വിഴിഞ്ഞം: പുല്ലുവിള തീരത്തെ മുള്‍മുനയില്‍ നിര്‍ത്തിയ തെരുവു നായ്ക്കളെ അകത്താക്കാന്‍ കരിങ്കുളം പഞ്ചായത്ത് ആലപ്പുഴയില്‍ നിന്ന് ആളെ ഇറക്കി. വൈകുന്നേരമെത്തിയ പ്രത്യേക പരിശീലനം നേടിയ നാലംഗ സംഘം നിമിഷങ്ങള്‍ക്കകം നിരവധി നായ്ക്കളെ പിടികൂടി. പുല്ലുവിള കേന്ദ്രീകരിച്ച് രാത്രിയിലാണ് പട്ടിപിടുത്തക്കാരുടെ സംഘം പ്രവര്‍ത്തനം ആരംഭിച്ചത്. മുക്കിലും മൂലയിലും അരിച്ചുപെറുക്കിയ സംഘം ഈപ്രദേശത്തെ ജനങ്ങളെ ഭീതിയിലാഴ്ത്തിയ നായ്ക്കളെ ഓരോന്നായി പിടികൂടി. നായ്ക്കളെ പൂര്‍ണമായും നിര്‍മാര്‍ജനം ചെയ്യുന്നതുവരെ സംഘം ഇവിടെ തുടരുമെന്ന് പഞ്ചായത്ത് അധികൃതര്‍ പറഞ്ഞു.
എങ്കിലും ആഴ്ചകളായി തുടരുന്ന തെരുവുനായ ആക്രമണം ഇന്നലെയും തുടര്‍ന്നു. രണ്ടുപേര്‍ക്ക് നായയുടെ കടിയേറ്റു. മത്സ്യബന്ധനം കഴിഞ്ഞ് നടന്നു വരികയായിരുന്ന വൃദ്ധന്റെ ജനനേന്ദ്രിയം കടിച്ച് പരിക്കേല്‍പ്പിച്ചു. ഗുരുതരമായി പരിക്കേറ്റ കരുങ്കുളം ഇരയിമന്‍ തുറ സ്വദേശി അന്തോണിയപ്പന്‍ (60) നെ മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇടതു കാലിന്റെ പുറക് വശത്തും നിതംബത്തിലും വൃഷ്ണ സഞ്ചിയിലുമാണ് പട്ടികടിച്ചത്. പ്രിവന്റീവ് ക്ലിനിക്കിലെ വിദഗ്ധ പരിശോധനയ്ക്ക് ശേഷം പ്രതിരോധ കുത്തിവയ്‌പ്പെടുക്കുകയും സര്‍ജറി വിഭാഗത്തില്‍ ആവശ്യമായ ചികിത്സ നല്‍കുകയും ചെയ്തു. നിരീക്ഷണത്തിന് ശേഷം അന്തോണിയപ്പനെ പുല്ലുവിള സാമൂഹികാരോഹ്യ കേന്ദ്രത്തിലേക്കയച്ചു. അന്തോണിയപ്പന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.
കൈക്കു പരിക്കേറ്റ കരിച്ചല്‍ പ്ലാവിള പുത്തന്‍വീട്ടില്‍ ജോസ്(30)നെ പുല്ലുവിള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ശിലുവമ്മയെ കടിച്ച് കൊന്ന ശേഷം കലിയടങ്ങാത്ത നായ്ക്കള്‍ ഇതുവരെ എട്ടോളം പേരെ ആക്രമിച്ച് ശൗര്യം തീര്‍ത്തു. ശിലുവമ്മയെ ആക്രമിച്ച് നിമിഷങ്ങള്‍ക്കകം നായയുടെ കടിയേറ്റ ഡെയ്‌സി (52)യെ ഇന്ന് വീണ്ടും ശസ്ത്രക്രിയയ്ക്ക് വിധേയമാക്കും. ചൊവ്വര വി.എസ്.ഭവനില്‍ വിഘ്‌നേഷ്(16), പുതിയതുറ ഇരയിമന്‍തുറ സ്വദേശി മറിയം(55), കൊച്ചുപള്ളി സ്വദേശി തദയൂസ്(47) എന്നിവരെയാണ് കഴിഞ്ഞ ദിവസം നായ കടിച്ചത്.
ഗുരുതരമായി പരിക്കേറ്റ മറ്റൊരാള്‍ കൂടി പുല്ലുവിള ആശുപത്രിയിലെത്തിയെങ്കിലും മാനസിക വിഭ്രാന്തി കാട്ടി പോയതിനാല്‍ ഇയാളെ കുറിച്ചുള്ള പൂര്‍ണവിവരം ലഭ്യമല്ലെന്ന് അധികൃതര്‍ പറഞ്ഞു. അതിനിടെ പട്ടികളെ പിടിച്ച് സംരക്ഷിക്കാനായി ഒരു സ്വകാര്യ വാഹനത്തില്‍ പുല്ലുവിളയിലെത്തിയ സംഘം നായ്ക്കളെ പിടകൂടി തൊട്ടടുത്ത് ഉപേക്ഷിച്ചു പോയതായി നാട്ടുകാര്‍ ആരോപിച്ചു.