പയ്യന്നൂര്‍: സിപിഎം-ബിഎംഎസ് പ്രവര്‍ത്തകരുടെ വധത്തെ തുടര്‍ന്ന് നടന്ന അക്രമങ്ങളില്‍ സിപിഎം പ്രവര്‍ത്തകരായ രണ്ടുപേര്‍ അറസ്റ്റില്‍. കണ്ടോത്ത് അംമ്പലത്തറയിലെ കണ്ണാട സനൂപ് (23), ഓണക്കുന്നിലെ കെ.വി. പ്രശോഭ് (30) എന്നിവരാണ് അറസ്റ്റിലായത്. പുതിയങ്കാവിലെ കെ.പി. വൈദ്യനാഥന്റെ വീടും വാഹനവും അടിച്ചുതകര്‍ത്ത സംഭവത്തിലും മകന് ശ്യാംകുമാറിന്റെ കണ്ടോത്ത് കൂര്മ്പാ ഭഗവതി ക്ഷേത്രത്തിന് സമീപത്തെ സ്പെയര്‍പാര്‍ട്സ് ഷോപ്പ് അടിച്ചു തകര്‍ത്ത സംഭവത്തിലും ആര്‍ഷ വിദ്യാലയത്തിന് നേരെയുണ്ടായ അക്രമത്തിലുമാണ് സനൂപിനെ അറസ്റ്റ് ചെയ്തത്.
ബിജെപി മണ്ഡലം പ്രസിഡന്റ് കരിവെള്ളൂര്‍ വടക്കുമ്പട്ടെ എം.പി. രവീന്ദ്രന്റെ വീടും കാറും അടിച്ചുതകര്‍ത്ത സംഭവത്തിലും കുണ്ടത്തില്‍ ബാലന്റെ സലോറ ബേക്കറി തകര്‍ത്ത കേസിലുമാണ് പ്രശോഭിനെ അറസ്റ്റ്ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ ഇവരെ രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തു. രണ്ടു സംഭവങ്ങളിലുമായി രണ്ടുപേരെ നേരത്തേ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. പയ്യന്നൂരും പരിസരങ്ങളിലുമായി നടന്ന സംഭവങ്ങളില്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത 18 കേസുകളിലായി സിപിഎം പ്രവര്‍ത്തകരായ 281 പേരും ബിജെപി പ്രവര്‍ത്തകരായ 40 പേരുമാണ് പ്രതികള്‍. അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട കൂടുതല്‍ അറസ്റ്റുകള്‍ ഉടന്‍ ഉണ്ടാകുമെന്ന് പോലീസ് പറഞ്ഞു.