ഇനിയൊരു പ്രളയ ദുരന്തം കേരളത്തില്‍ ഉണ്ടാവില്ല! കൃത്രിമ ബുദ്ധിയുടെ സഹായത്തോടെ കൃത്യമായ കാലാവസ്ഥാ പ്രവചനം നടത്താന്‍ സന്നദ്ധത അറിയിച്ച് ഗൂഗിള്‍ ഇന്ത്യ

അടുത്ത കാലങ്ങളില്‍ വച്ച് കേരളത്തെ ഞെട്ടിച്ച വലിയ ദുരന്തമാണ് ഓഗസ്റ്റ് മാസത്തിലുണ്ടായ പ്രളയം. തികച്ചും അപ്രതീക്ഷിതമായ സമയത്തുണ്ടായ പ്രളയം കേരളത്തിലെ ഒട്ടുമിക്ക ആളുകളെയും ഭയപ്പെടുത്തി കളഞ്ഞു. അനേകമാളുകള്‍ക്ക് ജീവന്‍ നഷ്ടമാവുകയും പലര്‍ക്കും തങ്ങളുടെ വീടും സ്ഥലവും ദേശവും പോലും നഷ്ടപ്പെടുകയും ചെയ്യുന്ന അവസ്ഥയുമുണ്ടായി.

ഇപ്പോഴിതാ അങ്ങനെയൊരു അവസ്ഥ മേലില്‍ ഉണ്ടാവാതിരിക്കുക എന്ന ലക്ഷ്യത്തോടുകടി ടെക് ലോകത്തെ വമ്പന്മാരിലൊന്നായ സെര്‍ച്ച് എന്‍ജിന്‍ ഭീമന്‍ ഗൂഗിള്‍, പ്രളയ മുന്നറിയിപ്പ് ലക്ഷ്യമിട്ട് ഇന്ത്യയില്‍ വന്‍ പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നു.

ഇന്ത്യയില്‍ ഇനി പ്രളയ ദുരന്തം ആവര്‍ത്തിക്കാതിക്കാന്‍ ലക്ഷ്യമിട്ടുള്ളതാണ് ഗൂഗിള്‍ പദ്ധതി. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സഹായത്തോടെ കൃത്യമായ കാലാവസ്ഥാ പ്രവചനം നടത്തും. ഇതിലൂടെ പ്രളയദുരിതത്തിന്റെ വ്യാപ്തി കുറയ്ക്കാന്‍ സാധിക്കുമെന്നാണ് ഗൂഗിള്‍ ഇന്ത്യയുടെ പ്രതീക്ഷ.

ലോകത്തിലെ ഏറ്റവും വലിയ ദുരന്തങ്ങളിലൊന്നാണ് പ്രളയമെന്നും ഓരോ വര്‍ഷവും 250 ദശലക്ഷം പേരാണ് പ്രളയബാധിതരാകുന്നതെന്നും ഗൂഗിള്‍ നേരത്തെ പുറത്തിറക്കിയ ഗ്രാഫിക്‌സിലുണ്ടായിരുന്നു. ശാസ്ത്രത്തിന്റെയും നിര്‍മിത ബുദ്ധിയുടെയും പിന്തുണയോടെ പെട്ടെന്ന് തന്നെ, കൃത്യമായ പ്രളയ മുന്നറിയിപ്പുകള്‍ നല്‍കാനാകും. അപകടകരമായ പ്രദേശങ്ങള്‍ അതിവേഗം കണ്ടെത്തി റിപ്പോര്‍ട്ട് ചെയ്യാനുമാകും.

ഗൂഗിളിന്റെയും സാറ്റ്ലൈറ്റുകളില്‍ നിന്നുമുള്ള ഡേറ്റകള്‍ ഇതിനായി ഉപയോഗപ്പെടുത്തും. ഗൂഗിളിന്റെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഫോര്‍ സോഷ്യല്‍ ഗുഡ് എന്ന പദ്ധതിയുടെ ഭാഗമായാണ് കാലാവസ്ഥാ പ്രവചന പദ്ധതി നടപ്പിലാക്കുന്നത്. മുന്നറിയിപ്പുകളെല്ലാം പെട്ടെന്ന് തന്നെ ഗൂഗിള്‍ സെര്‍ച്ച് വഴി ജനങ്ങളിലെത്തിക്കും. കേന്ദ്ര ജലവിഭവ മന്ത്രാലയവുമായി ചേര്‍ന്നാണ് ഗൂഗിളിന്റെ പ്രളയ മുന്നറിയിപ്പ് പദ്ധതി നടപ്പിലാക്കാന്‍ പോകുന്നത്. ഇതിന്റെ ഭാഗമായി മുന്‍വര്‍ഷങ്ങളിലെ മഴ, പ്രളയം, പ്രകൃതി ദുരന്തങ്ങള്‍ എന്നിവയുടെ എല്ലാം ഡേറ്റകള്‍ ഗൂഗിളിനു കൈമാറും.

Related posts