കായംകുളം: വാഹന പരിശോധനയ്ക്കിടെ കായംകുളത്ത് പോലീസ് പിടികൂടിയ അന്തര്‍ സംസ്ഥാന മോഷണ സംഘത്തെ കോടതി റിമാന്റ് ചെയ്തു. ഓച്ചിറ ഞക്കനാല്‍ പി. ടി. ഭവനത്തില്‍ പ്രകാശ് (ഊപ്പ പ്രകാശ് 49 )കായംകുളം കീരിക്കാട് വേരുവള്ളി ഭാഗം മാവനാട്ട് കിഴക്കതില്‍ നൗഷാദ് (ആടുകിളി നൗഷാദ് 47 )കൃഷ്ണപുരം ദേശത്തിനകം ഷഫീഖ് മന്‍സിലില്‍ ഷഫീഖ് (ഓതറ ഷഫീഖ് 26 )എന്നിവരെയാണ് കോടതി 14 ദിവസത്തേക്ക് റിമാന്റ്ചെയ്തത്. കഴിഞ്ഞ ദിവസം പുലര്‍ച്ചെ കായംകുളം എസ്ഐ ഡി. രജീഷ് കുമാറും സംഘവുമാണ് ഇവരെ അറസ്റ്റ് ചെയ്തത്. പോലീസ് നടത്തിയ വാഹന പരിശോധനക്കിടയില്‍ ബൈക്കില്‍ രക്ഷപെടാന്‍ ശ്രമിച്ച ഇവരെ പിടികൂടുകയായിരുന്നു .
ഇടയൊടിക്കാവ് ക്ഷേത്രത്തിലെ ജീവതയും വഞ്ചികുത്തിതുറന്ന് പണം അപഹരിച്ചതും ഇവരാണന്ന് പോലീസ് കണ്ടെത്തി. കൂടാതെ വള്ളികുന്നം ,കരീലക്കുളങ്ങര പോലീസ് സ്റ്റേഷന് പരിധികളില്‍ നിന്നും ബൈക്ക് മോഷണം ഉള്‍പ്പടെയുള്ള കേസുകളിലും ഇവര്‍ പ്രതികളാണന്ന് പോലീസ് പറഞ്ഞു കൂടാതെ തമിഴ്നാട് കേന്ദ്രീകരിച്ചും സംഘം മോഷണം നടത്തിയിട്ടുണ്ട് ഊപ്പ പ്രകാശും,ആടുകിളി നൗഷാദും തമിഴ്നാട്ടിലെ തിരുപ്പൂരില്‍ വീട് കവര്‍ച്ച നടത്തി സ്വര്‍ണ്ണം അപഹരിച്ച കേസിലും പ്രതികളാണന്ന് പോലീസ് പറഞ്ഞു. തമിഴ്നാട്ടില്‍ പ്രമുഖ രാഷ്ട്രീയ പാര്‍ട്ടികളുടെ നേതാക്കള്‍ ചമഞ്ഞ് ഇവര്‍ നിരവധി മോഷണം നടത്തിവരികയായിരുന്നെന്നും പോലീസ് പറഞ്ഞു.
ഊപ്പ പ്രകാശ് മുമ്പ് റിപ്പര്‍ ജയാനന്തനോടൊപ്പം പൂജപ്പുര സെന്‍ട്രല്‍ ജയില്‍ ചാടി പിന്നീട് പിടിക്കപ്പെട്ട പ്രതിയാണ് അടുത്ത സമയത്താണ് ഇയാള്‍ ശിക്ഷാകാലാവധി കഴിഞ്ഞ് പുറത്തിറങ്ങിയത് .കണ്ണൂര്‍ ജില്ലയിലും ഇവര്‍ നിരവധി മോഷണം നടത്തിയതായി പോലീസ് കണ്ടെത്തിയിട്ടുണ്ട.് കരീലക്കുലങ്ങരയില് നിന്നും മോഷ്ടിച്ച ബൈക്ക് കണ്ണൂര്‍ തലശേരിയില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയിട്ടുണ്ടെന്നും പോലീസ് പറഞ്ഞു കായംകുളം ഡിവൈ എസ്പി എസ്.ഷിഹാബുദീന്‍ ,സിഐ കെ.സദന് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ ചോദ്യം ചെയ്ത് മോഷണ വിവരങ്ങള്‍ കണ്ടെത്തിയത് പിടിയിലായവരെ വിശദമായ ചോദ്യം ചെയ്യലിനുവേണ്ടി കസ്റ്റഡിയില്‍ വാങ്ങുമെന്ന് പോലീസ് പറഞ്ഞു