കണ്ണൂര്‍: കോണ്‍ഗ്രസ് വിമത നേതാവും കണ്ണൂര്‍ കോര്പറേഷന് കൗണ്‍സിലറുമായ പി.കെ. രാഗേഷിന്റെ പരാതിയില്‍ ടൗണ്‍ പോലീസ് കേസെടുത്തു. അഴീക്കോട് മണ്ഡലത്തില്‍ കെ.എം. ഷാജിക്കെതിരേ മത്സര രംഗത്തുവന്നാല്‍ വധിച്ചുകളയുമെ—ന്നു കാട്ടി ഗ്രീന്‍ ആര്‍മിയുടെ പേരില്‍ കഴിഞ്ഞദിവസം പി.കെ. രാഗേഷിന് ഭീഷണിക്കത്ത് വന്നിരുന്നു. വെള്ളക്കടലാസില്‍ എഴുതിയ ഭീഷണിക്കത്ത് പഴയങ്ങാടിയില്‍നിന്നാണ് പോസ്റ്റുചെയ്തത്. ഇതുസംബന്ധിച്ച് കണ്ണൂര്‍ ഡിവൈഎസ്പിക്ക് രാഗേഷ് നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണു ടൗണ്‍ പോലീസ് കേസെടുത്ത് അന്വേഷണം നടത്തുന്നത്.
‘പ്രിയപ്പെട്ട വിമതന് രാഗേഷിന്’ എന്ന് സംബോധന ചെയ്തുകൊണ്ടുള്ള കത്തില്‍ നിങ്ങള്‍ കെ.എം. ഷാജിക്കെതിരേ മത്സരിക്കുകയാണെങ്കില്‍ നോമിനേഷന് കൊടുത്തബന്ധം മാത്രമേ ഉണ്ടാവുകയുള്ളൂ. ജീവിച്ചിരിക്കില്ല എന്നതാണ് കത്തിലെ ഉള്ളടക്കം. കണ്ണൂര്‍ ജില്ലാ ബാങ്ക് ജീവനക്കാരന്‍കൂടിയായ രാഗേഷിന് ബാങ്ക് വിലാസത്തിലാണ് ഭീഷണിക്കത്ത് വന്നിട്ടുള്ളത്.