സുനറ്റ് കെ.വൈ
പത്തനാപുരം: ആവേശം തെല്ലും ചോരാതെ താരപ്പോരാട്ടം നടക്കുന്ന പത്തനാപുരത്ത് സ്വീകരണ പരിപാടികള്‍ ആരംഭിച്ചു. സംസ്ഥാന ചരിത്രത്തിലിടം പിടിച്ച താരപോരാട്ടത്തിന് വേദിയായ പത്തനാപുരത്ത് മേടച്ചൂടിനെ വെല്ലുന്ന സ്വീകരണമാണ് സ്ഥാനാര്‍ഥികള്‍ക്ക്. കൊല്ലുന്ന ചൂടിനെപ്പോലും അവഗണിച്ച് അക്ഷമരാകാതെ കാത്തുനില്ക്കുന്ന ജനക്കൂട്ടത്തിനിടയിലേക്ക് പുത്തനാവേശം നിറച്ചുകൊണ്ടാണ് അഭ്രപാളിയിലെ താരങ്ങള്‍ കൂടിയായ സ്ഥാനാര്‍ഥികളെത്തുന്നത്. പ്രചാരണത്തിന്റെ അവസാനഘട്ടമെത്തുന്നതോടെ ഫലപ്രവചനവും അസാധ്യമാവുകയാണിവിടെ.
യുഡിഎഫ് സ്ഥാനാര്‍ഥി പി.വി.ജഗദീഷ് കുമാറും, എല്‍ഡിഎഫ് സ്ഥാനാര്‍ഥിയും സിറ്റിംഗ് എംഎല്‍എയുമായ കെ ബി ഗണേഷ് കുമാറും നേര്‍ക്കുനേര്‍ ഏറ്റുമുട്ടുമ്പോള്‍ എന്‍ഡിഎ സ്ഥാനാര്‍ഥി രഘു ദാമോദര (ഭീമന് രഘു)നും ശക്തമായ സാന്നിധ്യം അറിയിച്ചു കഴിഞ്ഞു. രാഷ്ട്രീയ വിജയത്തിനപ്പുറം അഭിമാനപ്പോരാട്ടത്തിനുകൂടി വേദിയായി മാറി പത്തനാപുരം. ജഗദീഷിന്റെ മൂന്ന് പഞ്ചായത്തുകളിലെ സ്വീകരണം പൂര്‍ത്തിയായി കഴിഞ്ഞു. രാവിലെ 6.30ന് തന്നെ സ്ഥാനാര്‍ഥി റെഡി. അപ്പോഴേക്കും നേതാക്കളും എത്തിയിട്ടുണ്ടാകും. അവലോകനങ്ങളും, അതത് ദിവസത്തെ സ്വീകരണ സ്ഥലങ്ങളിലെ പ്രശ്നങ്ങളും ചര്‍ച്ച ചെയ്തു കഴിയുമ്പോഴേക്കും സ്വീകരണത്തിനിറങ്ങാന് സമയമാകും. വെട്ടിക്കവലയില്‍ നിന്നുമാരംഭിച്ച ജഗദീഷിന്റെ സ്വീകരണ പരിപാടി ഡിസിസി പ്രസിഡന്റ് കൂടിയായ കൊടിക്കുന്നില്‍ സുരേഷ് എംപിയാണ് ഉദ്ഘാടനം ചെയ്തത്.
ഓരോ സ്ഥലങ്ങളിലെയും സ്വീകരണം ഏറ്റുവാങ്ങി മൂന്ന് മിനിട്ട് ദൈര്‍ഘ്യമുള്ള മറുപടി പ്രസംഗം. സ്വീകരിക്കാനെത്തുന്നവരുടെ എണ്ണം കൂടുന്നതുകൊണ്ട് അടുത്ത സ്വീകരണ സ്ഥലത്തെത്താന്‍ ഏറെ വൈകും.പരിഭവമില്ലാതെ കാത്തുനില്ക്കുന്നവരുടെ മുഖം കാണുമ്പോള്‍ ജഗദീഷിനും ഇരട്ടി ആവേശം.സ്ത്രീകളും കുട്ടികളുമുള്‍പ്പെടെ പുരുഷവോട്ടര്‍മാരും ആവേശം ചോരാതെ സ്വീകരിക്കും. ആരോഗ്യ മേഖലയിലെ പ്രശ്നങ്ങളും, ഗതാഗത സൗകര്യക്കുറവും, കുടിവെള്ള ക്ഷാമവുമുള്പ്പെടെയുള്ള വിഷയങ്ങളിലൂന്നി ലഘുപ്രസംഗവും. നിലയ്ക്കാത്ത കൈയ്യടിയുയരുമ്പോള് വിജയപ്രതീക്ഷയുടെ പുഞ്ചിരിയാണ് ജഗദീഷിന്റെ മുഖത്ത്.
എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെ.ബി. ഗണേഷ്കുമാറിന്റെ സ്വീകരണ പരിപാടി പിറവന്തൂരിലെ ചെമ്പനരുവിയില്‍ ഉദ്ഘാടനം ചെയ്തത് സിപിഎം സംസ്ഥാന കമ്മിറ്റിയംഗം കെ രാജഗോപാലാണ്. പിറവന്തൂര്‍, പട്ടാഴി പഞ്ചായത്തുകളില്‍ പര്യടനം പൂര്‍ത്തിയാക്കി. ഗണേഷിന് ഒരു സ്വീകരണ യോഗങ്ങളിലും മുഖവുരയുടെ ആവശ്യമില്ല. ഇടതുമുന്നണി നേതാക്കള്‍ തന്നെ ഓരോ ദിവസത്തെയും പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുകയും, ഏകോപിപ്പിക്കുകയും ചെയ്യും.വിവരങ്ങളുടെ പൂര്‍ണരൂപം സ്ഥാനാര്‍ഥിയെയും അറിയിക്കും.
ആദ്യ സ്വീകരണ സ്ഥലത്തേയ്ക്ക് സ്വന്തം വാഹനത്തിലെത്തുന്ന ഗണേഷ് പിന്നീട് തുറന്ന ജീപ്പിലേക്ക്. ഓരോ സ്വീകരണസ്ഥലത്തും സ്വീകരിക്കാനെന്ന പോലെ നിവേദനം നല്‍കാനും ആളുകള്‍ കാത്തുനില്‍പ്പുണ്ടാവും. ആരെയും നിരാശരാക്കാതെ ഉറപ്പ് നല്‍കും. ഓരോ പ്രദേശത്തും ചെയ്ത വികസനനേട്ടങ്ങള്‍ നിരത്തും. പൂര്‍ത്തീകരണത്തിന് വോട്ടും തേടും. നാസിക് ഡോളും ഗാനമേളസംഘവും സ്ഥാനാര്‍ഥിക്ക് മുന്‍പേ സ്വീകരണസ്ഥലത്തെത്തി രംഗം കൊഴുപ്പിക്കും. പട്ടാഴി, പിറവന്തൂര്‍, വിളക്കുടി മണ്ഡലങ്ങളില്‍ ഗണേഷിന്റെ സ്വീകരണം പൂര്‍ത്തിയായി.
എന്‍ഡിഎ സ്ഥാനാര്‍ഥി ഭീമന് രഘുവിന്റെ സ്വീകരണ പരിപാടി വെട്ടിക്കവലയില്‍ നിന്നും ആരംഭിച്ചു.
കറുത്ത കൂളിംഗ് ഗ്ലാസും താമര ചിഹ്നമുള്ള വെളുത്ത ഷര്‍ട്ടും മുണ്ടുമാണ് തെരഞ്ഞെടുപ്പ് ഗോദയില്‍ ഭീമന് രഘുവിനെ വേറിട്ടു നിര്‍ത്തുന്നത്. പാതയോരങ്ങളിലും സ്വീകരണ സ്ഥലങ്ങളിലും കാത്തു നിന്നവരെ നിരാശരാക്കാതെ എല്ലാവരോടും കുശലം പറഞ്ഞും വോട്ടഭ്യര്‍ഥിച്ചും ഓരോ സ്ഥലത്തേക്കും പ്രയാണം.