വാഴക്കുളം: തൊടുപുഴ, കദളിക്കാട് മേഖലകളിലെ വാടകവീടുകള്‍ കേന്ദ്രീകരിച്ചു പെണ്‍വാണിഭം നടത്തിവന്നത് സിനിമാതാരം അമല. പാലക്കാട് സ്വദേശിനിയായ ഇവര്‍ വീരപുത്രന്, ഹാപ്പി ജേര്‍ണി തുടങ്ങിയ സിനിമകളില്‍ ചെറിയ റോളുകളില്‍ അഭിനയിച്ചിട്ടുണ്ട്. കദളിക്കാട് തെക്കുംമല കവലയ്ക്കു സമീപമുള്ള വീട്ടില്‍നിന്ന് ഇന്നലെ ഉച്ചയോടെ മൂവാറ്റുപുഴ സിഐ സി. ജയകുമാറിന്റെ നേതൃത്വത്തിലാണു അഞ്ചംഗ സംഘത്തെ കസ്റ്റഡിയിലെടുത്തത്.
നടിക്കു പുറമെ രണ്ടു നടത്തിപ്പുകാരും രണ്ട് ഇടപാടുകാരുമാണു പിടിയിലായത്. നടത്തിപ്പുകാരായ തൊടുപുഴ തെക്കുംഭാഗം കൊച്ചുപടിഞ്ഞാറേക്കര മോഹനന് (53), സഹായി പാറപ്പുഴ വാഴത്തറവേലയില് ബാബു(34), ഇടപാടുകാരായ കരിമണ്ണൂര്‍ സ്വദേശികളായ അജിസ് (29), ജിത്ത് (23) എന്നിവരാണ് അറസ്റ്റിലായത്. പിടിയിലായവരെ ഇന്നു കോടതിയില്‍ ഹാജരാക്കും.
പെണ്‍വാണിഭവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ രേഖപ്പെടുത്തിയ രജിസ്റ്റര്‍ ബുക്ക്, 80,000 രൂപ, ബാങ്കിലെ നിക്ഷേപ വിവരങ്ങള്‍ എന്നിവ വീട്ടില്‍നിന്നു കണ്ടെടുത്തു. ഇടപാടുകാരുടേതെന്നു സംശയിക്കുന്ന ബുള്ളറ്റ്, ബൈക്ക്, കാര്‍ എന്നിവയും മദ്യക്കുപ്പികളും ഇരുപതോളം പേരുടെ ഫോണ്‍ നമ്പറുകളടങ്ങിയ ഡയറിയും പിടിച്ചെടുത്തിട്ടുണ്ട്. പെണ്‍വാണിഭ സംഘത്തിനു പിന്നില്‍ വന്‍ റാക്കറ്റ് ഉണ്ടെന്നു സംശയിക്കുന്നതായി പോലീസ് പറഞ്ഞു.
മോഹനന് ബിനാമിയാണെന്നാണു പോലീസ് കരുതുന്നത്. മൂവാറ്റുപുഴ ഡിവൈഎസ്പി ബിജുമോനു ലഭിച്ച രഹസ്യവിവരത്തെത്തുടര്‍ന്ന് ആറു മാസമായി സംഘം പോലീസ് നിരീക്ഷണത്തിലായിരുന്നു.
മൂവാറ്റുപുഴ കിഴക്കേക്കര, വാളകം, തൊടുപുഴ എന്നിവിടങ്ങളില്‍ സംഘം താമസിച്ച് ഇടപാട് നടത്തിയിരുന്നതായി പോലീസിനു വിവരം ലഭിച്ചിട്ടുണ്ട്. ഇതര സംസ്ഥാനത്തുനിന്നു യുവതികളെ കൊണ്ടുവന്നായിരുന്നു കൂടുതലും ഇടപാടുകള്‍. 2000 മുതല്‍ 2500 രൂപ വരെയാണ് ഇടപാടുകാരില്‍നിന്നു ഈടാക്കിയിരുന്നത്.