തിരുവനന്തപുരം: ഉമാശേരി മാധവന്‍ സ്മാരക ചാരിറ്റബിള്‍ ട്രസ്റ്റ് ഏര്‍പ്പെടുത്തിയ ഉമാശേരി മാധവന്‍ ചാരിറ്റി പുരസ്കാരം വാവ സുരേഷിന് സമ്മാനിച്ചു. ശ്രീചിത്ര ഹോമില്‍ നടന്ന ചടങ്ങില്‍ ഭരണപരിഷ്കാര കമ്മീഷന്‍ ചെയര്‍മാന്‍ വി.എസ് അച്യുതാനന്ദനാണ് പുരസ്കാരം സമ്മാനിച്ചത്.
തനിക്ക് ചുറ്റുമുള്ള മനുഷ്യരുടെ കണ്ണീരൊപ്പാനും അവരെ സഹായിക്കാനും ജീവിതം നീക്കിവെക്കുക എന്നത് മഹത്തായ കാര്യമാണെന്ന് വി.എസ് പറഞ്ഞു. അത്തരത്തില്‍ വ്യക്തിത്വം തെളിയിച്ച വ്യക്തിയായിരുന്നു ഉമാശേരി മാധവന്‍. അദ്ദേഹത്തിന്റെ പേരിലുള്ള പുരസ്കാരം ഇത്തവണ വാവ സുരേഷിന് നല്‍കുന്നുവെന്നത് ഉചിതമാണ്.
സഹജീവികളുടെയും ജന്തുജാലങ്ങളുടെയും സംരക്ഷകനാണ് സുരേഷ്. പാമ്പുകളുടെ തോഴനായ സുരേഷ് അമ്പതിനായിരത്തിലധികം പാമ്പുകളെ പിടിക്കുകയും അവയുടെ അവാസവ്യവസ്ഥക്ക് അനുസൃതമായ വനമേഖലയില്‍ കൊണ്ടുപോയി വിടുകയും ചെയ്തിട്ടുണ്ട്. ഇതുവഴി ജനങ്ങളെ സുരക്ഷിതരാക്കുകയാണ് സുരേഷ് ചെയ്യുന്നതെന്നും വി എസ് ചൂണ്ടിക്കാട്ടി.
ഉമാശേരി ട്രസ്റ്റ് ചെയര്‍മാന്‍ ബാബു ഉമാശേരി അധ്യക്ഷത വഹിച്ചു. ചിത്രഹോം സൂപ്രണ്ട് കെ കെ ഉഷ, ചുനക്കര ജനാര്‍ദനന്‍ നായര്‍, മുരുകന്‍ തെരുവോരം, രാജേന്ദ്രന്‍ അക്ഷര, ജി എസ് ഉണ്ണി, കെ രമണന്‍, വി അനില്‍ ബോസ്, ജെ സോമന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.