കോട്ടയം: പുതുപ്പള്ളിയിലെ പ്രചാരണത്തിനൊപ്പം സംസ്ഥാനമൊട്ടാകെ യുഡിഎഫിന്റെ ഇലക്ഷന്‍ പ്രചാരണവും നടത്താനുള്ള ഒരുക്കത്തിലാണ് യുഡിഎഫ് നേതാവും മുഖ്യമന്ത്രിയുമായ ഉമ്മന്‍ ചാണ്ടി. വിശ്വസ്തരായ ഒരു പറ്റം പ്രാദേശിക നേതാക്കള്‍ക്കാണു ഇത്തവണയും പുതുപ്പള്ളിയിലെ പ്രചാരണത്തിന്റെ ചുമതല. ഒമ്പതിനു രാവിലെ 10ന് അയര്‍ക്കുന്നത് മണ്ഡലം തലം വരെയുള്ള യുഡിഎഫ് നേതാക്കളുടെ കണ്‍വന്‍ഷനില്‍ ഉമ്മന്‍ ചാണ്ടി പങ്കെടുക്കും. തുടര്‍ന്ന് 14 ജില്ലകളിലും വിശ്രമമില്ലാത്ത പര്യടനത്തിന് മുഖ്യമന്ത്രി പോകും. ഓട്ടത്തിനിടെ ഒരു ദിവസം നാമനിര്‍ദേശ പത്രിക നല്‍കാന്‍ പാമ്പാടിയിലെത്തും. പാമ്പാടി ബ്ലോക്ക് ആസ്ഥാനമായ പള്ളിക്കത്തോട്ടിലായിരിക്കും ഇദ്ദേഹം പത്രിക സമര്‍പ്പിക്കുക.
തുടര്‍ന്ന് മേയ് രണ്ടാം വാരത്തില്‍ മൂന്നു ദിവസത്തെ നിയോജകമണ്ഡലം പര്യടനം നടത്തും. ബൈക്കുകളും വാഹനങ്ങളും ഉള്‍പ്പെടെ നിരവധി പ്രവര്‍ത്തകര്‍ പര്യടനത്തില്‍ ഒപ്പമുണ്ടാകും. തുടര്‍ന്ന് വിപുലമായ നിയോജകമണ്ഡലം കണ്‍വന്‍ഷനിലും ഉമ്മന്‍ ചാണ്ടി പങ്കെടുക്കും.ഉമ്മന്‍ ചാണ്ടിയുടെ അഭാവത്തിലും വീഴ്ചകളില്ലാതെ പ്രചാരണം മുന്നോട്ടുപോകാനുള്ള കമ്മിറ്റികള്‍ ബൂത്തുതലം വരെ നിലവില്‍ വന്നുകഴിഞ്ഞു.
അയര്‍ക്കുന്നം, അകലക്കുന്നം, കൂരോപ്പട, മണര്‍കാട്, പാമ്പാടി, മീനടം, പുതുപ്പള്ളി, വാകത്താനം പഞ്ചായത്തുകളാണ് പുതുപ്പള്ളി മണ്ഡലത്തിലുള്ളത്. എട്ടു പഞ്ചായത്തുകളിലും ഒന്നാം വട്ടം കണ്‍വന്‍ഷനുകള്‍ പൂര്‍ത്തിയായി. ഇന്നു മുതല്‍ ബൂത്തു യോഗങ്ങള്‍ ആരംഭിക്കും. തുടര്‍ന്ന് രണ്ടു തവണ എല്ലാ വീടുകളിലും സ്ഥാപനങ്ങളിലും പ്രവര്‍ത്തകര്‍ വോട്ടര്‍മാരെ നേരില്‍ കണ്ട് പ്രസ്താവന നല്‍കും.
മേയ് ആദ്യവാരം പാമ്പാടി, പള്ളിക്കത്തോട്, പുതുപ്പള്ളി, അയര്‍ക്കുന്നം, വാകത്താനം എന്നിവിടങ്ങളില്‍ വിപുലമായ സമ്മേളനങ്ങള്‍ നടത്തും. എ.കെ. ആന്റണി, വി.എം. സുധീരന്‍, കെ.എം. മാണി, പി.കെ. കുഞ്ഞാലിക്കുട്ടി, ജോസ് കെ. മാണി, ആന്റോ ആന്റണി തുടങ്ങി നിരവധി നേതാക്കള്‍ വിവിധ യോഗങ്ങളിലുണ്ടാകും.