പിഎച്ച്ഡി പ്രവേശന പരീക്ഷ: മുന്നറിയിപ്പില്ലാതെ 17 വിഷയങ്ങള്‍ ഒഴിവാക്കി

ktm0mgഏറ്റുമാനൂര്‍: എംജി യൂണിവേഴ്‌സിറ്റിയുടെ ഈ വര്‍ഷത്തെ പിഎച്ച്ഡി പ്രവേശന പരീക്ഷയില്‍ നിന്നും മുന്നറിയിപ്പില്ലാതെ 17 വിഷയങ്ങള്‍ ഒഴിവാക്കി.  നാളെയാണ് പ്രവേശന പരീക്ഷ.  മെയ് 21-ന് നടത്താനിരുന്ന പരീക്ഷ നാളത്തേക്ക്  മാറ്റുകയായിരുന്നു. പ്രവേശന പരീക്ഷക്കായുള്ള നോട്ടിഫിക്കേഷനില്‍ 56 വ്യത്യസ്ത വിഷയങ്ങളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരുന്നത്.  യൂണിവേഴ്‌സിറ്റിയുടെ ഔദ്യോഗിക വെബ്‌സൈറ്റായ phdmguacin -ല്‍ ഇത് ലഭ്യമാണ്.  അപേക്ഷിച്ച വിദ്യാര്‍ഥികളില്‍ നിന്നും ഓണ്‍ലൈനായി ആയിരം രൂപ വീതം സ്വീകരിച്ച് രണ്ടുമാസം പിന്നിടുമ്പോഴാണ് 17 വിഷയങ്ങള്‍ ഒഴിവാക്കിക്കൊണ്ടുള്ള തീരുമാനം.

17 വിഷയങ്ങള്‍ ഒഴിവാക്കപ്പെട്ട വിവരം അപേക്ഷകരെ  യൂണിവേഴ്‌സിറ്റി അധികൃതര്‍ അറിയിക്കുകയോ  അപേക്ഷകര്‍ നല്‍കിയ ഫീസ് തിരികെ നല്‍കുകയോ ചെയ്തിട്ടില്ല.  പ്രവേശന പരീക്ഷയുടെ ഹാള്‍ ടിക്കറ്റിനായി യൂസര്‍ നെയിം, പാസ്‌വേഡ് ഉപയോഗിച്ച് എന്റര്‍ ചെയ്യുമ്പോള്‍ അപ്ലിക്കേഷന്‍ വിത്ത് ഹെല്‍ഡ് എന്ന മെസേജ് കണ്ടതിനെതുടര്‍ന്ന് ബന്ധപ്പെ്ട സെക്ഷനില്‍  അന്വേഷിച്ചപ്പോള്‍ മാത്രമാണ് അപേക്ഷകര്‍ വിവരമറിയുന്നത്.യുജിസി റെഗുലേഷന്‍ പ്രകാരമാണ് ഈ വിഷയങ്ങള്‍ ഒഴിവാക്കിയതെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു.

എന്നാല്‍ ഇതേ റെഗുലേഷന്‍ നിലനില്‍ക്കെ ഇപ്പോള്‍ ഒഴിവാക്കപ്പെട്ട 17 വിഷയങ്ങളില്‍ 2014-15, 2015-16 വര്‍ഷങ്ങളില്‍ പ്രവേശനം നേടിയ പിഎച്ച്ഡി ചെയ്യുന്ന വിദ്യാര്‍ഥികള്‍ ഇപ്പോള്‍ യൂണിവേഴ്‌സിറ്റിയില്‍ ഉണ്ടു താനും. ജൂലൈ രണ്ടിന് പ്രവേശന പരീക്ഷ നടക്കാനിരിക്കെ  തങ്ങള്‍ അപേക്ഷിച്ച വിഷയങ്ങള്‍ ഒഴിവാക്കപ്പെട്ടവിവരം പല അപേക്ഷകരും ഇനിയും അറിഞ്ഞിട്ടില്ല.

Related posts