പത്തനംതിട്ട: ഇന്‍ഡോര്‍ സ്റ്റേഡിയത്തിന് ആറുകോടി രൂപ കേന്ദ്രസര്‍ക്കാര്‍ അനുവദിച്ചതായി ആന്റോ ആന്റണി എംപി പത്രസമ്മേളനത്തില്‍ പറഞ്ഞു. ഗ്രാമീണ മേഖലയിലെ കായികവികസന പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് കേന്ദ്ര കായിക യുവജനക്ഷേമ മന്ത്രാലയം ഫണ്ട് അനുവദിച്ചിരിക്കുന്നത്.കേന്ദ്രഫണ്ടില്‍ നിന്ന് 1.80 കോടി ആദ്യ ഗഡുവായി നഗരസഭയ്ക്കു കൈമാറി. പത്തനംതിട്ട ജില്ലാ സ്റ്റേഡിയത്തോടു ചേര്‍ന്ന് അഴൂര്‍ ഭാഗത്ത് 12 കോടി രൂപ ചെലവില്‍ നിര്‍മിക്കുന്ന സ്റ്റേഡിയത്തിന്റെ നിര്‍മാണച്ചുമതലയും നഗരസഭയ്ക്കാണ്. എംഎല്‍എയുടെ ആസ്തിവികസനഫണ്ടില്‍ നിന്ന് രണ്ടു കോടി രൂപ പദ്ധതിക്കു നീക്കിവച്ചിരുന്നു. നാലുകോടി രൂപ നഗരസഭ തനതുഫണ്ടില്‍ നിന്നു ചെലവഴിക്കാനാണ് തീരുമാനം. ഇതിന് അനുമതി തേടി സംസ്ഥാന സര്‍ക്കാരിനെ സമീപിച്ചിട്ടുണ്ട്.
കേരളത്തിലെ മികച്ച ഇന്‍ഡോര്‍ സ്്റ്റേഡിയങ്ങളില് ഒന്നാകും പത്തനംതിട്ടയില്‍ നിര്‍മിക്കുകയെന്ന് എംപി അവകാശപ്പെട്ടു. അനുമതി ലഭിക്കുകയും ഫണ്ട് ലഭ്യത ഉറപ്പാക്കുകയും ചെയ്ത സാഹചര്യത്തില്‍ ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയാക്കി നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഉടന്‍ ആരംഭിക്കാനാകും. പൊതുമേഖല ഏജന്‍സികളെ ഉപയോഗിച്ചു നിര്‍മാണം നടത്താനാകുമോയെന്നു പരിശോധിക്കും. 5000 ചതുരശ്ര അടിവിസ്ത്രീര്ണമുള്ള ഇന്‍ഡോര്‍സ്റ്റേഡിയം, ബാഡ്മിന്റണ്‍ കോര്ട്ട്്, അഞ്ച് ഷട്ടില്‍ കോര്ട്ട്്, നാല് വോളിബോള്‍ കോര്ട്ട്്, കോണ്‍ഫറന്‍സ് ഹാള്‍, സ്പോര്‍ട് ലാബ്്്, വിശ്രമമുറി, വീഡിയോ ഹാള്‍, എന്നിവ സ്റ്റേഡിയത്തില്‍ തയാറാകും.
പത്തനംതിട്ട ജില്ലാ സ്റ്റേഡിയം ഉദ്ഘാടനം ചെയ്തതിനോടനുബന്ധിച്ച് ഇന്‍ഡോര്‍ സ്റ്റേഡിയം പദ്ധതി തയാറാക്കി കേന്ദ്രസര്‍ക്കാരിനു സമര്‍പ്പിച്ചിരുന്നു. 1995 – 2000 കാലയളവിലെ നഗരസഭ ഭരണസമിതിയുടെ കാലയളവില്‍ പദ്ധതിക്കുവേണ്ടി ശ്രമം തുടങ്ങിയിരുന്നു. ഇതനുസരിച്ച് കേന്ദ്രസര്‍ക്കാര്‍ സഹായം വാഗ്ദാനം ചെയ്യുകയും സ്റ്റേഡിയത്തിന്റെ ശിലാസ്ഥാപനം നടത്തുകയും ചെയ്തതാണ്. എന്നാല്‍ പിന്നീട് കേന്ദ്രസര്‍ക്കാര്‍ അനുവദിച്ച ഫണ്ട് പത്തനംതിട്ടയ്ക്കു ലഭിച്ചില്ല.
പ്രമാടത്ത് രാജീവ്ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയം നിര്‍മാണം പൂര്‍ത്തീകരിച്ചതോടെ പത്തനംതിട്ട സ്റ്റേഡിയം സഫലമാകാത്ത സ്വപ്നമായി അവശേഷിച്ചിരുന്നു. കഴിഞ്ഞയിടെ ജില്ലാ സ്റ്റേഡിയത്തിന്റെ നവീകരണം ആരംഭിച്ചതോടെയാണ് ഇന്‍ഡോര്‍ സ്റ്റേഡിയം നിര്‍മാണവുമായി ബന്ധപ്പെട്ട ആവശ്യവുമായി അധികൃതര്‍ രംഗത്തെത്തിയത്. എംപിയുടെ നേതൃത്വത്തില്‍ കേന്ദ്ര കായികമന്ത്രാലയത്തിനു പദ്ധതി സമര്‍പ്പിച്ച് അംഗീകാരം വാങ്ങുകയായിരുന്നു. ജില്ലാ സ്റ്റേഡിയത്തില്‍ സിന്തറ്റിക് ട്രാക്ക് നിര്‍മാണത്തിനു സംസ്ഥാന സര്‍ക്കാര്‍ ഫണ്ടും അനുവദിച്ചിട്ടുണ്ട്. ഇതോടൊപ്പം എംഎല്‍എ ഫണ്ട് ഉപയോഗിച്ച് സ്റ്റേഡിയത്തില്‍ പവലിയന് നിര്‍മാണം ഉള്‍പ്പെടെ നടന്നുവരികയാണ്.