മുക്കം: ആത്മ വിശുദ്ധിയുടെ മാസമായ വിശുദ്ധ റമസാന്‍ കാരുണ്യത്തിന്റെ കൂടി മാസമാണെന്നും പാവപ്പെട്ടവരുടെ കണ്ണീരൊപ്പുന്നതിന് സമൂഹം മുന്നോട്ടു വരണമെന്നും സമസ്ത സെക്രട്ടറി കാന്തപുരം എ പി മുഹമ്മദ് മുസ്‌ലിയാര്‍ പ്രസ്താവിച്ചു. തെച്യാട് അല്‍ ഇര്‍ഷാദ് വിശുദ്ധ റമളാനിന്റെ ഭാഗമായി നല്‍കുന്ന റിലീഫ് വിതരണത്തിന്റെ ഒന്നാം ഘട്ട ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പതിനെട്ടിനങ്ങളടങ്ങിയ 450 കിറ്റുകളാണ് അല്‍ ഇര്‍ഷാദിന്റെ കീഴില്‍ ഒന്നാം ഘട്ടത്തില്‍ വിതരണം ചെയ്തത്. തിരുവമ്പാടി, ഓമശ്ശേരി, മലയമ്മ, മരഞ്ചാട്ടി റേഞ്ചുകളിലെ 150 മദ്‌റസ അധ്യാപകര്‍ക്കും മുന്നൂറ് പാവപ്പെട്ടവര്‍ക്കുമാണ് കിറ്റുകള്‍ നല്‍കിയത്. രണ്ടാം ഘട്ടത്തില്‍ അന്‍പത് മഹല്ലുകളില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട ആയിരത്തോളമാളുകള്‍ക്ക് കിറ്റുകള്‍ നല്‍കും. ചടങ്ങില്‍ അല്‍ ഇര്‍ഷാദ് സെക്രട്ടറി പി ഹുസൈന്‍ മാസ്റ്റര്‍ അധ്യക്ഷനായി. എ കെ മുഹമ്മദ് സഖാഫി പ്രാര്‍ത്ഥന നടത്തി. പി സി അബ്ദുറസാഖ് സഖാഫി, കെ അസൈന്‍ മാസ്റ്റര്‍, എന്‍ വി റഫീഖ് സഖാഫി, ഒ എം അബൂബക്കര്‍ ഫൈസി പ്രസംഗിച്ചു.