പയ്യോളി: ദേശീയപാതയ്ക്കടുത്ത് പെരുമാള്‍പുരത്ത് വീട്ടമ്മയും മകനും കൊല്ലപ്പെട്ടു. കുന്നുമ്മല്‍ നജാത്ത് ഇസ്മയിലി(45)ന്റെ ഭാര്യ തിക്കോടി തൈവളപ്പില്‍ നസീമ (40), മകന്‍ നാസിം (8) എന്നിവരാണ് മരിച്ചത്. ഭാര്യയെയും മകനെയും ഇസ്മയില്‍ കഴുത്തില്‍ കയര്‍മുറുക്കി കൊലപ്പെടുത്തിയെന്നാണ് പോലീസ് പറയുന്നത്. സംഭവത്തിനു ശേഷം ജീവനൊടുക്കാന്‍ ശ്രമിച്ച ഇസ്മയിലിനെ നാട്ടുകാര്‍ ഇടപെട്ട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് പുലര്‍ച്ചെ നാലിനു ശേഷമാണ് നാടിനെ നടുക്കിയ സംഭവം.
വീട്ടിലുണ്ടായിരുന്ന ഇസ്മയിലിന്റെ ഉമ്മ ഫാത്തിമ (80), മറ്റൊരുമകന്‍ നബീല്‍ (14) എന്നിവരെയും ഇയാള്‍ അക്രമിച്ചിട്ടുണ്ട്. പുലര്‍ച്ചെ അസ്വാഭാവികമായ ശബ്ദം കേട്ടുണര്‍ന്ന ഫാത്തിമയെ ഇസ്മയില്‍ കൊലപ്പെടുത്താന്‍ ശ്രമിക്കുയായിരുന്നു. തല ചുമരിലിടിപ്പിച്ചതിനെ തുടര്‍ന്നാണ് ഇവര്‍ക്ക് പരിക്കേറ്റത്. മകളായ പ്ലസ്ടു വിദ്യാര്‍ഥിനി നസിയ വീ്ട്ടിലുണ്ടായിരുന്നെങ്കിലും അക്രമിക്കപ്പെട്ടിട്ടില്ല.
നസിയയും ഫാത്തിമയും ബഹളം വച്ചതു കേട്ട് പരിസരവാസികള്‍ എത്തിയതോടെയാണ് കൊലപാതകവിവരം അറിയുന്നത്. ഇതിനിടെ നേരത്തേ തയ്യാറാക്കി വച്ച കുരുക്കില്‍ തൂങ്ങിമരിക്കാന്‍ ഇസ്മയില്‍ ശ്രമിക്കുകയായിരുന്നു. നാട്ടുകാര്‍ രക്ഷപ്പെടുത്തിയ ഇയാള്‍ക്കു പ്രദേശത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രാഥമിക ചികിത്സ നല്കിയ ശേഷം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റി. പരിക്കേറ്റ ഫാത്തിമയെയും നബീലിനെയും മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.
നന്തി സ്വദേശിയായ ഇസ്മയില്‍ 15 വര്‍ഷത്തോളമായി പെരുമാള്‍ പുരത്താണ് താമസം. മത്സ്യത്തൊഴിലാളിയായ ഇയാള്‍ പൊതുവേ ശാന്തസ്വഭാവക്കാരനാണെന്ന് നാട്ടുകാര്‍ പറയുന്നു. പുലര്‍ച്ചെ ജോലിക്കു പോകാറാണ് പതിവ്. ഇസ്മയിലിന്റെ സഹോദരന്‍ ബഷീര്‍ ഇയാളുടെ വീടിനു തൊട്ടടുത്തു തന്നെയാണ് താമസം. മത്സ്യത്തൊഴിലാളിയായ ഇദ്ദേഹത്തോട് തനിക്ക് വയറിനു സുഖമില്ലെന്നും പുലര്‍ച്ചെ വിളിക്കേണ്ടെന്നും ഇന്നലെ പറഞ്ഞിരുന്നു.
കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഇസ്മയില്‍ അസ്വസ്ഥനായിരുന്നുവെന്നാണ് നാട്ടുകാര്‍ പറയുന്നത്. പലരോടും ഇനി കാണില്ലെന്ന മട്ടില്‍ സംസാരിച്ചിട്ടുണ്ട്. പയ്യോളി പോലീസ് സ്‌റ്റേഷന്‍ പരിധിയാലാണ് സംഭവം. പയ്യോളിയില്‍ സ്ഥലം മാറ്റം ലഭിച്ച സിഐ ചുമതലയേല്‍ക്കാത്തതിനാല്‍ കൊടുവള്ളി സിഐ മേല്‍നടപടികള്‍ സ്വീകരിക്കുമെന്നാണറിയുന്നത്. വടകര ഡിവൈഎസ്പി പ്രജീഷ് തോട്ടത്തില്‍ സംഭവസ്ഥലം സന്ദര്‍ശിച്ചു.