പിറവം: പുഴയില്‍ നിന്നും മണല്‍ വാരി കടത്താന്‍ ശ്രമിച്ച കോട്ടയം ജില്ലക്കാരായ നാലു പേര് പോലീസ് പിടിയിലായി. മണല്‍ കയറ്റിക്കൊണ്ടുപോകാന്‍ ശ്രമിച്ച ലോറിയും പിടിച്ചെടുത്തിട്ടുണ്ട്. വാര്‍ഡ് കൗണ്‍സിലര്‍ മെബിന് ബേബിയും പോലീസിനൊപ്പമുണ്ടായിരുന്നു. പിറവത്ത് തോട്ടഭാഗത്ത് ചാലാശേരി കടവിന് സമീപത്തുനിന്നുമാണ് ഇന്നു പുലര്‍ച്ചെ 5.30-ഓടെ മണല്‍ ലോറി പിടികൂടിയത്. രഹസ്യ വിവരം ലഭിച്ചതനുസരിച്ച് എസ്ഐ കെ. ബ്രിജുകുമാറിന്റെ നേതൃത്വത്തിലാണ് പിടികൂടിയത്.
കഴിഞ്ഞ രണ്ട് വര്‍ഷത്തോളമായി പുഴയില്‍ നിന്നും മണല്‍ വാരല്‍ നിരോധിച്ചിരിക്കുകയാണ്. ഇതിനാല്‍ പുഴ മണലിനിപ്പോള്‍ വന്‍ ആവശ്യമാണുള്ളത്. തോട്ടഭാഗം മേഖലയില്‍ നിന്നും അനധികൃതമായി മണല്‍ വാരല്‍ നടക്കുന്നുണ്ടെന്ന് നേരത്തെ മുതല്‍ പരാതിയുള്ളതാണ്. രാത്രിയില്‍ വാരി കയറ്റുന്ന മണല്‍ ലോറിയില്‍ പുലര്‍ച്ചെയാണ് കൊണ്ടുപോകുന്നത്. കോട്ടയം ജില്ലയിലേക്കാണ് ഇവിടെ നിന്നും മണല്‍ കടത്തുന്നത്.
പ്രാദേശികമായി ചിലരുടെ പിന്തുണയോടെയാണ് കോട്ടയം ജില്ല യില്‍ നിന്നും ഇവിടെയെത്തി മണല്‍ വാരല്‍ നടത്തുന്നതെന്ന് പറയുന്നു. മുളക്കുളം ഭാഗത്തും ഇതേ രീതിയില്‍ രാതിയില്‍ അനധികൃത മണല്‍ വാരല്‍ നടക്കുന്നുണ്ട്. വെള്ളൂര്‍ സ്വദേശികളാണ് പോലീസിന്റെ പിടിയിലായത്.