തിരുവനന്തപുരം: പരവൂര്‍ ദുരന്ത ദിവസം പ്രധാനമന്ത്രി സംഭവ സ്ഥലം സന്ദര്‍ശിക്കാന്‍ എത്തുന്നതിനെ പോലീസ് എതിര്‍ത്തിരുന്നുവെന്ന് ഡിജിപി ടി.പി.സെന്‍കുമാറിന്റെ വെളിപ്പെടുത്തല്‍. ദുരന്ത സ്ഥലത്തായിരുന്ന പോലീസുകാരെ പ്രധാനമന്ത്രിയുടെ സുരക്ഷയ്ക്ക് നിയോഗിക്കേണ്ടി വരുമെന്ന കാരണത്താലാണ് സന്ദര്‍ശനത്തെ എതിര്‍ത്തതെന്നും ഡിജിപി പറഞ്ഞു. ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഡിജിപി ഇക്കാര്യം പറഞ്ഞത്.
ദുരന്തം അറിഞ്ഞതിന് പിന്നാലെ പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്നും മുഖ്യമന്ത്രിയെ സന്ദര്‍ശന വിവരം അറിയിച്ചു. മുഖ്യമന്ത്രി തന്നെ വിളിച്ച് പ്രധാനമന്ത്രി എത്തുന്ന കാര്യം ഔദ്യോഗികമായി അറിയിക്കുകയും ചെയ്തു. എസ്പിജി ഉദ്യോഗസ്ഥര്‍ പിന്നീട് വിളിച്ചപ്പോള്‍ താന്‍ സുരക്ഷയൊരുക്കുന്നതിലെ ബുദ്ധിമുട്ട് അറിയിച്ചു. സന്ദര്‍ശനം പിറ്റേ ദിവസത്തേക്ക് മാറ്റണമെന്നും നിര്‍ദ്ദേശിച്ചു. എന്നാല്‍ പ്രധാനമന്ത്രി ദുരന്തസ്ഥലം സന്ദര്‍ശിക്കാന്‍ തീരുമാനിച്ചുവെന്നും ഇനി മാറ്റാന്‍ കഴിയില്ലെന്നും എസ്പിജി അറിയിച്ചതിനാല്‍ പോലീസ് സുരക്ഷയൊരുക്കാന്‍ നിര്‍ബന്ധിതരായി.
പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തെക്കുറിച്ച് ഡിജിപി ഇക്കാര്യം പറഞ്ഞത് എന്തിനാണെന്ന് അറിയില്ലെന്നാണ് ബിജെപി നേതാവ് എം.ടി.രമേശ് പ്രതികരിച്ചത്. പ്രധാനമന്ത്രി സുരക്ഷാ കാര്യങ്ങള്‍ അവഗണിച്ചാണ് സ്ഥലത്ത് എത്തിയത്. പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിച്ചപ്പോള്‍ പോലും ആരെയും മാറ്റിനിര്‍ത്തിയില്ലെന്നും എം.ടി.രമേശ് പറഞ്ഞു.
ഡിജിപിയുടെ പ്രസ്താവനയോട് കേന്ദ്ര സര്‍ക്കാര്‍ പ്രതികരിച്ചിട്ടില്ല. അതേസമയം ഡിജിപിയുടെ വാക്കുകളെ മാധ്യമങ്ങള്‍ വളച്ചൊടിച്ചുവെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. ദുരന്ത മുഖത്ത് ആശ്വാസമായി പ്രധാനമന്ത്രിയും രാഹുല്‍ ഗാന്ധിയും സീതാറാം യെച്ചൂരിയും എല്ലാം എത്തിയത് നല്ലതാണെന്നും ചെന്നിത്തല പറഞ്ഞു.