പയ്യാവൂരില്‍ പോലീസിനെ ആക്രമിച്ച് പ്രതിയെ മോചിപ്പിക്കാന്‍ ശ്രമം; 3 പേര്‍ അറസ്റ്റില്‍

KNR-ARRESTശ്രീകണ്ഠപുരം: പയ്യാവൂരില്‍ പോലീസിലെ ആക്രമിച്ച് പ്രതിയെ മോചിപ്പിക്കാന്‍ ശ്രമം. ഇന്നലെ രാത്രി പത്തോടെയായിരുന്നു സംഭവം. സംഭവവുമായി ബന്ധപ്പെട്ട് മൂന്നുപേരെ പോലീസ് അറസ്റ്റ് ചെയ്തു.    പയ്യാവൂരിലെ ആനിമൂട്ടില്‍ സജി എന്ന തെരണ്ടി സജി (43), ചമതച്ചാലിലെ പി.കെ. സോജന്‍ (29), കാക്കോത്ത് കാവിലെ പഴയമ്പള്ളിയില്‍ ജോണി (39) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇന്നലെ വൈകുന്നേരം ആറോടെ കൂട്ടുമുഖത്ത് പൊതുസ്ഥലത്ത് മദ്യപിച്ച് ബഹളമുണ്ടാക്കിയതിന് തെരണ്ടി സജിയെ എസ്‌ഐ ശിവന്‍ ചോടത്ത് പിടികൂടിയിരുന്നു. ഇയാളെ സ്റ്റേഷനിലെത്തിച്ച് ചോദ്യം ചെയ്യുന്നതിനിടെ എഎസ്‌ഐ എല്‍. ജബ്ബാറിനെ തള്ളിയിട്ട് ഇയാള്‍ രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും സ്റ്റേഷന് മുന്നിലെ റോഡില്‍ വച്ച് പിടികൂടി.

ഇതിനുശേഷം സോജന്‍, ജോണി എന്നിവര്‍ പോലീസ് സ്‌റ്റേഷനിലെത്തി എസ്‌ഐ ഉള്‍പ്പെടെയുള്ള പോലീസുകാരെ മര്‍ദിച്ച് പ്രതിയെ മോചിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. പരിക്കേറ്റ എസ്‌ഐ ശിവന്‍ ചോടത്ത് (30), എഎസ്‌ഐ എല്‍. ജബ്ബാര്‍ (45), സീനിയില്‍ സിവില്‍ പോലീസ് ഓഫീസര്‍ പി.കെ. മുഹമ്മദ് (46) എന്നിവര്‍ കൂട്ടുമുഖം സിഎച്ച്‌സിയില്‍ ചികിത്സതേടി. അറസ്റ്റിലായ പ്രതികളെ ഇന്നു ഉച്ചകഴിഞ്ഞ് തളിപ്പറമ്പ് കോടതിയില്‍ ഹാജരാക്കും.

Related posts