പിറവം: പാഴൂരില്‍ വീട് കുത്തിത്തുറന്ന് 25 പവന് സ്വര്‍ണവും, പണ വും കവര്‍ന്നു. ആറ്റുതീരം റോഡില്‍ പടിക്കതച്ചാമറ്റത്തില്‍ പി.എം. മാത്യുവിന്റ വീട്ടിലാണ് ഇന്നലെ വൈകുന്നേരം ആറിനും, രാത്രി എട്ടിനുമിടെ കവര്‍ച്ച നടന്നത്. രാത്രി 8.30-ഓടെ ഭാര്യ ജെസിയും മക്കളും വീട്ടിലെത്തിയപ്പോഴാണ് മോഷണവിവരമറിയുന്നത്. മാത്യു വിദേശത്ത് ജോലിയായതിനാല്‍ ഭാര്യയും രണ്ട് മക്കളുമാണ് ഇവിടെ താമസിച്ചുവന്നിരുന്നത്. ഇന്നലെ വൈകുന്നേരം ആറോടെ വീട് പൂട്ടിയശേഷം ജെസിയുടെ സ്വന്തം വീട് സ്ഥിതിചെയ്യുന്ന പാമ്പാക്കുടയ്ക്കടുത്ത് പിറമാടത്തിനു പോയി.
ഇവിടെ നിന്നു രാത്രി 8.30-ഓടെ പാഴൂരിലെ വീട്ടില്‍ തിരിച്ചെത്തിയപ്പോഴേക്കും മോഷണം നടന്നിരുന്നു. സ്വര്‍ണം നഷ്ടപ്പെട്ടത് എത്രയാണന്നുള്ളത് വ്യക്തമായ കണക്ക് പരിശോധിച്ചെങ്കിലേ അറിയാന്‍ സാധിക്കുകയുള്ളുവെന്ന് വീട്ടുകാര്‍ പറഞ്ഞു. വീടിന്റെ പിന്‍വശത്തെ വാതില്‍ കുത്തിപ്പൊളിച്ച് അകത്ത് കയറിയ മോഷ്ടാവ് കിടപ്പുമുറിയിലെ അലമാരിയില്‍ സൂക്ഷിച്ചിരുന്ന 25 പവന് സ്വര്‍ണം കവരുകയായിരുന്നു. അലമാരിക്കുള്ളിലെ തുണികള്‍ക്കിടയിലാണ് സ്വര്‍ണം ഒളിപ്പിച്ച് വെച്ചിരുന്നത്. തുണികള്‍ മുഴുവന്‍ വാരിവലിച്ച് പരിശോധിച്ചിട്ടുണ്ട്.
മറ്റൊരു മുറിയിലെ അലമാരിയിലെ പഴ്സിലുണ്ടായിരുന്ന അയ്യായിരം രൂപയും കാണാതായിട്ടുണ്ട്. കൂടാതെ ഫെഡറല്‍ ബാങ്കില്‍ പണം ഫിക്സഡ് ഡിപ്പോസിറ്റിട്ടതിന്റെ രേഖകളും നഷ്ടപ്പെട്ടു. ഇന്നലെ രാത്രി പിറവം പോലീസെത്തി വീടും പരിസരവും പരിശോധന നടത്തി. ഇവര്‍ വീട് പൂട്ടി കാറില്‍ പോകുന്നതു കണ്ട് ആരുമില്ലെന്ന് വ്യക്തമായി മനസിലാക്കിയശേഷമാണ് മോഷണം നടന്നിരിക്കുന്നതെന്നാണ് പ്രാഥമിക നിഗമനം.
കഴിഞ്ഞയിടെ പിറവം ഹോളികിംഗ്സ് ക്നാനായ കത്തോലിക്ക പള്ളിയിലും, സെന്റ് ജോസഫ്സ് ഹൈസ്കൂളിലും മോഷണം നടത്തിയവരെ പിടികൂടാന്‍ പോലീസിന് ഇതുവരെ സാധിച്ചിട്ടില്ല. ഇതിനിടെയാണ് അടുത്ത മോഷണവും നടന്നിരിക്കുന്നത്. വിരലടയാള വിദഗ്ധരും, പോലീസ് നായയും ഇന്നുരാവിലെ സംഭവസ്ഥലത്ത് എത്തിപരിശോധന നടത്തി. പിറവം സിഐ ബി. ശിവന്‍കുട്ടിയുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.