പരിയാരം: ഒടുവില്‍ പരിയാരം പോലീസ് സ്‌റ്റേഷന്‍ പരിസരത്തെ വാഹനങ്ങള്‍ ലേലം ചെയ്തു വില്‍ക്കാന്‍ തീരുമാനം. നാട്ടുകാര്‍ക്കും പോലീസുകാര്‍ക്കും ഇത് ഒരു പോലെ ആശ്വാസം പകര്‍ന്നിരിക്കയാണ്. സ്റ്റേഷന്‍ പരിസരത്ത് നൂറുകണക്കിന് വാഹനങ്ങളാണ് നിര്‍ത്തിയിട്ടിരിക്കുന്നത്. സ്റ്റേഷന്‍ വളപ്പില്‍ നിന്ന് പുറത്തേക്ക് നീണ്ട വാഹനനിര ഇപ്പോള്‍ പരിയാരം കടന്നപ്പള്ളി റോഡിലേക്കും കടന്നിരിക്കയാണ്. റോഡിന് ഇരുവശത്തും അപകടത്തില്‍പ്പെട്ടതും കണ്ടുകെട്ടിയതുമായ വാഹനങ്ങളുടെ നീണ്ട നിരതന്നെയാണ്.
ഇത് കാല്‍നടക്കാര്‍ക്ക് പോലും ദുരിതമായി മാറിയ കാര്യം രാഷ്്ട്രദീപിക നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ജില്ലയില്‍ ഏറ്റവും കൂടുതല്‍ വാഹനാപകടങ്ങള്‍ നടക്കുന്നത് പരിയാരം പോലീസ് സ്‌റ്റേഷന്‍ പരിധിയിലായതിനാല്‍ അപകടത്തില്‍പെട്ട വാഹനങ്ങള്‍ തന്നെയാണ് കൂടുതലായും ഇവിടെ സൂക്ഷിച്ചിരിക്കുന്നത്. വലിയ ലോറികള്‍ അപകടത്തില്‍ പെടുന്ന സംഭവങ്ങള്‍ കൂടുതലായതിനാല്‍ ഇവ സൂക്ഷിക്കാനാണ് പോലീസ് ഏറെ ബുദ്ധിമുട്ടുന്നത്.
വര്‍ഷങ്ങളായി മഴയും വെയിലുമേറ്റ് മിക്കതും തുരുമ്പിച്ച നിലയിലാണ്. നൂറുകണക്കിന് ചാക്കുകളിലാക്കി സൂക്ഷിച്ചിരിക്കുന്ന മണലും ലേലം ചെയ്ത് വില്‍ക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്. സ്‌റ്റേഷന്‍ പരിസരത്ത് സൂക്ഷിച്ചിരിക്കുന്ന വാഹനങ്ങള്‍ക്ക് അവകാശികള്‍ ഉണ്ടെങ്കില്‍ പരിയാരം പോലീസ് സ്‌റ്റേഷന്‍ സബ് ഇന്‍സ്‌പെക്ടര്‍ മുമ്പാകയോ കണ്ണൂര്‍ നര്‍കോട്ടിക് സെല്‍ ഡിവൈഎസ്പി മുമ്പാകയോ ഹാജരായി അവകാശം ഉന്നയിക്കണം. അല്ലാത്തപക്ഷം അവകാശികളില്ലാത്തതായി കണക്കാക്കി സര്‍ക്കാരിലേക്ക് മുതല്‍കൂട്ടും. ലേലം ചെയ്യുന്ന വാഹനങ്ങളുടെ വിശദമായ ലിസ്റ്റ് പരിയാരം പോലീസ് സ്‌റ്റേഷന്‍ നോട്ടീസ് ബോര്‍ഡില്‍ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്.