ധാക്ക: ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഖാലിദ സിയയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. ധാക്കയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള ഖാലിദ സിയയുടെ ചികിത്സ വിലയിരുത്താൻ യുകെയിൽനിന്നു വിദഗ്ധ സംഘമെത്തും.
സിയയുടെ ചികിത്സയ്ക്കു മേൽനോട്ടം വഹിക്കുന്ന മെഡിക്കൽ ബോർഡിൽ യുകെയിലെ വിദഗ്ധരും ചേരുമെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. ഇന്ത്യ, ചൈന, യുഎസ്, ഖത്തർ, സൗദി അറേബ്യ, പാക്കിസ്ഥാൻ എന്നിവിടങ്ങളിൽനിന്നുള്ള ആരോഗ്യവിദഗ്ധരും സഹായം നൽകുന്നുണ്ടെന്നും ആശുപത്രി വ്യക്തമാക്കി.
യുകെ, യുഎസ്, ബംഗ്ലാദേശ് എന്നിവിടങ്ങളിൽനിന്നുള്ള ഡോക്ടർമാർ ഉൾപ്പെടുന്ന മെഡിക്കൽ ബോർഡാണ് സിയയുടെ ചികിത്സയ്ക്ക് മേൽനോട്ടം വഹിക്കുന്നത്. എൺപതുകാരിയായ മുൻ പ്രധാനമന്ത്രിയെ ഈ ഘട്ടത്തിൽ വിദേശത്തേക്ക് കൊണ്ടുപോകാൻ സാധ്യതയില്ലെന്ന് സിയയുടെ സ്വകാര്യ ഡോക്ടർ സാഹിദ് ഹുസൈൻ പറഞ്ഞു.
നെഞ്ചിൽ അണുബാധയെത്തുടർന്ന് നവംബർ 23നാണ് സിയയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആരോഗ്യനില മോശമായതോടെ വെന്റിലേറ്ററിലേക്കു മാറ്റിയിരുന്നു. അതേസമയം, ഇന്നലെ മുതൽ സിയ ചികിത്സയിലുള്ള ആശുപത്രിയുടെ സുരക്ഷ ശക്തമാക്കി. സിയയുടെ ആരോഗ്യസ്ഥിതിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ആശങ്ക പ്രകടിപ്പിച്ചു. സാധ്യമായ എല്ലാ പിന്തുണയും നൽകാൻ തയാറാണെന്ന് അദ്ദേഹം പറഞ്ഞു.

