പയ്യന്നൂരിന്റെ ‘അതിജീവന”ത്തിന് വന്‍ സ്വീകരണം

knr-athijeevanamപയ്യന്നൂര്‍: അതിജീവനത്തിന്റെ കഥയുമായി പയ്യന്നൂര്‍ പെരുമയില്‍ രൂപംകൊണ്ട ‘അതിജീവനം’ എന്ന ചലച്ചിത്രാവിഷ്കാരത്തിന് വന്‍ സ്വീകരണം. സൂപ്പര്‍-മെഗാ സ്റ്റാറുകളുടെ ബിഗ് ബഡ്ജറ്റ് ചിത്രങ്ങളുടെ തള്ളിക്കയറ്റത്തിനിടയിലും അതിജീവനത്തെ കലാസ്വാദകര്‍ ഇരുകയ്യും നീട്ടി  വരവേറ്റുവെന്ന റിപ്പോര്‍ട്ടാണ് പുറത്തുവരുന്നത്. അഭിനേതാക്കളും അണിയറ ശില്പികളും നിര്‍മാതാവും സംവിധായകനും പയ്യന്നൂര്‍ സ്വദേശികളാണെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.

എല്ലാം വിഷമയമായ കാലഘട്ടത്തില്‍ ജീവിക്കാനായുള്ള അവകാശ പോരാട്ടത്തിന്റെ കഥയാണ് മങ്കുന്നം ഫിലിംസിന്റെ ബാനറില്‍ പയ്യന്നൂര്‍ വടശേരിയിലെ എം.ശങ്കരന്‍ നമ്പൂതിരി നിര്‍മിച്ച അതിജീവനം. കേന്ദ്രകഥാപാത്രമായ സുധീഷ് ഒഴികെ മറ്റുള്ളവരെല്ലാം പയ്യന്നൂരുകാര്‍. ചിത്രീകരണം നടന്നതും പയ്യന്നൂരിലും പരിസരങ്ങളിലും.സംവിധായകനായ എസ്.വി.സജീവന്‍ കടന്നപ്പള്ളി സ്വദേശിയാണ്.തിരക്കഥയും സംഭാഷണവും ഒരുക്കിയ ചന്ദ്രന്‍ രാമന്തളി,സംഗീത സംവിധായകന്‍ കൈതപ്രം വിശ്വനാഥന്‍,എഡിറ്റര്‍ കെ.നാരായണന്‍, കാമറ കൈകാര്യം ചെയ്ത പ്രേമരാജ്, ഗാനരചയിതാവ് ബൈജു കാങ്കോല്‍ എന്നിവരെല്ലാം പയ്യന്നൂരുകാര്‍.

അഭിനേതാക്കളായ ബാബു അന്നൂര്‍, വി.പി.രാമചന്ദ്രന്‍, കെ.സി.കൃഷ്ണന്‍, നൗഷാദ് റഹ്മാന്‍, അരുണ്‍കുമാര്‍, കെ.യു.പവിത്രന്‍, ശങ്കരവാര്യര്‍, രവി, പ്രജ്ഞ, അശോക് ഷേണായി, രമേശന്‍, ബാബു കടന്നപ്പള്ളി, ഇ.പി.രാജേഷ്,അഹമ്മദ്,മാസ്റ്റര്‍ അലന്‍ ലോറന്‍സ്് എന്നിവരും പയ്യന്നൂരും പരിസരങ്ങളിലുമുള്ള പ്രതിഭകളാണ്.പയ്യന്നൂരിലെ നിരവധി സ്കൂള്‍ കുട്ടികളും അതിജീവനത്തിന്റെ കണ്ണികളായി മാറി.ചൂഷണങ്ങളിലൂടെ പ്രകൃതിയേയും നാടിന്റെ നന്മകളേയും ഇല്ലാതാക്കാന്‍ കച്ചകെട്ടിയിറങ്ങിയ ഗൂഢശക്തികളോടുള്ള ചെറുത്തുനില്‍പ്പിന്റെ കഥയാണ് പയ്യന്നൂരിന്റെ കലാപ്രതിഭകള്‍ ഹൃദയസ്പര്‍ശിയായി മലയാള സിനിമയ്ക്ക് നല്‍കിയിരിക്കുന്നത്.

Related posts