പത്തനംതിട്ട: കേരളത്തില്‍ പ്രവാസിനിക്ഷേപം ഏറെയുള്ള ജില്ലയാണ് പത്തനംതിട്ട. വായ്പാ നിക്ഷേപ അനുപാതം കുറവുള്ള ജില്ലകളിലൊന്നുമാണിത്. ലോകത്തിന്റെ ഏതുഭാഗത്തു ചെന്നാലും ഒരു പത്തനംതിട്ടക്കാരനെ കണ്ടുമുട്ടുകയും ചെയ്യും. പുതിയ സര്‍ക്കാര്‍ കേരളത്തില്‍ അധികാരത്തിലെത്തിയതോടെ പത്തനംതിട്ടയുടെ വിമാനത്താവളം പദ്ധതിയെക്കുറിച്ചുള്ള നിലപാടുകള്‍ പ്രവാസികളടക്കം ആരാഞ്ഞു തുടങ്ങി. ജില്ലയുടെ പ്രവാസി ബന്ധം കണക്കിലെടുത്താണ് വര്‍ഷങ്ങള്‍ക്കു മുമ്പേ ഒരു വിമാനത്താവള പദ്ധതിയെക്കുറിച്ച് ആലോചന തുടങ്ങിയത്.
എന്നാല്‍ എവിടെയൊക്കെയോ ഉണ്ടായ പാളിച്ചകളും സ്ഥലനിര്‍ണയവുമായി ബന്ധപ്പെട്ട വിവാദങ്ങളുമൊക്കെ വിമാനത്താവളം പദ്ധതി എങ്ങുമെത്തിയില്ല. ഇപ്പോഴും പത്തനംതിട്ടയിലെ വിമാനത്താവളം എന്തുകൊണ്ട് ആയിക്കൂട എന്നു ചോദിക്കുന്നവരേറെയാണ്. നെടുമ്പാശേരിയിലും തിരുവനന്തപുരത്തും എത്തിയാണ് പത്തനംതിട്ടക്കാര്‍ ഏറെയും വിമാനം കയറുന്നത്. രണ്ടിടത്തുമെത്താന്‍ മൂന്ന് മുതല്‍ നാല് മണിക്കൂര്‍വരെ റോഡുയാത്ര ജില്ലയില്‍ നിന്നുണ്ട്. ഗള്‍ഫില്‍ നിന്നു പറന്നിറങ്ങാന്‍ വേണ്ടിവരുന്ന സമയത്തേക്കാള്‍ കൂടുതല്‍ നാട്ടിലെ റോഡിലൂടെ സഞ്ചരിച്ചെങ്കിലേ വീടണയാനാകൂവെന്ന ദുഃഖം ജില്ലയിലെ വിദേശമലയാളിക്കുണ്ട്. പദ്ധതിയുമായി ബന്ധപ്പെട്ട് നിരവധി പ്രവാസി സംഘടനകള്‍ രംഗത്തുവന്നിട്ടുമുണ്ട്.
ആറന്മുള വിമാനത്താവളം വിവാദ പദ്ധതിയായി മാറിയതോടെ ഇതു നടപ്പാക്കുന്നതില്‍ രാഷ്ട്രീയ ഇച്ഛാശക്തി ആരും കാട്ടുമെന്ന് തോന്നുന്നില്ല. ഇത്തരമൊരു സാഹചര്യത്തിലാണ ്ജില്ലയില്‍ മറ്റെവിടെയെങ്കിലും പദ്ധതിക്കു സ്ഥലം കണ്ടെത്തണമെന്ന നിര്‍ദേശം ഇപ്പോള്‍ ചര്‍ച്ച ചെയ്യപ്പെടുന്നത്. എന്നാല്‍ ആറന്മുളയില്‍ തന്നെ വിമാനം ഉയരുമെന്ന് വാശിപിടിക്കുന്നവരുമുണ്ട്. എന്തായാലും കേന്ദ്ര, കേരള സര്‍ക്കാരുകളുടെ പരിഗണനയില്‍ പത്തനംതിട്ട ജില്ലയ്‌ക്കൊരു വിമാനത്താവളം എന്ന പദ്ധതി ഉണ്ടാകുമെന്ന പ്രതീക്ഷ ഇപ്പോഴും നാട്ടുകാര്‍ക്കുണ്ട്.
ലക്ഷകണക്കിനു തീര്‍ഥാടകര്‍ വന്നുപോകുന്ന ശബരിമല ക്ഷേത്രം സ്ഥിതി ചെയ്യുന്ന ജില്ലയെന്ന നിലയിലും പത്തനംതിട്ടയിലെ യാത്രാസൗകര്യം മെച്ചപ്പെടേണ്ടതിന്റെ ആവശ്യകതയേറെയാണ്. വ്യോമമാര്‍ഗം പത്തനംതിട്ടയില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ കേന്ദ്രമന്ത്രിമാരും വിവിധ രാഷ്ട്രീയകക്ഷി നേതാക്കളും വിമാനത്താവളത്തിന്റെ ആവശ്യകത ഊന്നിപ്പറയുകയും ചെയ്തു. പരിസ്ഥിതി പ്രാധാന്യമുള്ള സ്ഥലങ്ങളാണ് ജില്ലയില്‍ ഏറെയുമെന്നതിനാല്‍ പുതിയ ഒരു പദ്ധതി വന്നാലും ഇതിന്റെ പേരില്‍ വെല്ലുവിളിക്കപ്പെട്ടേക്കാം. എന്നാല്‍, ജനപ്രതിനിധികളുടെ കൂട്ടായ്മയില്‍ പുതിയ സംരംഭങ്ങള്‍ ഉയരട്ടെയെന്ന നിര്‍ദേശമാണ് ഉയര്‍ന്നുവരുന്നത്.