നെയ്യാറ്റിന്‍കര: രാജ്യം സ്വാതന്ത്ര്യം നേടിയതിന്റെ ഏഴു പതിറ്റാണ്ടു പൂര്‍ത്തിയാകുന്ന വേളയില്‍ ഈ വിപ്ലവദമ്പതികള്‍ അനാരോഗ്യം മൂലം ആശുപത്രിവാസത്തിലാണ്. ഇന്ന് കേരളം ഭരിക്കുന്ന പാര്‍ട്ടിക്ക് സംസ്ഥാന അതിര്‍ത്തി ഗ്രാമത്തില്‍ വ്യക്തമായ ആധിപത്യം സ്ഥാപിക്കുന്നതില്‍ നിര്‍ണായക പങ്കു വഹിച്ചവരാണ് ആയുസിന്റെ പുസ്തകത്തില്‍ പ്രായം എണ്‍പതു തികഞ്ഞ കുന്നത്തുകാല്‍ കെ.പി ശ്രീധരന്‍നായരും ഭാര്യ 76 കാരിയായ എല്‍.സി ലീലാവതിയും. പഴയ കാലത്തെ പൊതുപ്രവര്‍ത്തനത്തിന്റെ ഭാഗമായി പോലീസ് സ്റ്റേഷന്‍ റെക്കോര്‍ഡുകളില്‍ ഇവര്‍ എത്രയോ കേസുകളിലെ പ്രതികള്‍. പോരാട്ടത്തിന്റെയും കൊടുംയാതനകളുടെയും പ്രക്ഷോഭഭരിതമായ ഇന്നലെകള്‍ ഇവര്‍ക്ക് സമ്മാനിച്ച അനാരോഗ്യത്തിന്റെ വര്‍ത്തമാനത്തിലും മറക്കാനാവാത്ത ചില യാഥാര്‍ഥ്യങ്ങളുണ്ട്.
ശ്രീധരന്‍നായര്‍ സിപിഎം കാരക്കോണം ബ്രാഞ്ച് സെക്രട്ടറിയായിരുന്നപ്പോള്‍, സ്കൂള്‍ വിദ്യാര്‍ഥിയായിരുന്ന സി.കെ ഹരീന്ദ്രന്‍ ഇന്ന് പാറശാല നിയോജകമണ്ഡലം എംഎല്‍എ. ദീര്‍ഘകാല പ്രവര്‍ത്തനങ്ങള്‍ക്കു ശേഷം ഇദ്ദേഹം കുന്നത്തുകാല്‍ ലോക്കല്‍ കമ്മിറ്റി അംഗമായിരുന്നപ്പോള്‍ സെക്രട്ടറിയായിരുന്ന ആനാവൂര്‍ നാഗപ്പന്‍ ഇന്ന് പാര്‍ട്ടിയുടെ തിരുവനന്തപുരം ജില്ലാ സെക്രട്ടറി. അടിയന്തരാവസ്ഥക്കാലത്തെ സഹതടവുകാരിലൊരാളായ കടകംപള്ളി സുരേന്ദ്രന്‍ ഇന്ന് സംസ്ഥാനത്തെ മന്ത്രി. അടിയന്തരാവസ്ഥക്കാലത്ത് ജയില്‍വാസം അനുഭവിച്ച കണ്ണൂരിലെ പിണറായി വിജയന്‍ ഇന്ന് മുഖ്യമന്ത്രി.
തിരുവനന്തപുരം കണ്ണംമൂലയില്‍ നിന്നും മാതാപിതാക്കളോടൊപ്പം ഒറ്റശേഖരമംഗലത്തെത്തിയ ശ്രീധരന്‍നായര്‍ പതിനെട്ടാം വയസില്‍ പാര്‍ട്ടി അംഗത്വം സ്വീകരിച്ചു. യുവജനസമാജം കിസാന്‍ വായനശാല പ്രവര്‍ത്തന കാലയളവില്‍ തോന്നിയ പുസ്തകപ്രസിദ്ധീകരണ താത്പര്യം കുന്നനാട് പ്രൈമറി സ്കൂളിലെ ഹെഡ്മാസ്റ്ററായിരുന്ന കെ.സി ചന്ദ്രശേഖരപിള്ളയുമായുള്ള സൗഹൃദത്തിന് ഇടയാക്കി. പിന്നീട് അദ്ദേഹത്തിന്റെ മകള്‍ ലീലാവതിയമ്മ ശ്രീധരന്‍നായരുടെ പത്‌നിയായി. കുന്നത്തുകാലില്‍ പാര്‍ട്ടിയുടെ ബ്രാഞ്ച് രൂപീകരിക്കാന്‍ അക്ഷീണം പ്രയത്‌നിച്ച ശ്രീധരന്‍നായരെ ആദ്യ സെക്രട്ടറിയായും തെരഞ്ഞെടുത്തു. പില്‍ക്കാലത്ത് കുന്നത്തുകാല്‍ പഞ്ചായത്ത് പ്രസിഡന്റുമാരായ പി. കുട്ടന്‍, ജി. ബാലകൃഷ്ണപിള്ള എന്നിവരെ പാര്‍ട്ടിയിലേയ്ക്ക് കൊണ്ടുവന്നതും ശ്രീധരന്‍നായരാണ്. ഇടുക്കി ജില്ലയിലെ പശുപാറ, ഉപ്പുതറ, പീരുമേട്, ദേവികുളം, തിരുവനന്തപുരം നെടുമങ്ങാടിനു സമീപം ബ്രൈമൂര്‍ മുതലായവിടങ്ങളില്‍ നടന്ന തൊഴിലാളി സമരങ്ങളില്‍ ശ്രീധരന്‍നായരും ലീലാവതിയും പങ്കെടുത്തിട്ടുണ്ട്.
കവളാകുളം, നുള്ളിയോട് എന്നിവിടങ്ങളിലെ മിച്ചഭൂമി സമരങ്ങളില്‍ ശ്രീധരന്‍നായരും മുടവന്‍മുകള്‍ സമരത്തില്‍ സഖാവ് എകെജി യോടൊപ്പം ലീലാവതിയും പങ്കെടുത്തതും വിപ്ലവ സ്മരണകളില്‍ മങ്ങാതെ ബാക്കി. ഇമ്പിച്ചിബാവ പിരിച്ചുവിട്ട കെഎസ്ആര്‍ടിസി തൊഴിലാളികളെ തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ട് സംഘടിപ്പിച്ച സമരത്തിലും എന്‍ജിഒ യൂണിയന്‍ നടത്തിയ അധ്യാപക സമരത്തിലും ശ്രീധരന്‍നായരും ഭാഗമായി. മഹിളാ ഫെഡറേഷന്‍ ജില്ലയുടെ മുന്‍നിര നേതാക്കളിലൊരാളായിരുന്ന ലീലാവതിയമ്മ കെ.ആര്‍ ഗൗരിയമ്മയോടും ജെ. ശാരദാംബയോടുമൊപ്പം നിരവധി പ്രക്ഷോഭങ്ങളില്‍ പങ്കെടുത്തത് ഇന്നും അഭിമാനത്തോടെ ഓര്‍ക്കുന്നു.
നരകതുല്യമായ അടിയന്തരാവസ്ഥക്കാലവും ഈ ദമ്പതികള്‍ക്ക് മറക്കാനാവില്ല. അട്ടക്കുളങ്ങര ജയിലിലായിരുന്നു 74 ദിവസത്തെ തടവുകാലം. കടകംപള്ളി സുരേന്ദ്രന്‍, ആര്‍. ശെല്‍വരാജ്, ആറ്റിങ്ങല്‍ സുഗുണന്‍, വിതുര തമ്പുപിള്ള, ജവഹര്‍, ബാലരാമപുരം ജോണ്‍ മുതലായവരായിരുന്നു സഹതടവുകാര്‍. രാവിലെ മൂന്നു കൊഴുക്കട്ടയും ഒരു കട്ടന്‍ചായയുമാണ് ആഹാരം. ഉച്ചഭക്ഷണം പതിനൊന്നേ മുക്കാലിനാണ്. മണി മുഴങ്ങുമ്പോള്‍ ചോറ് എത്തും. വൈകുന്നേരം ആറരയ്ക്ക് പുഴുക്കും മൂന്നു ഗോതമ്പ് ഉണ്ടയും. ജയിലിലെ ആഹാരത്തിന്റെ ശീലം ഇന്നും ശ്രീധരന്‍നായര്‍ തുടരുന്നു. ഉച്ചയ്ക്ക് കൃത്യം പന്ത്രണ്ടിന് ശ്രീധരന്‍നായരും ഭാര്യയും ചോറുണ്ണും.
മക്കള്‍ക്ക് വിദ്യയല്ലാതെ മറ്റൊരു ധനവും നല്‍കാനായിട്ടില്ലെന്ന് ശ്രീധരന്‍നായരുടെയും ലീലാവതിയുടെയും സങ്കടസാക്ഷ്യം. മൂത്ത മകള്‍ ഷീല എംഎ മലയാളവും മറ്റൊരു മകള്‍ ഷാജി എംഎ ചരിത്രവും ഹിന്ദിയും മകന്‍ രാജശേഖരന്‍ എംഎയും ബിഎഡും വിജയകരമായി പൂര്‍ത്തിയാക്കി. ഇവര്‍ക്കാര്‍ക്കും സര്‍ക്കാര്‍ ഉദ്യോഗമില്ല. ഡിവൈഎഫ്‌ഐ യുടെ ഉശിരന്‍ നേതാവായിരുന്നിട്ടും രാജശേഖരന് ജീവിതമാര്‍ഗം തേടി നാടുവിടേണ്ടി വന്നു. ഷീലയെ കൊല്ലം ചാത്തന്നൂര്‍ സ്വദേശി ഫ്രാന്‍സിസും ഷാജിയെ കോഴിക്കോടുകാരന്‍ ഷംസുദ്ദീനും മകന്‍ രാജശേഖരന്‍ കല്‍പ്പന എന്ന യുവതിയെയും വിവാഹം ചെയ്തു. അസ്ത്രം, സര്‍പ്പഗന്ധി, സംഗമസമതലം, ആ ബന്ധം ഇനി തുടരണമോ എന്നീ നാടകങ്ങളും കറിവേപ്പില, മൂടില്ലാത്താളി, ഈച്ച മുതലായ നോവലുകളും നൂറോളം ചെറുകഥകളും ശ്രീധരന്‍നായര്‍ രചിച്ചു. ആദ്യനാടകം ഉദ്ഘാടനം ചെയ്തത് ഗുരു ഗോപിനാഥ്. ഗാനരചന പൂവച്ചല്‍ ഖാദര്‍.
1990 -ല്‍ ഹൃദ്രോഗബാധിതനായ ശ്രീധരന്‍നായര്‍ കഴിഞ്ഞ ദിവസം തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വിദഗ്ധ ചികിത്സയ്ക്കായെത്തി. ലീലാവതിയമ്മയ്ക്ക് ശ്വാസംമുട്ടലിന്റെ പ്രശ്‌നങ്ങളുണ്ട്. ഇരുവരുടെയും ചികിത്സയുടെയും വീട്ടുചെലവുകളുടെയുമൊക്കെ ആശ്രയം റോഡരികിലെ ബങ്ക് കടയിലെ തുച്ഛമായ വരുമാനവും. കണ്ണംമൂല കുന്നുകുഴി പ്രൈമറി സ്കൂളില്‍ പഠിക്കവേ സഖാവ് കെ. അനിരുദ്ധന്‍ (അഡ്വ. എ. സമ്പത്ത് എംപി യുടെ പിതാവ്) സീനിയറായിരുന്നു. ഒറ്റശേഖരമംഗലത്ത് ഗ്രന്ഥശാല പ്രവര്‍ത്തനങ്ങളിലും മറ്റും അടുത്ത കൂട്ടുകാരനായിരുന്ന ഇ.എന്‍ മുരളീധരന്‍നായര്‍ പിന്നീട് മുഖ്യമന്ത്രി ഇ.കെ നായനാരുടെ പ്രൈവറ്റ് സെക്രട്ടറിയായി. ജനാര്‍ദനപുരം സ്കൂള്‍ സ്ഥാപിതമായ കാലത്ത് ആര്‍. ജനാര്‍ദ്ദനന്‍നായര്‍, ആര്‍. പരമേശ്വരന്‍പിള്ള, പിരപ്പിന്‍കോട് മുരളി, സി.കെ സീതാറാം എന്നിങ്ങനെയുള്ള പ്രമുഖന്മാരായിരുന്നു സുഹൃത്തുക്കള്‍.
കുന്നത്തുകാല്‍ പഞ്ചായത്ത് പാര്‍ട്ടിയുടെ സ്വന്തം പഞ്ചായത്തായി ഇന്നും നിലകൊള്ളുന്നു. കേരളത്തില്‍ പല തവണ ഇടതുപക്ഷം അധികാരത്തിലെത്തി. വാടകവീട്ടില്‍ ജനിച്ച്, വാടകവീട്ടില്‍ വളര്‍ന്ന്, വാടകവീട്ടില്‍ കഴിയുന്ന, സ്വന്തം ജീവിതം പാര്‍ട്ടിക്കായി സമര്‍പ്പിച്ച ശ്രീധരന്‍നായരും ലീലാവതിയമ്മയും പാര്‍ട്ടിയോടും നേതാക്കളോടും യാതൊന്നും ആവശ്യപ്പെട്ടിട്ടില്ല. കാണേണ്ടവര്‍ കാണാതെ പോകുമ്പോഴും ഈ വിപ്ലവദമ്പതികള്‍ക്ക് ആരോടും പരാതിയോ പരിഭവമോ ഇല്ല…