മുളങ്കുന്നത്തുകാവ്: മദ്യപിച്ച് ലെക്കുകെട്ട് അബോധാവസ്ഥയില്‍ കിടന്നയാളെ പോലീസുകാര്‍ ആംബുലന്‍സില്‍ മെഡിക്കല്‍ കോളജിലെത്തിച്ചു. ഒരു ദിവസം കഴിഞ്ഞ് ബോധം വന്നപ്പോള്‍ താന്‍ ഓടിച്ചു വന്ന കാര്‍ എവിടെയെന്ന് ചോദിച്ച് നെട്ടോട്ടം.തൃക്കൂര് സ്വദേശി ടാങ്കര്‍ ലോറി ഡ്രൈവര്‍ കൂടിയായ നാല്പതുകാരനാണ് പരാതിയുമായി പോലീസിനെ സമീപിച്ചത്. അമിതമായി മദ്യപിച്ച യുവാവിന് പെട്ടന്ന് പ്രഷര്‍ കൂടിയതാണ് ബോധം നഷ്ടപ്പെടാന്‍ കാരണമത്രേ.
വീട്ടില്‍ നിന്ന് ഇന്‍ഡിക്ക കാറിലാണ് താന്‍ വന്നതെന്ന് യുവാവ് പോലീസിനോടു പറഞ്ഞു. എന്നാല്‍ ആശുപത്രിയിലെത്തിയ കാര്യങ്ങളും മറ്റും ഓര്‍മയില്ല. സംഭവത്തെക്കുറിച്ച് യുവാവ് പരാതി പറഞ്ഞതിനെ തുടര്‍ന്ന് മുളങ്കുന്നത്തുകാവ് എയ്ഡ് പോസ്റ്റിലെ പോലീസുകാര്‍ വിവിധ പോലീസ് സറ്റേഷനുകളില്‍ ബന്ധപ്പെട്ട് കാറിനെ സംബന്ധിച്ച വിവരങ്ങള്‍ അന്വേഷിച്ചെങ്കിലും ഒന്നും ലഭിച്ചില്ല.
ഏതു സ്ഥലത്തുവച്ചാണ് കാര്‍ നഷ്ടപ്പെട്ടതെന്നും യുവാവിന് അറിയില്ല. ഇതേ സമയം യുവാവിനെ അന്വേഷിച്ച് ബന്ധുക്കളാരും ആശുപത്രിയിലെത്താത്തതും പോലീസിനെ കുഴപ്പിച്ചിട്ടുണ്ട്. എന്തായാലും പോലീസും പുലിവാലു പിടിച്ചപോലെയാണിപ്പോള്.