പിറവത്ത് ഇഷ്ടികക്കളങ്ങളുടെ നിരോധനം അട്ടിമറിക്കാന്‍ നീക്കം

ekm-ishtikaപിറവം: നഗരസഭ പ്രദേശത്തെ ഇഷ്ടികക്കളങ്ങള്‍ നിരോധിക്കാന്‍ തീരുമാനിച്ചത് അട്ടിമറിക്കാന്‍ ശ്രമം നടക്കുന്നതായി ആക്ഷേപമുയര്‍ന്നു. ഇഷ്ടികക്കള ഉടമകള്‍ സര്‍വകക്ഷി യോഗം വിളിച്ചുകൂട്ടി ഇതിനെതിരെയുള്ള നീക്കം നടത്തുകയാണന്നാരോപിച്ച് കേരള കോണ്‍ഗ്രസ്-എം പ്രവര്‍ത്തകര്‍ രംഗത്തുവന്നിട്ടുണ്ട്.  രൂക്ഷമായ പരിസ്ഥിതി പ്രശ്‌നങ്ങളും, മാരക രോഗങ്ങള്‍ക്കും ഇഷ്ടികക്കളങ്ങള്‍ കാരണമാകുമെന്നുള്ള പരാതിയുടെ അടിസ്ഥാനത്തില്‍ ഇതേക്കുറിച്ച് പഠിക്കുന്നതിനായി നഗരസഭ പത്തംഗ ഉപസമിതിയെ നിയോഗിച്ചിരുന്നു. കൗണ്‍സിലര്‍മാര്‍ അംഗങ്ങളായുള്ള ഉപസമിതി പരാതി ശരിയാണന്ന് കണ്ടെത്തുകയും ഇഷ്ടികക്കളങ്ങള്‍ നിരോധിക്കാന്‍ ശിപാര്‍ശ ചെയ്യുകയുമായിരുന്നു.

നഗരസഭ സ്ഥിരം സമിതി അധ്യക്ഷന്‍ അരുണ്‍ കല്ലറയ്ക്കല്‍ നേതൃത്വത്തിലുള്ള ഉപസമിതിയില്‍ അന്നമ്മ ഡോമി, അജേഷ് മനോഹരന്‍, സോജന്‍ ജോര്‍ജ്, ഉണ്ണി വല്ലയില്‍, ബെന്നി വി. വര്‍ഗീസ്, പ്രഫ. ടി.കെ. തോമസ്, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ആര്‍. സുരേഷ്കുമാര്‍ എന്നിവരാണ് അംഗങ്ങളായി ഉണ്ടായിരുന്നത്.  അന്യസംസ്ഥാന തൊഴിലാളികളെ ഉപയോഗിച്ച് നിയമങ്ങളെല്ലാം കാറ്റില്‍പറത്തിയാണ് കളങ്ങള്‍ പ്രവര്‍ത്തിക്കുന്നതെന്ന് സമിതിയുടെ റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. തൊഴിലാളികള്‍ക്ക് താമസസൗകര്യം ഒരുക്കാതെ കാലിത്തൊഴുത്തിനേക്കാളും കഷ്ടമായ കുടിലുകളിലാണ് ഇവര്‍ കഴിഞ്ഞുവന്നിരുന്നത്.

ശുചിമുറിയും, പാചകവുമെല്ലാം ഒരിടത്തുതന്നെയാണ്. കൂടാതെ കുടുംബമായി എത്തുന്ന തൊഴിലാളികളുടെ കുട്ടികളെകൊണ്ട് ബാലവേലയും ഇവിടങ്ങളില്‍ ചെയ്തുവന്നിരുന്നു. എട്ടും, പത്തും വയസുള്ള കുട്ടികളാണ് ഇഷ്ടിക ചൂളയ്ക്കുവെയ്ക്കുന്നതിനായി കൈവണ്ടി തള്ളി കൊണ്ടുപോകുന്നത്. മേഖലയിലെ കൃഷിയോഗ്യമായ പാടശേഖരങ്ങളെല്ലാം ഇഷ്ടികക്കളങ്ങളുടെ നടത്തിപ്പുകാര്‍ വാങ്ങിക്കൂട്ടിയിരിക്കുകയാണ്. ഇവിടങ്ങളില്‍ ആഴത്തില്‍ മണ്ണ് ഖനനം ചെയ്‌തെടുത്താണ് ഇഷ്ടിക നിര്‍മിച്ചുവന്നിരുന്നത്. അമ്പത് അടി വരെ താഴ്ത്തി മണ്ണ് ഖനനം ചെയ്‌തെടുത്തിരിക്കുന്നത് സമിതി അംഗങ്ങള്‍ കണ്ടിരുന്നു. അഞ്ചടിയില്‍ കൂടുതല്‍ മണ്ണ് ഖനനം ചെയ്‌തെടുക്കാന്‍ പാടില്ലെന്ന് നിയമത്തെ കാറ്റില്‍ പറത്തിയാണ് ആഴത്തില്‍ കുഴിക്കുന്നത്.

കൂടാതെ ഇത് പൂര്‍വ സ്ഥിതിയിലാക്കി മണ്ണിട്ട് മൂടണമെന്നുണ്ടെങ്കിലും ഇതും ചെയ്തിട്ടില്ല. മണ്ണ് ആഴത്തില്‍ ഖനനം ചെയ്‌തെടുക്കുന്നതുമൂലം സമീപ പ്രദേശങ്ങളിലെ കുളങ്ങളിലും, കിണറുകളിലും ജല നിരപ്പ് താഴുകയും, വേനല്‍ ആരംഭത്തില്‍തന്നെ വറ്റിവരളുകയും ചെയ്യും. ഇഷ്ടിക ചൂട്ടെടുക്കുമ്പോള്‍ നിറം ലഭിക്കുന്നതിനും, വേഗം ഉണങ്ങുന്നതിനും മറ്റുമായി നിരോധിത രാസവസ്തുക്കളാണ് ഉപയോഗിക്കുന്നത്. ഇത് സംബന്ധിച്ച് നേരത്തെ പരാതിയുള്ളതാണ്. ഇതിന്റെ പുക അന്തരീക്ഷത്തില്‍ വ്യാപിക്കുന്നതുമൂലം ഇത് ശ്വസിച്ച് മാരകമായ അസുഖങ്ങള്‍ക്ക് കാരണമാകുന്നുണ്ടന്ന് പറയപ്പെടുന്നു.

കളങ്ങള്‍ വീണ്ടും പ്രവര്‍ത്തനമാരംഭിക്കാന്‍ ഉടമകളുടെ നേതൃത്വത്തില്‍ സര്‍വകക്ഷി യോഗം വിളിച്ചു ചേര്‍ത്ത് ഉപസമിതി തീരുമാനം അട്ടിമറിക്കാനുള്ള നീക്കമാണ് നടത്തുന്നതെന്ന് കേരള കോണ്‍ഗ്രസ്-എം യോഗം ചൂണ്ടിക്കാട്ടി. ഇതിനെതിരെ ശക്തമായ സമരപരിപാടികളാരംഭിക്കാനും യോഗം തീരുമാനിച്ചു. മണ്ഡലം പ്രസിഡന്റ് സുരേഷ് ചന്തേലില്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ പാപ്പന്‍ നിരപ്പുകാട്ടില്‍, ജില്‍സ് പെരിയപ്പുറം, സാബു ആലയ്ക്കല്‍, സുരേഷ് പവിഴം, ജെയിംസ് മണക്കാട്ട് എന്നിവര്‍ പ്രസംഗിച്ചു.

Related posts