പരവൂർ: റെയിൽവേ ജീവനക്കാരെ ഉപയോഗിച്ച് ട്രെയിൻ വഴി വൻ തോതിൽ കഞ്ചാവ് കടത്തുന്നതായി വിവരം. ഇതിനുപിന്നിൽ വൻ റാക്കറ്റ് പ്രവർത്തിക്കുന്നതായാണു സൂചനകൾ. എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷനില്‍ നിന്ന് കഞ്ചാവുമായി വീണ്ടും റെയില്‍വേ കരാര്‍ ജീവനക്കാരന് പിടിയിലായതോടെയാണ് റെയിൽവേ പോലീസ് ഇക്കാര്യം സ്ഥിരീകരിക്കുന്നത്.
ടാറ്റാ നഗര്‍ എക്സ്പ്രസിലെ കരാര്‍ ജീവനക്കാരനില്‍ നിന്ന് 12 കിലോ കഞ്ചാവാണ് പിടിച്ചെടുത്തത്. ബിഹാര്‍ സ്വദേശി മുഹമ്മദ് ഫയാസുള്ളയാണ് പിടിയിലായത്. റെയില്‍വേ സ്റ്റേഷന് പരിസരത്ത് സംശയാസ്പദ സാഹചര്യത്തില്‍ കണ്ട ഫയാസുള്ളയുടെ കൈയിലുണ്ടായിരുന്ന ബാഗ് പരിശോധിച്ചപ്പോഴാണ് കഞ്ചാവ് കണ്ടെത്തിയതെന്ന് അന്വേഷണ ഉദ്യോഗസ്ഥന് എ. നിസാമുദീന്‍ പറഞ്ഞു.
ടാറ്റാ നഗര്‍ എക്സ്പ്രസിലെ ബെഡ് റോള്‍ തൊഴിലാളിയാണ് പിടിയിലായ പ്രതി. നാലു ദിവസം മുമ്പ് ഇതേ ട്രെയിനിലെ മറ്റൊരു ബെഡ് റോള്‍ തൊഴിലാളിയെയും മറ്റ് രണ്ട് മലയാളികളെയും കഞ്ചാവുമായി പിടികൂടിയിരുന്നു. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് കരാർ ജീവനക്കാരനായ ഉത്തരേന്ത്യൻ സ്വദേശി സുഖലാലിനെ റെയിൽവേ പൊലീസ് പിടികൂടിയത്.
ഇയാളില്‍ നിന്ന് കഞ്ചാവ് വാങ്ങാൻ എത്തിയ സനൂപ്, ദീപക്ക് എന്നീ മലയാളികളെയും റെയിൽവേ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. 56 കിലോ കഞ്ചാവാണ് ഇവരില്‍ നിന്ന് അന്ന് പിടികൂടിയത്. റെയില്‍വേ ജീവനക്കാരെ ഉപയോഗിച്ച് ബിഹാറിൽ കഞ്ചാവ് കടത്തുന്നതിനു പിന്നില്‍ വലിയ സംഘമുണ്ടെന്ന സംശയം റെയിൽവേ പൊലീസിനുണ്ട്. കഞ്ചാവ് കടത്തിന്റെ ഉറവിടം സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തുമെന്ന് റെയിൽവേ പോലീസ് പറഞ്ഞു.
പിടിയിലായവരുടെ മൊബൈൽ ഫോൺ വിളികൾ കേന്ദ്രീകരിച്ചുള്ള പരിശോധനയിൽ ചില ഏജന്റുമാരെ സംബന്ധിച്ച് വിവരങ്ങൾ ലഭിച്ചിട്ടുണ്ട്. ഇതു സംബന്ധിച്ച് അന്വേഷണം ആരംഭിച്ചിട്ടുമുണ്ട്. ടാറ്റാ നഗർ എക്സ്പ്രസിൽ ഇനി സ്ഥിരമായി എല്ലാ കോച്ചുകളിലും റെയിൽവേ പോലീസ് പരിശോധന നടത്തും. യാത്രക്കാരുടെയും റെയിൽവേ ജീവനക്കാരുടേതുമടക്കം ബാഗുകളും ലഗേജുകളും കർശന പരിശോധനയ്ക്കു വിധേയമാക്കാനാണു തീരുമാനം.
