പാലാ: ശബരിമല തീര്‍ഥാടകരുടെ പ്രധാനപാതയായ പാലാ-പൊന്‍കുന്നം റോഡിന്റെ വികസനപ്രവര്‍ത്തനങ്ങള്‍ അവസാനഘട്ടത്തില്‍. പാലാ ടൗണിനുസമീപം അര കിലോമീറ്ററോളം റോഡിന്റെ വികസനപ്രവര്‍ത്തനങ്ങളാണ് ഇനി പൂര്‍ത്തിയാകാനുള്ളത്. ഇവിടെ മണ്ണുപണിയും കയറ്റം കുറയ്ക്കലും പൂര്‍ത്തിയാക്കിട്ടുണ്ട്. ഇനി ടാറിംഗാണ് നടക്കാനുള്ളത്. പൊന്‍കുന്നംമുതല്‍ പാലാവരെ സംരക്ഷണഭിത്തി, ഓട എന്നിവയുടെ നിര്‍മാണവും ഏറെക്കുറെ പൂര്‍ത്തിയായിട്ടുണ്ട്. നിരവധി സ്ഥലത്ത് കലുങ്ക് നിര്‍മിക്കുകയും റോഡിന്റെ വളവും കയറ്റവും കുറയ്ക്കുകയും ചെയ്തിട്ടുണ്ട്. പൊന്‍കുന്നം മുതല്‍ പൈക വരെ സോളാര്‍ ലൈറ്റുകളും സിഗ്നല്‍ ബോര്‍ഡുകളും സീബ്രാലൈനുകളും സ്ഥാപിച്ചുകഴിഞ്ഞു.
ബാക്കിയുള്ള സ്ഥലങ്ങളിലും ഇവയുടെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ദ്രുതഗതിയില്‍ നടന്നുവരികയാണ്. വടക്കന്‍ജില്ലയില്‍നിന്നും അയല്‍സംസ്ഥാനങ്ങളില്‍നിന്നും എത്തുന്ന തീര്‍ഥാടകര്‍ക്ക് ഏറ്റവും എളുപ്പത്തില്‍ ശബരിമലയില്‍ എത്തിച്ചേരാവുന്ന മൂവാറ്റുപുഴ-കൂത്താട്ടുകുളം-പാലാ-പൊന്‍കുന്നം-എരുമേലി പാതയിലെ പാലാ മുതല്‍ പൊന്‍കുന്നം വരെയുള്ള ഭാഗമാണു പൂര്‍ത്തിയാകുന്നത്. നൂറുകണക്കിനു വാഹനങ്ങളാണ് ഇതുവഴി രാപകല്‍ ഭേദമില്ലാതെ കടന്നുപോകുന്നത്. ശബരിമല തീര്‍ഥാടകരുടെ പ്രധാന ഇടത്താവളമായ ഏറ്റുമാനൂര്‍, കടപ്പാട്ടൂര്‍ ക്ഷേത്രങ്ങളില്‍ ദര്‍ശനം കഴിഞ്ഞ് നിരവധി വാഹനങ്ങള്‍ പാലാ-പൊന്‍കുന്നം റോഡുവഴിയാണ് ശബരിമലയിലേക്കു പോകുന്നത്.
നവീനരീതിയില്‍ പത്ത് മീറ്റര്‍ ടാറിംഗ് നടത്തി ഏഴു മീറ്റര്‍ വാഹന ഗതാഗതത്തിനു നല്‍കുന്ന രീതിയിലാണ് ഹൈവേ നിര്‍മാണം. ഇരുവശങ്ങളിലുമായി ഒന്നര മീറ്റര്‍ വീതം വേര്‍തിരിച്ച് ഇരുചക്രവാഹനങ്ങള്‍ക്കും കാല്‍നട യാത്രക്കാര്‍ക്കും അനുവദിക്കും. ഇതിനു പുറത്തായിരിക്കും പാര്‍ക്കിംഗ് സ്ഥലം കണെ്ടത്തുന്നത്. ഇരുഭാഗത്തും ഓടയുടെ നിര്‍മാണം ഏറെക്കുറെ പൂര്‍ത്തിയായിട്ടുണ്ട്. പൂനലൂര്‍-മൂവാറ്റുപുഴ സംസ്ഥാന പാത 2002 ലാണ് സംസ്ഥാന റോഡ് പ്രോജക്ട് വകുപ്പ് ഏറ്റെടുത്തത്. മൂവാറ്റുപുഴ മുതല്‍ തൊടുപുഴ കോലാനി വരെയുള്ള ഭാഗം പൂര്‍ത്തിയായെങ്കിലും ശേഷിക്കുന്ന പാതയുടെ നിര്‍മാണം ഇഴയുകയാണ്.
ഈ പദ്ധതിയുടെ ഭാഗമായ പാലാ-തൊടുപുഴ റോഡ് നിര്‍മാണം നെല്ലാപ്പാറ വരെ പൂര്‍ത്തിയായി. നെല്ലാപ്പാറയില്‍ കൂറ്റന്‍ പാറപൊട്ടിച്ച് റോഡിനു വീതി കൂട്ടിയും കയറ്റവും വളവുകളും പരമാവധി കുറച്ചുമാണ് റോഡ് നിര്‍മാണം. ഈ റോഡിലും ഓട നിര്‍മാണം പുരോഗമിക്കുകയാണ്. ടാറിംഗ് പൂര്‍ത്തിയായ സ്ഥലങ്ങളിലൊക്കെ സൈന്‍ ബോര്‍ഡുകളും സിഗ്നലുകളും സ്ഥാപിച്ചുകഴിഞ്ഞു.