കണ്ണൂര്‍: പാസ്‌പോര്‍ട്ട് പുതുക്കിനല്‍കുന്നതിനായുള്ള പോലീസ് വെരിഫിക്കേഷന്‍ നല്‍കുന്നതിന് 2,000 രൂപ കൈക്കൂലി ആവശ്യപ്പെട്ട സിവില്‍ പോലീസ് ഓഫീസര്‍ക്കെ തിരേ വിജിലന്‍സ് കേസെടുത്തു. ശ്രീകണ്ഠപുരം പോലീസ് സ്‌റ്റേഷനിലെ സിപിഒ കെ.പി. അഷ്‌റഫിനെതിരേയാണ് അഴിമതി നിരോധനനിയമ പ്രകാരം കണ്ണൂര്‍ വിജിലന്‍സ് ഡിവൈഎസ്പി എ.വി. പ്രദീപ് കേസ് രജിസ്റ്റര്‍ ചെയ്തത്. മാസങ്ങള്‍ക്കു മുമ്പാണ് ബംഗളൂരുവില്‍ പഠിക്കുന്ന ശ്രീകണ്ഠപുരം ചെമ്പന്തൊട്ടിയിലെ സദീവ് സേവി വെരിഫിക്കേഷനായി അപേക്ഷ നല്‍കിയത്.
ഇതിനായി അന്വേഷണ ചുമതലയുള്ള അഷ്‌റഫിനെ സമീപിച്ചുവെങ്കിലും 2,000 രൂപ നല്‍കിയാല്‍ വെരിഫിക്കേഷന്‍ നല്‍കാമെന്ന് അറിയിക്കുകയായിരുന്നു. ഇതിനായി 1,500 രൂപ സദീവ് സേവി അഷ്‌റഫിന് കൈമാറുകയും ചെയ്തു. എന്നാല്‍ ബംഗളൂരുവില്‍ പഠിക്കുന്ന കാര്യം അപേക്ഷയില്‍ വ്യക്തമാക്കിയില്ലെന്നും വെരിഫിക്കേഷന്‍ നല്‍കണമെങ്കില്‍ 500 രൂപ കൂടി നല്‍കണമെന്നും പോലീസുകാരനായ അഷ്‌റഫ് നിര്‍ബന്ധം പിടിച്ചു.
ഇതോടെയാണ് സദീവ് വിജിലന്‍സിനു പരാതി നല്‍കുന്നത്. വിജിലന്‍സ് സിഐ കെ.വി. ബാബു നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ പരാതിയില്‍ കഴമ്പുണ്ടെന്നു വ്യക്തമായതിനെ തുടര്‍ന്നാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.