പാറശാല : പാറശാലയില്‍ റെയില്‍വേ സ്റ്റേഷനിലെ പാര്‍ക്കിംഗ് കരാറുകാരന്റെ ഗുണ്ടാ വിളയാട്ടം മൂലം യാത്രക്കാരും ടിക്കറ്റ് എടുക്കാന്‍ പോകുന്നവരും വലയുന്നു. പോലീസില്‍ പരാതികള്‍ നല്‍കിയിട്ടും യാതൊരു നടപടിയുമില്ലെന്ന് ആക്ഷേപം. ഇരുചക്രവാഹനമുള്‍പ്പെടെയുള്ള വാഹനത്തില്‍ എത്തുന്നവരുടെ പാര്‍ക്കിംഗ് ഫീസിനെ ചൊല്ലിയാണ് സ്ഥിരമായി പ്രശ്‌നങ്ങള്‍ കരാറുകാരന്‍ ഉണ്ടാകുന്നത്. ഇതുമൂലം ബുദ്ധിമുട്ടിലാക്കുന്നത് അതിര്‍ത്തി പ്രദേശത്തെ യാത്രക്കാരും.
ട്രയിന്‍ യാത്രക്കാരുടെ വാഹനങ്ങള്‍ പാര്‍ക്കു ചെയ്യുന്നതിനു വേണ്ടി റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് നിശ്ചിത സ്ഥലം നല്‍കുകയും അവിടെ പാര്‍ക്കിംഗ് ഫീസ് പിരിക്കുന്നതിനുവേണ്ടി റെയില്‍വേ കരാര്‍ നല്‍കുകയും ചെയ്തിട്ടുണ്ട്. കരാറുകാരന്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിനുവേണ്ട അടിസ്ഥാന സൗകര്യങ്ങള്‍ ചെയ്തു കൊടുക്കണമെന്നാണ് കരാര്‍ വ്യവസ്ഥയെങ്കിലും അതൊന്നും ഇവിടെ പാലിച്ചിട്ടില്ല.
ടിക്കറ്റ് റിസര്‍വ് ചെയ്യുവാന്‍ വേണ്ടിയോ, ബന്ധുക്കളെ യാത്ര അയക്കുവാന്‍ വേണ്ടിയോ വാഹനത്തില്‍ സ്‌റ്റേഷനില്‍ എത്തുന്നവരെ കരാറുകാരന്‍ തടഞ്ഞുനിര്‍ത്തി ബലംപ്രയോഗിച്ച് ഫീസ് പിരിക്കുന്നത്. ഇത് ആരെങ്കിലും ചോദ്യം ചോയ്താല്‍ മര്‍ദനശ്രമം നടത്തുകയും സമീപത്ത് പ്രവര്‍ത്തിക്കുന്ന ഓട്ടോസ്റ്റാന്‍ഡിലെ ഡ്രൈവര്‍മാര്‍ കരാറുകാരനുവേണ്ടിയാത്രക്കാരെ ഭീഷണിപ്പെടുത്തുകയും കൈയ്യേറ്റ ശ്രമം നടത്തുകയും ചെയ്യുകയാണ് പതിവ്. ഇതിനെതിരെ അടുത്ത് പ്രവര്‍ത്തിക്കുന്ന റെയില്‍വേ പോലീസില്‍ പരാതി നല്‍കിയാല്‍ തങ്ങള്‍ക്ക് ഇടപെടാന്‍ കഴിയില്ലെന്നും ലോക്കല്‍ പോലീസില്‍ പരാതി നല്‍കാന്‍ പറഞ്ഞ് മടക്കി അയക്കുകയാണ് പതിവ്. രാത്രികാലങ്ങളിലെത്തുന്ന യാത്രക്കാരില്‍ നിന്നും ഓട്ടോഡ്രൈവര്‍മാര്‍ അമിത ചാര്‍ജ് ഈടാക്കുന്നതായും പരാതിയുണ്ട്.