പുറമറ്റം ഹരിത കൂട്ടായ്മയ്ക്ക് വീണ്ടും പച്ചക്കറി വികസന അവാര്‍ഡ്

alp-wardഇരവിപേരൂര്‍: പച്ചക്കറി വികസന പദ്ധതിയുടെ ഭാഗമായി സംസ്ഥാന സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ അവാര്‍ഡിന് പുറമറ്റം ‘ഹരിത ലീഡര്‍’ സംഘം അര്‍ഹരായി.1997-98 കാലത്താണ് പുറമറ്റത്ത് 14 കര്‍ഷകര്‍ ചേര്‍ന്ന് കര്‍ഷക കൂട്ടായ്മ രൂപപ്പെടുത്തിയത്. 2011-12 ല്‍ ജില്ലയിലെ മികച്ച രണ്ടാമത്തെ ഹരിതസംഘത്തിനുള്ള പുരസ്കാരം നേടിയിരുന്നു. 2013-14 വര്‍ഷത്തില്‍ ജില്ലയിലും സംസ്ഥാനത്തും ഒന്നാം സ്ഥാനവും 2014-15 ല്‍ ജില്ലയില്‍ ഒന്നാമതും 2015-16 വര്‍ഷം ജില്ലയില്‍ ഒന്നാം സ്ഥാനത്തും സംസ്ഥാനത്ത് മൂന്നാമതും എത്തി.

ഈ വര്‍ഷം 17 ഏക്കറിലാണ് സംഘം പച്ചക്കറി കൃഷിയ്ക്കായി തെരഞ്ഞെടുത്തത്. പാവല്‍, പടവലം, വെള്ളരി, പയര്‍, മത്തന്‍, ചീര, കോവല്‍ തുടങ്ങി പന്ത്രണ്ട് ഇനം പച്ചക്കറികള്‍ ഇതിനിടയില്‍ അന്യസംസ്ഥാന വിളയായ കാബേജിലും കോളിഫഌവറിലും കൈവയ്ക്കാനും ഇവര്‍ മറന്നില്ല. ഇതില്‍ അഞ്ച് ഏക്കറില്‍ നേന്ത്രവാഴ മാത്രമാണ്. 75 ടണ്‍ പച്ചക്കറിയാണ് ഈ വര്‍ഷം ഉത്പാദിപ്പിച്ചത്. ഉത്പന്നങ്ങള്‍ ഉപഭോക്താക്കള്‍ക്ക് നേരിട്ടെത്തിക്കാന്‍ സംഘം ആരംഭിച്ച നാടന്‍ പച്ചക്കറി വില്പന സ്റ്റാളിലൂടെ വിറ്റഴിക്കാന്‍ കഴിയാത്തവ പുറമറ്റത്തെ വെജിറ്റബിള്‍ ആന്‍ഡ് ഫ്രൂട്ട് പ്രമോഷന്‍ കൗണ്‍സിലിന്റെ വിപണന കേന്ദ്രത്തിലാണ് വിറ്റഴിച്ചു വരുന്നത്.

ഇതിന് പുറമെ ചേന, കാച്ചില്‍, ചേമ്പ് തുടങ്ങിയവയും  മറ്റിടങ്ങളില്‍ ഇവര്‍ ഉത്പാദിപ്പിക്കുന്നു. കൃഷി ഭവന് സമീപം അടുത്ത കാലത്ത് 100 ചതുരശ്ര മീറ്ററില്‍ ആരംഭിച്ച  മഴമറയ്ക്കുള്ളില്‍ പ്രധാനമായും തൈകള്‍ ഉത്പാദിപ്പിച്ചും വിറ്റഴിക്കും. ഈ വര്‍ഷം മഴമറയ്ക്കുള്ളില്‍ നിന്ന് തൈകള്‍ വിറ്റുമാത്രം 50,000  രൂപയില്‍ കൂടുതല്‍ ലാഭം നേടി. നവംബറിലും ഏപ്രില്‍, മേയ് മാസങ്ങളിലും രണ്ട് തവണയാണ് തൈകള്‍ ഉത്പാദിപ്പിച്ച് വിറ്റഴിക്കുന്നത്.

പച്ചക്കറി വില്പന സ്റ്റാളും ഇതിനോടകം ലാഭകേന്ദ്രമായി മാറിയിരിക്കുകയാണ്. പ്രതിദിനം ശരാശരി 15,000 രൂപയാണ്  വിറ്റുവരവ്. രണ്ടു ജോലിക്കാരുടെ ശമ്പളം കഴിച്ചാലും കുറഞ്ഞത് പ്രതിമാസം ആയിരത്തിലധികം രൂപയാണ് ഓരോരുത്തര്‍ക്കും ഇവിടെ നിന്ന് ലഭിക്കുന്നത്.ഈ വരുമാനത്തിന് പുറമെയാണ് ഇവര്‍ ജോലി ചെയ്യുന്ന ദിവസങ്ങളില്‍ 650 രൂപ വീതം കൂലിയായി കൃഷിയിടത്തില്‍ നിന്നും ലഭിക്കുന്നത്. വര്‍ഷത്തില്‍ 365 ദിവസവും ജോലി ചെയ്യുന്നവരാണ് ഇവരില്‍ മിക്കവരും. സംഘ കൃഷിയുടെ എല്ലാ സാധ്യതകളും ഉപയോഗിക്കുന്ന ഇവര്‍ പുറമറ്റം പ്രദേശത്തെ തരിശുപുരയിടങ്ങളില്‍ കൃഷി ചെയ്തും വരുമാനം ഉണ്ടാക്കുന്നു.

റബര്‍ റീപ്ലാന്റ് ചെയ്യുന്നിടത്ത് ആദ്യം പച്ചക്കറിയും പിന്നീട് വാഴയും ഇത്തരത്തില്‍ കൃഷി ചെയ്ത നാലായിരം നേന്ത്രവാഴകളാണ് വിളവെടുപ്പിന് പാകമായി വരുന്നത്.    പുറമറ്റം പെരുമ്പുഴക്കാട് ഉണ്ണികൃഷ്ണന്‍നായര്‍ പ്രസിഡന്റായും വെണ്ണിക്കുളം പ്ലാത്താനത്ത് ഓമനക്കുട്ടന്‍പിള്ള സെക്രട്ടറിയായും പ്രവര്‍ത്തിക്കുന്ന സംഘം കൂടുതല്‍ പണി ഒന്നിച്ചുവരുന്ന അപൂര്‍വ അവസരങ്ങളില്‍ മാത്രമാണ് തൊഴിലാളികളുടെ സേവനം തേടുന്നത്.

തുരുത്തിക്കാട് സ്വദേശിയായ  കൃഷി ഓഫീസര്‍ വി. ജെ. റെജിയുടെ നേതൃത്വവും ഉപദേശങ്ങളും സംഘത്തിനു ഗുണകരമാകുന്നുണ്ട്. 2013-14 വര്‍ഷം സംസ്ഥാനത്തെ പച്ചക്കറി കൃഷി പ്രോത്സാനത്തിനേര്‍പ്പെടുത്തിയ പുരസ്കാരങ്ങള്‍ക്ക് കൃഷി ഓഫീസറും അര്‍ഹയായിരുന്നു. 2013-14 വര്‍ഷം ഈ ഇനത്തില്‍ ഒന്നാമതും  സമഗ്ര സംഭാവനയ്ക്ക് 2014-15 വര്‍ഷത്തെ ജില്ലയില്‍ ഒന്നാമതും എത്താനും  വനിത കൃഷി ഓഫീസര്‍ക്കു കഴിഞ്ഞു.

Related posts