”എന്ത് തള്ളാടാ മച്ചാനേ”
-തള്ളല്ല ബ്രോ
“”ഇവന്‍ വന്‍ ദുരന്തമാണല്ലോ ഗോഡ്”
ന്യൂ ജനറേഷന്റെ ഇത്തരം ഡയലോഗുകള്‍ കേള്‍ക്കുന്ന ആരും ഒന്ന് അന്തിച്ചുപോകും. ഇവര്‍ ഇതെന്ത് ഭാഷയാണ് പറയുന്നതെന്ന് ആലോചിച്ച്. ഇതിന്റെയൊക്കെ ശരിക്കുള്ള അര്‍ഥം കിട്ടണമെങ്കില്‍ നോക്കേണ്ടത് യൊ യൊ പയ്യന്‍സിന്റെ നിഘണ്ടുവാണ്.എല്ലാകാലത്തും യുവജനങ്ങള്‍ക്കിടയില്‍ അവര്‍ക്കുമാത്രമായ ഒരു ഭാഷ നിലനിന്നിരുന്നു. ചിരിയും ചിന്തയും പുതുമയും കൂട്ടിയിണക്കി സൃഷ്ടിച്ച ചില പ്രയോഗങ്ങള്‍. സംസാരഭാഷയിലെ പദങ്ങള്‍ക്ക് വ്യത്യസ്ത അര്‍ഥം നല്‍കുകയോ പുതിയവാക്കുകള്‍ സൃഷ്ടിക്കുകയോ ആണ് പുതുതലമുറ എപ്പോഴും ചെയ്തുകൊണ്ടിരിക്കുന്നത്. അടുത്തകാലത്ത് ഈ നിരയിലേക്ക് പ്രയോഗങ്ങളുടെ പ്രവാഹമാണ്.
“”അളിയാ തള്ളുമ്പൊ ഒരു മയത്തിലൊക്കെ തള്ള്. ഇല്ലേല്‍ പല്ലു തറേല്‍ കിടക്കും”.- സുഹൃത്തിന്റെ പോസ്റ്റിലെ പൊങ്ങച്ചത്തിന് ഒരു ന്യൂ ജനറേഷന്റെ കമന്റിങ്ങനെ. തള്ളെന്നു വച്ചാല്‍ ബഡായി അടിക്കുക എന്നുതന്നെ. കത്തിവയ്ക്കുക, ലാത്തിയടിക്കുക തുടങ്ങിയവയൊക്കെ തള്ളിന്റെ പൂര്‍വികരാണ്.മകന്റെ ഫോണില്‍ രേഷ്മ ബ്രോ എന്നുകണ്ട അമ്മയ്‌ക്കൊരു സംശയം. എടാ രേഷ്മ പെണ്‍കുട്ടിയുടെ പേരല്ലേ? പിന്നെന്താ ഈ ബ്രോ? തലയിലെ കിളിക്കൂട് ശരിയാക്കിക്കൊണ്ട് ഫ്രീക്കന്‍ മകന്റെ മറുപടിയിങ്ങനെ – “”മോം അത് പെണ്ണൊക്കെ തന്നെ, ഞങ്ങളൊക്കെ കട്ട ബ്രോസ് ആണ്”.
കൊച്ചിയില്‍ നിന്നുവന്ന് ന്യൂജനറേഷനെ ആകെ കീഴടക്കിയ ബ്രോ യ്ക്ക് ആണ്‍-പെണ്‍ വ്യത്യാസമില്ല. പണ്ടത്തെ അളിയന്റെ പകരക്കാരനാണീ ബ്രോ. സഹോദരിയുടെ ഭര്‍ത്താവിനെ സൂചിപ്പിക്കുന്ന അളിയനെന്ന പദം കാമ്പസുകള്‍ക്കകത്ത് സുഹൃത്തുക്കളോ സംബോധന ചെയ്യാന്‍ ഉപയോഗിച്ചുകൊണ്ടിരുന്നതാണ്. ഇപ്പോള്‍ അളിയന്‍ ബ്രോക്ക് വഴിമാടിക്കൊടുക്കുകയാണ്. സ്‌നേഹം കൂടുമ്പോള്‍ ബ്രോ മാറി മുത്ത്, മൊഞ്ചന്‍, മച്ചാന്‍, ഡ്യൂഡ് ഇങ്ങനെയൊക്കെയാകും.
ഫെയ്‌സ് ബുക്കിലെ ഏത് ഫ്രീക്കന്റെ ചിത്രത്തിനും ഇത് ഹെവി മച്ചാനേ, ഇജ്ജ് പൊളിക്ക് മുത്തേ, നുമ്മ ഫുള്‍ സപ്പോര്‍ട്ട്, പൊളി ബ്രോ തുടങ്ങിയ കമന്റുകളുടെ നീണ്ടനിര കാണാം. പയ്യന്‍സ് ഇവിടെ ഉദ്ദേശിക്കുന്ന പൊളിക്കല്‍ തല്ലിപ്പൊളിക്കലല്ല. കൊള്ളാം, നന്നായി, ആസ്വദിക്കൂ എന്നിങ്ങനെയാണ് പൊളിക്കലിന്റെ പുതിയ അര്‍ഥങ്ങള്‍. ഹെവി എന്നതും ഇതുതന്നെ. കുറച്ചുനാള്‍ മുമ്പുവരെ ഉപയോഗിച്ചിരുന്ന കലക്കലിന്റെ പുതിയ പതിപ്പുകളാണിവ. താജ്മഹല്‍ കാണാന്‍ പോയ ഫ്രീക്കന്‍ ഞാനിന്ന് പൊളിക്കുമെന്ന് പോസ്റ്റിട്ടതിന് പോലീസ് പിടിച്ചു. ന്യൂജനറേഷന്‍ പൊളിക്കല്‍ പ്രയോഗത്തെ കളിയാക്കി പ്രചരിച്ച തമാശയാണിത്.
വാട്‌സ് അപ്പ് ഗ്രൂപ്പ് ചാറ്റിലെ ഒരു സംഭവം എടുക്കാം…
മനു: എടാ നിന്റെ ഡി.പി ഈനാംപേച്ചിയെപോലുണ്ട്.
കിരണ്‍: മനു സൂക്ഷിച്ച് നോക്ക് അത് നീയാ…
ചിത്ര: മനൂ പ്ലിംഗ്
സൂരജ്: പ്ലിംഗ് മനൂ
എന്താണീ പ്ലിംഗെന്നാണ് ചിന്തയെങ്കില്‍ ചമ്മിപ്പോയേ എന്നേ അര്‍ഥമുള്ളൂ. ശശിയാവുക, സോമനാവുക എന്നീ നിരയിലേക്കാണ് പ്ലിംഗിന്റെ വരവ്. ട്രോള്‍ പേജുകളിലെ തരംഗമാണിന്ന് പ്ലിംഗ്.
എആറിന്റെ പുതിയ പാട്ട് കേട്ടാ, ഒരു രക്ഷയുമില്ലാട്ടോ, സംഗതി ടോട്ടല്‍ ക്ലിക്കാണ്. റഹ്മാന്‍ വേറെ ലെവലാണ് മോനേ… ഈ ന്യൂജന്‍ ഡയലോഗ് സാധാരണഭാഷയിലേക്ക് മാറ്റിയാല്‍ – എ.ആര്‍. റഹ്മാന്റെ പാട്ടുകൊള്ളാം. ആളു പുലിയാണ് എന്നേയുള്ളൂ. രക്ഷയില്ലാ, ക്ലിക്കാണ്, വെറെ ലെവലാണ്, അതുക്കും മേലെ, സംഭവമാണ് ഇതിനൊക്കെ ഉഗ്രന്‍ എന്നര്‍ഥം.
വെളുക്കുവോളം രാമായണം വായിച്ചിട്ട് സീതയുടെ ഭര്‍ത്താവ് രാവണനെന്ന് പറയുന്നവനെ ഇന്ന് വിളിക്കുന്നത് ദുരന്തമെന്നോ ലോകപരാജയമെന്നോ ആയിരിക്കും. സീന്‍ കോണ്‍ട്രാ, ഗഡീ, ചില്‍ ഡ്യൂഡ്, കൂള്‍ മാന്‍ ഇങ്ങനെ ന്യൂ ജനറേഷന്റെ നിഘണ്ടുവില്‍ ധാരാളം പ്രയോഗങ്ങളുണ്ട്. മംഗ്ലീഷിന്റെ ആധിപത്യം ഇവരുടെ ഭാഷയുടെ പ്രത്യേകതയാണ്. വാഴയ്ക്കാ പരുവത്തില്‍ വെട്ടിയിട്ട ഇംഗ്ലീഷും താളിച്ചിട്ട കറുവേപ്പിലപോലെ മലയാളവും ചേര്‍ന്ന പ്രയോഗങ്ങളുടെ ആധിപത്യമാണീ ഭാഷയിലുള്ളത്.
യുവജനങ്ങളുടെ കോഡ് ഭാഷ പണ്ട് കാമ്പസില്‍ മാത്രമായിരുന്നെങ്കില്‍ ഇന്നത് അതിര്‍ത്തികളെ ഭേദിച്ച് നവമാധ്യമങ്ങളിലും ചിന്തയിലും എഴുത്തിലുമൊക്കെ കടന്നുകൂടിയിട്ടുണ്ട്. പ്രാദേശിക ഭാഷാ പ്രയോഗങ്ങള്‍ പെട്ടെന്നുതന്നെ ജനപ്രീതി നേടിയത് ന്യൂജനറേഷന്‍ അതേറ്റെടുത്തതുകൊണ്ടാണ്. തൃശൂരിന്റെ ഗഡിയും കൊച്ചിയും മച്ചാനും മലബാറിന്റെ മൊഞ്ചനും ഇങ്ങനെ തരംഗമായവരാണ്.
സിനിമകളുടെ വ്യക്തമായ സ്വാധീനം പുതുതലമുറയുടെ ഭാഷയില്‍ കാണാം. നേരത്തെ സൂചിപ്പിച്ച പല പ്രയോഗങ്ങളും ജനിച്ചുവീണത് ന്യൂജനറേഷന്‍ സിനിമകളിലാണ്. ഹണീബി, കിളിപോയി, നീ കൊ ഞാ ചാ, ടാ തടിയാ, ഒരു വടക്കന്‍ സെല്‍ഫി, പ്രേമം തുടങ്ങിയവ ധാരാളം പുതിയ പ്രയോഗങ്ങളെ സംഭാവന ചെയ്ത സിനിമകളാണ്. കാലത്തെ അതിജീവിക്കുവാനുള്ള ശേഷി പലപ്പോഴും ഈ പ്രയോഗങ്ങള്‍ക്ക് കുറവാണ്. അതത് കാലഘട്ടത്തില്‍ പിറന്ന് പിന്നീട് പതിയെ വിസ്മൃതിയിലാണ്ടുപോകുകയാണ് ഇവ പതിവായി ചെയ്യുന്നത്. ഈ വാക്കുകളുടെ ചരിത്രം കാലങ്ങളുടെ ചരിത്രംകൂടിയാണ് പറയുന്നത്.