മണ്ണാര്‍ക്കാട്: മണ്ണാര്‍ക്കാട് താലൂക്കിലെ പുഴകളില്‍ ജലനിരപ്പ് കുറഞ്ഞതോടെ പടിഞ്ഞാറന്‍ മേഖല ഇനി വരള്‍ച്ചയുടെ പിടിയിലേക്ക്. പ്രധാന പുഴകളായ മുറിയങ്കണ്ണിപുഴ പാടേ വറ്റിവരണ്ടതോടെ കുടിവെള്ളവിതരണത്തെയും ബാധിക്കുകയാണ്.നാട്ടുകല്‍, ചെത്തല്ലൂര്‍, പാലോട്, കരിങ്കല്ലത്താണി മേഖലയിലെ ജനങ്ങളാണ് ഇതുമൂലം ഏറെ വലയുന്നത്. പുഴയില്‍ ജലനിരപ്പ് കുറഞ്ഞതുമൂലം പ്രദേശങ്ങളിലെ കുളങ്ങളിലെയും കിണറുകളിലെയും ജലനിരപ്പ് കുറഞ്ഞു. ഏപ്രില്‍ ആദ്യവാരത്തോടെ മാത്രമാണ് പ്രദേശത്ത് സാധാരണയായി വേനല്‍ ശക്തമാകാറുള്ളൂ.
നിലവില്‍ പുഴ കേവലം കൈത്തോടായി മാറിയിരിക്കുകയാണ്.മണലൂറ്റുമൂലം മണല്‍കുഴികള്‍ രൂപപ്പെട്ടതോടെ പുഴയുടെ ഒഴുക്ക് 70 ശതമാനം നിലച്ചു. സാധാരണയായി കുടിവെള്ളത്തിന് ബുദ്ധിമുട്ട് നേരിടുന്ന പ്രദേശമാണ് തച്ചനാട്ടുകര ഗ്രാമപഞ്ചായത്തില്‍ ഉള്‍പ്പെട്ട ഈ പ്രദേശങ്ങള്‍.
വേനല്‍ക്കാലമായാല്‍ കുടിവെള്ളത്തിനായി നെട്ടോട്ടമോടുന്ന കാഴ്ച പ്രദേശത്തു പതിവാണ്. തൂതപുഴയുടെ കൈവഴിയാണ് മുറിയങ്കണ്ണി പുഴ. ഇതില്‍ ജലനിരപ്പ് കുറയുന്നതോടെ തൂതപുഴയുടെയും ഭാരതപുഴയുടെയും ഒഴുക്കിനെയും ബാധിക്കും. മുറിയങ്കണ്ണി പുഴയ്ക്കു പുറമേ കുന്തിപ്പുഴ, നെല്ലിപ്പുഴ, വെള്ളയാര്‍ പുഴ എന്നിവയിലും ജലനിരപ്പ് പാടേ കുറഞ്ഞിരിക്കുകയാണ്. പുഴകളില്‍ തടയണകള്‍ ഉണ്ടെങ്കിലും അവയൊന്നും കാര്യമായി ഉപയോഗിക്കാനാകുന്നില്ല.